Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralLatest NewsMollywoodNEWSWOODs

അദ്ദേഹമാണെന്റെ ആരാധനാപാത്രം; വ്യാജ ആരോപണങ്ങള്‍ പ്രചരിപ്പിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി ഉണ്ണിമേനോന്‍

നാഷണല്‍ അവാര്‍ഡ് വിവാദത്തിന്റെ അലയൊലികള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. കഴിഞ്ഞ കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. 1984ല്‍ ഗായകന്‍ ഉണ്ണി മേനോന്‍ പാടിയ പാട്ടിന് യേശുദാസ് മികച്ച ഗായകനുള്ള ദേശീയ പുരസ്‌ക്കാരം വാങ്ങിച്ചുവെന്നുള്ള തരത്തിലുള്ള ആരോപണങ്ങളാണ് ഇപ്പോള്‍ ചര്‍ച്ച. പ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി വന്നിരിക്കുകയാണ് ഉണ്ണിമേനോന്‍. ഈ ആരോപണങ്ങള്‍ പൂര്‍ണമായും തെറ്റാണെന്നും താന്‍ ആ വര്‍ഷം പാടിയ പാട്ട് പുരസ്‌ക്കാരത്തിനായി പരിഗണിച്ചിട്ട് പോലുമില്ലെന്നും ഉണ്ണി മേനോന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഉണ്ണി മേനോന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

സുഹൃത്തുക്കളെ അഭ്യുദയകാംക്ഷികളെ

ഞാന്‍ സാമൂഹിക മാധ്യമങ്ങളില്‍ കാണുന്ന എന്തിനും ഏതിനും പ്രതികരിക്കുന്ന വ്യക്തിയല്ല. കാരണം സാറ്റലൈറ്റ് ചാനലുകളും എഫ്.എം റേഡിയോകളും മാധ്യങ്ങളുമെല്ലാം പൊതുസമൂഹത്തിന് പോസിറ്റീവ് ആയുള്ള ആശയങ്ങള്‍ മാത്രം പ്രചരിപ്പിക്കുന്നതാകണമെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. കഴിഞ്ഞ ഒരാഴ്ചയായി ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. 1984 ലെ അവാര്‍ഡിനെ സംബന്ധിച്ചുള്ള ഒന്ന്. അക്ഷരങ്ങള്‍ എന്ന ചിത്രത്തിലെ ‘തൊഴുതു മടങ്ങും’ എന്ന ഗാനത്തിനുള്ള അവാര്‍ഡിനെ ചൊല്ലിയാണ് അത്. കൂടാതെ ഇതിന്റെ പേരില്‍ നമ്മുടെ ഏറ്റവും പ്രിയപ്പെട്ട, ബഹുമാന്യനായ ദാസേട്ടനെ ആ അവാര്‍ഡ് വാങ്ങിയതിന്റെ പേരില്‍ പഴി ചാരുന്നതായും കണ്ടു. എനിക്കറിയാവുന്നിടത്തോളം ആ പാട്ടിന് പുരസ്‌ക്കാര പരിഗണന പോലും ഉണ്ടായിട്ടിട്ടില്ല. അതിനെക്കുറിച്ച്‌ എനിക്ക് യാതൊരു അറിവുമില്ല.

‘സ്വന്തം ശാരിക’ എന്ന ചിത്രത്തിലെ ‘ഈ മാതൃഭൂവില്‍’ എന്ന് തുടങ്ങുന്ന ദാസേട്ടന്റെ ഗാനത്തിനാണ് 1984 ലെ മികച്ച ഗാനത്തിനുള്ള അവാര്‍ഡ് ലഭിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം വാസ്തവവിരുദ്ധമായ കാര്യങ്ങളുമായാണ് ആരോ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ സന്ദേശം പ്രചരിപ്പിക്കരുതെന്ന് നിങ്ങളോരുത്തരോടും അപേക്ഷിക്കാനായി ഞാനീ സന്ദര്‍ഭം വിനിയോഗിക്കുകയാണ്. ഇത്രയധികം പ്രശസ്തനായ ഒരു വ്യക്തി അദ്ദേഹത്തിന് അറിയുക പോലുമില്ലാത്ത കാര്യത്തിന് തെറ്റായ പ്രചാരണങ്ങളുടെ പേരില്‍ കുറ്റാരോപിതനാകരുത്. ചെറുപ്പം മുതലേ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ കേട്ടാണ് ഞാന്‍ വളര്‍ന്നത്. അദ്ദേഹത്തിന്റെ സംഗീതത്തില്‍ നിന്ന് മാത്രം ഞാന്‍ പഠിച്ചെടുത്ത കുറേ കാര്യങ്ങളുണ്ട്. അദ്ദേഹമാണെന്റെ ആരാധനാപാത്രം.

എന്റെ ജീവിതത്തിലെ ഓരോ നിര്‍ണായകഘട്ടത്തിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. 1986ല്‍ എന്റെ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തത് യേശുദാസായിരുന്നു. എന്റെ 33 വര്‍ഷത്തെ പാട്ട് ജീവിതത്തിന് ആദരവായി സ്വരലയ സംഘടിപ്പിച്ച പരിപാടിയിലും അദ്ദേഹമുണ്ടായിരുന്നു. ഞാന്‍ എപ്പോള്‍ വിളിച്ചാലും വരുന്ന, വളരെ സ്‌നേഹത്തോടെ പെരുമാറുന്ന വ്യക്തിയാണദ്ദേഹം. ഞാന്‍ വര്‍ഷങ്ങളായി അദ്ദേഹവുമായി നല്ല ബന്ധം കാത്ത് സൂക്ഷിക്കുന്നയാളാണ് . എനിക്ക് ദാസേട്ടനോട് ഒരുപാട് ബഹുമാനവും ആദരവുമുണ്ട്.

കേരളത്തില്‍ നിന്നുമുള്ള ഇത്തരത്തിലൊരു സെലിബ്രിറ്റി ഇനിയും ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു. നല്ല കാര്യങ്ങളെ പിന്തുണയ്ക്കാനും അവ പ്രചരിപ്പിക്കാനുമാണ് സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കേണ്ടത്. അല്ലാതെ യഥാര്‍ത്ഥ വസ്തുതകള്‍ അറിയാതെ സെലിബ്രിറ്റികളെ കുറ്റപ്പെടുത്താനോ അധിക്ഷേപിക്കാനോ അല്ല.

ഈ വിഷയത്തില്‍ അദ്ദേഹം തീര്‍ത്തും നിരപരാധിയാണെന്ന് അറിയുന്നതിനാല്‍ തന്നെ ഇത് തീര്‍ത്തും വേദനാജനകമാണ്. എന്റെ അഭ്യുദയകാംക്ഷികളോടും ഈ പോസ്റ്റ് കാണുന്നവരോടും നമ്മുടെ എല്ലാമായ ബഹുമാന്യനായ ദാസേട്ടനെതിരെ ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് മാറിനില്‍കണമെന്ന് അപേക്ഷിക്കുകയാണ്. ഇത്രയും നിസാരമായ അപവാദങ്ങള്‍ക്കും എത്രയോ മുകളിലാണദ്ദേഹം.
ഉണ്ണി മേനോന്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button