CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

സംവിധായകനും ഭാര്യയ്ക്കും നേരെ വധ ഭീഷണി

വീട്ടുജോലിക്കാരില്‍ നിന്നും സംവിധായകനും ഭാര്യയ്ക്കും നേരെ വധ ഭീഷണി. നടനും സംവിധായകനുമായ അജി ജോണിന്റെ ഭാര്യ ദീപ അജിയാണ് തങ്ങളുടെ കുടുംബത്തിനു ഫ്ലാറ്റില്‍ ജോലിക്ക് വരുന്ന തമിഴ് സ്വദേശികളിൽ നിന്നും ഭീഷണിയുണ്ടെന്നു വെളിപ്പെടുത്തിയത്. ഇതുസംബന്ധിച്ച് ഫ്ലാറ്റിലെ അസോസിയേഷനിൽ പരാതി നൽകിയെങ്കിലും അവർ യാതൊരു നടപടിയും എടുത്തില്ലെന്ന് ദീപ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.

ദീപ അജിയുടെ കുറിപ്പ്

ഓരോ അനുഭവങ്ങളും ഓരോ പാഠങ്ങളാണ്.

ഫ്ലാറ്റ് ജീവിതം സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതത്വം നൽകുമെന്ന ധാരണയിലാണ് ഞാനും ഫ്ലാറ്റ് സംസ്ക്കാരത്തിന് അടിമപ്പെട്ടത്. നാൽപതിലധികം കുടുംബങ്ങളുണ്ടാവാം ഏതൊരു ഫ്ലാറ്റിലും, സെക്യൂരിറ്റി സിസ്റ്റം, മുഴുവൻ സമയ നിരീക്ഷണ ക്യാമറകൾ തുടങ്ങി ആധുനിക സംരക്ഷണ ഉപകരണങ്ങൾ കൂടാതെ, ഫ്ലാറ്റുകളിൽ താമസിക്കുന്നവരുടെ സമാധാന ജീവിതത്തിനും, സംരക്ഷണത്തിനായി അസോസിയേഷനും ഉണ്ടാകും. താമസക്കാരന്റെ ന്യായമായ ഏതൊരാവശ്യവും അസോസിയേഷൻ ചർച്ച ചെയ്തു പരിഹരിക്കും. ആയതിനാൽ ഫ്ലാറ്റ് വാസികൾ ഫ്ലാറ്റിനുള്ളിലെ പ്രശ്നങ്ങളുമായി പൊലീസിനെയോ കോടതിയയെയോ സമീപിക്കേണ്ടി വരില്ല. ഇതൊക്കെ മറ്റേതൊരാളേയും പോലെ ഞാനും വിശ്വസിച്ചിരുന്നു.

പക്ഷേ എനിക്കുണ്ടായ ഒരു ദുരനുഭവം ഞാൻ ഇവിടെ എഴുതുകയാണ്. ഫ്ലാറ്റിൽ വന്നു അലക്കിയ തുണികൾ ശേഖരിച്ചു ഇസ്തിരിയിട്ടു കൊണ്ടു വരുന്ന ഒരു തമിഴ് സ്ത്രീ ഉണ്ട്. സമീപവാസിയാണെന്നും, ഉപജീവനം ഈ തൊഴിലാണെന്നും പറഞ്ഞു അവരും കുടുംബവും (ഭർത്താവ്,മകൻ,മകൾ) എന്നിവർ ഫ്ലാറ്റിൽ തുണികൾ കലക്ട് ചെയ്യാൻ വരുന്നുണ്ടായിരുന്നു.

അടുത്ത ദിവസങ്ങളിൽ ഇസ്തിരിയിടാൻ കൊടുക്കുന്ന തുണികളിൽ ചിലതു നഷ്ടപ്പെടുകയും ചോദിച്ചാൽ നമ്മുടേതല്ലാത്ത തുണികൾ മടക്കി നൽകുകയും ചെയ്യുന്നത് പതിവായി..ആദ്യമൊക്കെ അബദ്ധം പറ്റിയതാവാമെന്നോർത്തു ഞാൻ നിസ്സാരമായി കണ്ടു. നമ്മൾ ഗൗരവമായി പ്രശ്നത്തെ സമീപിക്കുന്നില്ലെന്നു മനസ്സിലായപ്പോൾ വിലകൂടിയ തുണികൾ കട്ടെടുക്കാൻ തുടങ്ങി..

അതിനെ ചോദ്യം ചെയ്തപ്പോൾ എന്നോട് മോശം ഭാഷയിൽ കയർക്കുകയും.. ഭീഷണിപ്പെടുത്തുകയും അജിയോട് നിന്റെ ഭാര്യയെയും മക്കളെയും നീ സൂക്ഷിച്ചോ പുറത്തിറങ്ങുമ്പോൾ കാണിച്ചു തരാം എന്നൊരു ഭീഷണിയുമായി അത്യാവശ്യം നല്ലൊരു ഷോയ്ക്കു ശേഷം അവർ പോയി..

