ദേശീയ അവാര്‍ഡ് ദാന ചടങ്ങില്‍ പ്രതിഷേധിച്ച് പങ്കെടുക്കാതിരുന്ന താരങ്ങളുടെ നടപടിയെ വിമര്‍ശിച്ച് നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്. മലയാള ചലച്ചിത്ര രംഗത്ത് നിന്നും സംവിധായകന് ജയരാജും ഗായകന് യേശുദാസും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. അവാര്‍ഡ് സ്വീകരിക്കാന്‍ ഡല്‍ഹിയിലേക്ക് തിരിച്ച ഫഹദ് ഫാസില്‍ നടി പാര്‍വതി അടക്കമുള്ളവര്‍ അവാര്‍ഡ് സ്വീകരിക്കാതെ തിരികെ പോരുകയായിരുന്നു.
അവാര്‍ഡ് വിവാദത്തെ കുറിച്ച് അഡ്വക്കേറ്റ് ശങ്കു ടി ദാസിന്റെ പ്രതികരണമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഈ അവാര്‍ഡ് എന്ന സമ്പ്രദായം തന്നെ വിവേചനപരം ആണെന്നും, തുല്യതയുടെ അവകാശത്തെ ഹനിക്കുന്നതാണെന്നും, ആയതിനാല്‍ നിര്ത്തലാക്കപ്പെടേണ്ടതാണെന്നും പ്രബലമായൊരു വാദമുണ്ട്.
ഒരു മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകളില്‍ ചിലരെ മാത്രം രാഷ്ട്രം മികച്ചവര്‍ എന്ന് അംഗീകരിച്ച് ആദരിക്കുന്നത് അതിലെ മറ്റുള്ളവരോട് ചെയ്യുന്ന അനീതിയാണെന്നതാണ് ആ വാദത്തിന്റെ അടിത്തറയെന്നും ശങ്കു ടി ദാസ് പറയുന്നു.
സ്വയം ‘താരങ്ങള്‍’ ആയി വിണ്ണില്‍ വിരാജിക്കുന്നവരെ സൂപ്പര്‍ താരങ്ങളും മെഗാ താരങ്ങളുമാക്കി കൂടുതല്‍ പ്രകാശ വര്ഷങ്ങള്ക്കപ്പുത്തേക്ക് സഞ്ചരിപ്പിക്കുന്ന വിക്ഷേപണ പേടകങ്ങള്‍ ആയി അവാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്ന പ്രതിഭാസത്തിന് മാറ്റമൊന്നുമില്ല. അവാര്‍ഡിന് വേണ്ടിയുള്ള കടിപിടിയും ലോബിയിങ്ങും ആ വാദത്തെ ശരി വെയ്ക്കുന്നു. അവാര്‍ഡ് കിട്ടാത്തവരുടെ നിരാശയും രോഷ പ്രകടനങ്ങളും അതിന് സാക്ഷ്യം പറയുന്നു. -ശങ്കു ടി ദാസ് പറഞ്ഞു.
പുരസ്കാര വിതരണം ബഹിഷ്കരിച്ചവര്ക്കെതിരെ ആദ്യം രംഗത്തെത്തിയത് സംവിധായകന് ജയരാജ് തന്നെയാണ്. പുരസ്കാര വിതരണ ചടങ്ങ് ഒരു വിഭാഗം ബഹിഷ്കരിച്ചത് തെറ്റായിപ്പോയെന്നും ബഹിഷ്കരിച്ചവര്‍ അക്കൗണ്ടില്‍ പണം തിരികെ നല്‍കണമെന്നും ജയരാജ് പറഞ്ഞിരുന്നു.
