മുപ്പത്തഞ്ചു വര്‍ഷമായി സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ്. ഡയലോഗ് എന്നത് ചിന്തയില്‍ പോലും വന്നിട്ടില്ലായിരുന്നു ചെറുകുട്ടിയ്ക്ക്. എന്നാല്‍ അഭിനയമോഹത്തെ ഭാഗ്യം കടാക്ഷിച്ചത് സുരാജ് വെഞ്ഞാറമ്മൂട് നായകനായ കുട്ടന് പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലൂടെയെന്ന് ചെറുകുട്ടി പറയുന്നു. ആള്‍ക്കൂട്ടത്തില്‍ ആരും ശ്രദ്ധിക്കാത്ത വേഷങ്ങളായിരുന്നു ചെറുകുട്ടി വര്‍ഷങ്ങളോളം ചെയ്തത്. എന്നാല്‍ ഈ സുരാജ് ചിത്രം വാര്‍ധക്യകാലത്ത് ചെറുകുട്ടിയുടെ ജീവിതം മാറ്റിമറിച്ചു.
പാലക്കാട് മങ്കരയില്‍ സിനിമയുടെ ചിത്രീകരണം നടക്കുന്നിടത്ത് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ചെറുകുട്ടി എത്തി. മരണ വീട്ടിലെ സീനാണ് എടുക്കുന്നത്. നാട്ടുമ്പുറത്തെ സംസാര രീതി സീനില്‍ ഉള്‍പ്പെടുത്താമെന്ന സംവിധായകന് ജീന്‍ മര്‍ക്കോസിന്റെ ആശയമാണ് ചെറുകുട്ടിയ്ക്ക് നറുക്കായത്. അസോസിയേറ്റായ പ്രതീഷ് സെറ്റിലെ നൂറുമുഖങ്ങള്ക്കിടയില് നിന്നും ചെറുകുട്ടിയെ തിരഞ്ഞെടുത്തു. ഡയലോഗ് പറയിച്ചു. ആദ്യ ടെയ്ക്കില്‍ തന്നെ ഡബിള്‍ ഓകെ. ഒരു സീന്‍ എന്ന് നിശ്ചയിച്ചിരുന്നത് നാലായി.
ചെറുപ്പം മുതല്‍ അഭിനയത്തോട് താല്പര്യമുള്ളയാളാണ് ചെറുകുട്ടി. പരമ്പരാഗതമായ കലകളിലും പ്രാവീണ്യമുണ്ട് ഇദ്ദേഹത്തിന്. പാലക്കാട് കൊല്ലങ്കോട് നെന്മേനിയിലാണ് താമസം. ഭാര്യയും അഞ്ചു മക്കളുമടങ്ങുന്നതാണ് ചെറുകുട്ടിയുടെ കുടുംബം. കൂലിപ്പണി ചെയ്ത് കുടുംബം നോക്കുമ്പോഴും കലയയെ ചെറുകുട്ടി നെഞ്ചോട് ചേര്‍ത്ത് പിടിയ്ക്കുന്നു.
Post Your Comments