അതിനുശേഷം എന്റെ ഫോണിൽ വിളിച്ചു എന്നെയും മക്കളെയും അപായപ്പെടുത്തും എന്ന രീതിയിൽ ഭീഷണികളും. അസോസിയേഷനിൽ പരാതി നൽകി, അവർക്കു പ്രതികരണവുമില്ല. ഒടുവിൽ കെയർ ടേക്കറോട് അജി അന്വേഷിച്ചപ്പോൾ അസോസിയേഷൻ ആ സ്ത്രീയെ സപ്പോർട്ട് ചെയ്യുന്നതായും അറിയാൻ കഴിഞ്ഞു..

പാവപ്പെട്ട തമിഴ് സ്ത്രീ എന്ന ചിന്ത എന്റെ മനസ്സിൽ അപ്പോഴുമുണ്ട്..പക്ഷേ അവരുടെ ഭീഷണി അതല്പം ഉറച്ചതായിരുന്നു..എന്നതുകൊണ്ടും ഗോവിന്ദച്ചാമിയും പാവപ്പെട്ട യാചകനായിരുന്നു എന്നത്‌ ഓർമ്മയിൽ ഉള്ളതു കൊണ്ടും പൊലീസിൽ പരാതിപെടാൻ തീരുമാനിച്ചു..

പരാതിപ്പെടലിനു ശേഷം..അറിഞ്ഞ കാര്യങ്ങൾ കുറച്ചു വിഷമിപ്പിക്കുന്നത് തന്നെയായിരുന്നു..അവരുടെ പേര് മുതൽ മകൾ എന്ന് പറഞ്ഞ പെൺകുട്ടി മകളല്ല, കൂടെയുള്ള കൊച്ചു കുഞ്ഞുങ്ങൾ , ക്രിമിനൽ പശ്ചാത്തലം എല്ലാം ദുരൂഹമായിരുന്നു.. കേസന്വേഷണത്തിലിരിക്കുന്നതിനാൽ അതേ കുറിച്ചധികം വെളിപ്പെടുത്തലുകൾ പിന്നീടാവാം.

നാളെ എനിക്കോ കുടുംബത്തിനോ ഉണ്ടായേക്കാവുന്ന വലിയൊരാപകടത്തിന്റെ ആഴം വളരെ വലുതാണെന്ന തിരിച്ചറിവ് ഒരു ക്രിമിനലിനു പിന്തുണ പ്രഖ്യാപിച്ച അസോസിയേഷനോടുള്ള ബഹുമാനം വർധിപ്പിക്കുന്നു.

മിശ്രവിവാഹിതനും,സിനിമാപ്രവർത്തകനുമായതിനാൽ അയാളുടെ കുടുംബത്തെ ഒറ്റപ്പെടുത്തണം എന്ന അസോസിയേഷന്റെ ചിന്ത ഞങ്ങളുടെ യുക്തിക്ക് നിരക്കുന്നതല്ല..നിങ്ങൾ ഒറ്റപ്പെടുത്താൻ ഉപയോഗിച്ച കാരണങ്ങൾ രണ്ടും ഞങ്ങളുടെ ഐഡന്റിറ്റിയും ,അഭിമാനവുമാണ്.

ഒരാൾ കൊല്ലാൻ തുനിഞ്ഞിറങ്ങിയാൽ മരിക്കാതെ നിവർത്തിയില്ല..പക്ഷേ ഞങ്ങൾ ഒരിക്കലേ മരിക്കൂ എന്ന് പ്രതിജ്ഞ എടുത്തവരാണ്..ദിനവും മരിച്ചു ജീവിക്കുന്നവരല്ല..

ഈ കുറിപ്പിവിടെ കുറിച്ചത് ഫ്ലാറ്റ് ജീവിതത്തിന്റെ സുരക്ഷിതത്ത്വെത്തെകുറിച്ചു ഞാൻ പലരോടും വാചാലയായിട്ടുണ്ട്.. ആ ധാരണകൾ തെറ്റാണ്. നമ്മുടെ ജീവനും സ്വത്തും പലരുടെയും സ്വാർത്ഥതാല്പര്യങ്ങൾ സംരക്ഷിക്കപ്പെടാൻ ബലി കൊടുക്കപ്പെടും. ഫ്ലാറ്റ് സംസ്‌ക്കാരത്തിൽ ജീവിക്കുന്ന ചിലർക്കെങ്കിലും ഇതിലധികം അനുഭവങ്ങളുണ്ടാവും..നല്ലതും ചീത്തയും.

പൊളിച്ചെഴുത്തുവേണ്ട എല്ലാ നിയമങ്ങളും പൊളിച്ചെഴുതുവരെ ഞങ്ങൾ പൊരുതും.. ഞങ്ങൾ പറയുന്ന വാക്കുകൾ പാലിക്കുന്നവരാണ് അതുകൊണ്ടാണ് മിശ്ര വിവാഹിതർ എന്ന് നിങ്ങൾക്ക് ഞങ്ങളെ വിളിക്കേണ്ടി വന്നത്.

ദീപ അജിജോൺ

shortlink

Related Articles

Post Your Comments


Back to top button