ശങ്കു ടി ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
ഈ അവാര്‍ഡ് എന്ന സമ്പ്രദായം തന്നെ വിവേചനപരം ആണെന്നും, തുല്യതയുടെ അവകാശത്തെ ഹനിക്കുന്നതാണെന്നും, ആയതിനാല്‍ നിര്ത്തലാക്കപ്പെടേണ്ടതാണെന്നും പ്രബലമായൊരു വാദമുണ്ട്. ഒരു മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകളില്‍ ചിലരെ മാത്രം രാഷ്ട്രം മികച്ചവര്‍ എന്ന് അംഗീകരിച്ച് ആദരിക്കുന്നത് അതിലെ മറ്റുള്ളവരോട് ചെയ്യുന്ന അനീതിയാണെന്നതാണ് ആ വാദത്തിന്റെ അടിത്തറ.
ഓര്‍മ്മയില്ലേ പഴയ കാലം?? അന്ന് മോഹന്‍ലാലിനേയും മമ്മുട്ടിയേയും ഒക്കെ നമ്മള് ‘ഭരത്’ ചേര്‍ത്താണ് വിശേഷിപ്പിച്ചിരുന്നത്. ശോഭന അന്നൊക്കെ ‘ഉര്‍വശി’ ശോഭനയായിരുന്നു. ദേശീയ അവാര്‍ഡ് നേടിയതിലൂടെ കൈ വന്ന സവിശേഷ ‘പദവികള്‍’ ആയിരുന്നു അതൊക്കെയും. 1975ല്‍ ‘രജത് കമല്‍ അവാര്‍ഡ്’ എന്ന് പൊതുവായി പെരുമാറ്റുന്നത് വരെ, 1968ല്‍ ആരംഭിച്ചത് മുതല്‍, മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിന് ‘ഭരത് അവാര്‍ഡ്’ എന്നും മികച്ച നടിക്കുള്ള ദേശീയ പുരസ്കാരത്തിന് ‘ഉര്‍വശി അവാര്‍ഡ്’ എന്നുമായിരുന്നല്ലോ പേരുകള്‍.
പുരസ്കാരത്തിന്റെ പേരൊക്കെ പണ്ടേ മാറിയിട്ടും പുരസ്കൃതര്‍ ആ സ്ഥാനപ്പേരുകള്‍ കയ്യൊഴിയാന്‍ തയ്യാറായില്ല. എന്നാല്‍ അത്തരം ‘പദവികള്‍’ പേരിനൊപ്പം ചേര്‍ക്കുന്നത് ഭരണഘടന ഉറപ്പ് തന്നിരിക്കുന്ന തുല്യതയുടേയും വിവേചന വിരുദ്ധതയുടേയും അവകാശങ്ങളെ ഹനിക്കല്‍ ആണെന്ന് കണ്ട് പിന്നീട് അവയുടെ ഉപയോഗത്തിനെതിരെ കര്‍ക്കശമായ ചട്ടങ്ങള്‍ നിലവില്‍ വന്നു. ഇന്ത്യന്‍ ഭരണഘടനയിലെ മൗലിക അവകാശങ്ങളെ സംബന്ധിച്ചുള്ള ഭാഗമായ പാര്‍ട്ട് മൂന്നില്‍ ഉള്‍പ്പെടുന്ന ആര്‍ട്ടിക്കിള്‍ 18 പ്രകാരം മിലിട്ടറി പദവിയോ അക്കാദമിക്ക് ഡിസ്റ്റിങ്ഷനോ അല്ലാത്തതായ എല്ലാ തരം ടൈറ്റിലുകളുടെ ഉപയോഗവും രാജ്യത്ത് നിരോധിച്ചിട്ടുണ്ട് എന്നതായിരുന്നു അതിന്റെ കാരണം. ഇപ്പോള്‍ ദേശീയ പുരസ്ക്കാര ജേതാക്കള്‍ ഒന്നും പേരിനൊപ്പം ഭരത് എന്നോ ഉര്‍വശി എന്നോ ചേര്‍ക്കാറില്ല. അവാര്‍ഡ് നേട്ടത്തിലൂടെ കൈവരുന്ന പ്രത്യേക സ്ഥാനത്തിന്റെ പ്രശ്നത്തെ മനസിലാക്കി അതിന് പരിഹാര നടപടി സ്വീകരിക്കാന്‍ രാജ്യം തന്നെ നിര്ബന്ധിതമായിട്ടുള്ളൊരു സാഹചര്യത്തെ പറ്റിയാണ് പറഞ്ഞത്.
