വിജയ് നായകനായ മെര്‍സല്‍ കേന്ദ്ര ഭരണത്തെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ ബിജെപി നടത്തിയ പ്രതിഷേധം നമ്മള്‍ കണ്ടതാണ്. വിജയ്ക്ക് പിന്നാലെ വിവാദത്തിലായിരിക്കുകയാണ് നടന്‍ വിശാല്‍. സാമന്ത അക്കിനേനി, അര്‍ജുന്‍ എന്നിവര്‍ വിശാലിനൊപ്പം പ്രധാന വേഷങ്ങളിലെത്തുന്ന ഇരുമ്പു തിരൈ എന്ന ചിത്രത്തിനെതിരെ ബി.ജെ.പി രംഗത്ത് .
പി.എസ്. മിത്രന്‍ ഒരുക്കുന്ന ഈ ചിത്രത്തില്‍ ഡിജിറ്റല്‍ ഇന്ത്യ, ആധാര്‍ കാര്‍ഡ്, നോട്ട് നിരോധനം തുടങ്ങിയവയെ വിമര്‍ശിക്കുന്ന രംഗങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെ തുടര്‍ന്നാണ് ബിജെപി വിമര്‍ശനം. വിജയ് മല്യ, നീരവ് മോഡി എന്നിവരെക്കുറിച്ചുള്ള പരാമര്‍ശങ്ങളും തമിഴ്‌നാട്ടിലെ ബി.ജെ.പി നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഇരുമ്പു തിരൈ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ പോലീസ് കാവലും ഒരുക്കിയിട്ടുണ്ട്.
സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടരാജന്‍ എന്ന ഒരാള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇയാളുടെ ഹര്‍ജി കോടതി തള്ളി. സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനത്തിന് അനുമതി നല്‍കിയിട്ടാണ് ഇരുമ്പു തിരൈ പ്രദര്‍ശനത്തിന് എത്തിയതെന്നും പരാതിയില്‍ കഴമ്പില്ലെന്നും കോടതി വിലയിരുത്തി.
Post Your Comments