എന്നാല്‍ അതിന് ശേഷവും പുരസ്കാരങ്ങള്‍ നല്കുന്ന ‘ഉപരിഭാവ’ത്തിന്റെ വിഷയം അതു പോലെ തന്നെ നിലനില്‍ക്കുന്നുണ്ട് എന്നതാണ് യാഥാര്‍ഥ്യം. അല്ലെങ്കിലേ സ്വയം ‘താരങ്ങള്‍’ ആയി വിണ്ണില്‍ വിരാജിക്കുന്നവരെ സൂപ്പര്‍ താരങ്ങളും മെഗാ താരങ്ങളുമാക്കി കൂടുതല്‍ പ്രകാശ വര്ഷങ്ങള്ക്കപ്പുത്തേക്ക് സഞ്ചരിപ്പിക്കുന്ന വിക്ഷേപണ പേടകങ്ങള്‍ ആയി അവാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്ന പ്രതിഭാസത്തിന് മാറ്റമൊന്നുമില്ല. അവാര്‍ഡിന് വേണ്ടിയുള്ള കടിപിടിയും ലോബിയിങ്ങും ആ വാദത്തെ ശരി വെയ്ക്കുന്നു. അവാര്‍ഡ് കിട്ടാത്തവരുടെ നിരാശയും രോഷ പ്രകടനങ്ങളും അതിന് സാക്ഷ്യം പറയുന്നു.
പക്ഷെ കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെന്നിരിക്കിലും അവാര്‍ഡ് വിതരണം എന്ന സമ്പ്രദായത്തെ അനുകൂലിക്കുന്ന, അത് ആവശ്യമാണെന്ന് ശക്തിയുക്തം വാദിക്കുന്ന, പുരസ്ക്കാര നേട്ടത്തിന്റെ ുണഫലങ്ങളെ അക്കമിട്ടു നിരത്തി അതിന്റെ പ്രസക്തിയെ സമര്‍ത്ഥിക്കുന്ന ഒരു മറുവീക്ഷണവും ഇവിടെയുണ്ട്.
പുരസ്കാരം എന്നത് ഇന്നത്തെ പ്രതിഭകള്‍ക്കുള്ള ആദരം എന്നതിലുപരി, നാളെ പ്രതിഭകള്‍ ആവേണ്ടവര്ക്കുള്ള പ്രചോദനം കൂടിയാണ് എന്നതാണാ വീക്ഷണത്തിന്റെ കാതല്‍. നന്നായി പ്രവര്‍ത്തിക്കുന്ന ചിലരെ പ്രോത്സാഹിക്കുന്നതിനൊപ്പം കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുക കൂടിയാണ് ഓരോ അവാര്‍ഡും ചെയ്യുന്നത്. ആ യുക്തിയെ രാഷ്ട്രം അംഗീകരിച്ചത് കൊണ്ട് തന്നെയാണ് ഭരതും ഉര്‍വശിയും ഒക്കെ രജത കമലമെന്ന മറുപേരില്‍ ഇന്നും ഇവിടെ തുടര്‍ന്നു പോരുന്നത്.
അങ്ങനെ ചിന്തിക്കുമ്പോള്‍, അവാര്‍ഡ് എന്ന സമ്പ്രദായം നിലനിര്‍ത്തി കൊണ്ടുപോവുന്നതിന്റെ ഉദ്ദേശത്തെ തന്നെ കൂടുതല്‍ വികസിപ്പിക്കുകയും, ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് ഇന്ന് വാര്‍ത്തയായ സംഭവങ്ങള്‍ എന്ന് തോന്നുകയാണ്. രാഷ്ട്രപതിയുടെ കയ്യില്‍ നിന്നും പുരസ്ക്കാരം ഏറ്റു വാങ്ങണമെങ്കില്‍ മികച്ചവര്‍ ആയാല്‍ മാത്രം പോരാ, മികച്ചവര്ക്കിടയിലെ മികച്ചവര്‍ കൂടിയാവേണ്ടതുണ്ട് എന്നതാണല്ലോ, ഏറ്റവും പ്രധാനമായ 11 അവാര്‍ഡുകള്‍ മാത്രമാവും പ്രസിഡന്റ് വിതരണം ചെയ്യുക എന്നതിലൂടെ സംഭവിച്ചിരിക്കുന്ന മാറ്റം.
നന്നായി പ്രവര്‍ത്തിക്കുന്നവരില്‍ അതില്‍ കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാനുള്ള വാശി നിറയ്ക്കുന്ന, ആദ്യ 11 കാറ്റഗറിയില്‍ തന്നെ ഉള്‍പ്പെടാനുള്ള ചോദനയെ ഉണര്‍ത്തുന്ന, മികച്ച സഹനടന്‍ മികച്ച നടനായി മാറാനും പ്രത്യേക ജൂറി പരാമര്‍ശം നേടിയയാള്‍ക്ക് മികച്ച നടി തന്നെയായി ഉയരാനുമുള്ള പ്രേരണ നല്കുകയാവും ഫലത്തില്‍ ആ പരിഷ്കാരം ചെയ്യുക. അത് തന്നെയാണല്ലോ അവാര്‍ഡ് എന്നതിന്റെ അടിസ്ഥാന യുക്തിയും
ഇവരൊന്നും ഇങ്ങനെ മികച്ച സഹനടന്മാരായി മാത്രം ഒതുക്കപ്പെട്ടും, മികച്ച നടിയാക്കാന്‍ സാധിക്കാത്തതിനാല്‍ ജൂറി പരാമര്‍ശം കൊണ്ട് സാന്ത്വനിക്കപ്പെട്ടും അടങ്ങേണ്ടവരല്ല.
അവാര്‍ഡേ കിട്ടാത്തവരില്‍ അവാര്‍ഡ് വാങ്ങിച്ചെടുക്കാനുള്ള ആവേശം സൃഷ്ടിക്കുന്നത് പോലെ തന്നെ, അവാര്‍ഡ് കിട്ടിയവരില്‍ കൂടുതല്‍ വലിയ അവാര്‍ഡ് വാങ്ങിച്ചെടുക്കാനുള്ള ആവേശം സൃഷ്ടിക്കുന്നതും, സംഗതിയുടെ മൊത്തത്തിലുള്ള തിരക്കഥയോട് ചേര്‍ന്ന് പോവുന്നൊരു ട്വിസ്റ്റാണ്.
അതല്ലാതെ, ഒരു മണിക്കൂറില്‍ കൂടുതല്‍ പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ല എന്നത് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പുതിയ രാഷ്ട്രപതി സ്ഥാനമേറ്റെടുത്തത് മുതല്‍ നിലവിലുള്ള പ്രോട്ടോക്കോള്‍ ആണെന്ന് പറഞ്ഞാലൊന്നും അവര്‍ക്ക് മനസിലാവില്ല. ഈ പ്രോട്ടോക്കോളിന്റെ പ്രശ്നം കൊണ്ട് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതികള്‍ ആയ പദ്മാ പുരസ്ക്കാരങ്ങള്‍ പോലും മൂന്ന് ഘട്ടങ്ങളില്‍ ആയാണ് വിതരണം ചെയ്യപ്പെട്ടത് എന്നതൊന്നും അവരറിയുന്ന കാര്യവുമല്ല. ദേശീയ പുരസ്കാരത്തിന്റെ ആകെ സന്തോഷം ആദ്യം പത്രങ്ങളിലും പിന്നെ വീടിന്റെ ചുവരിലും പ്രത്യക്ഷപ്പെടുന്ന പ്രസിഡന്റിന്റെ കയ്യില്‍ നിന്നും ഫലകമേറ്റുവാങ്ങുന്ന ചിത്രം മാത്രമാണവര്‍ക്ക്. അതില്ലെന്ന് പറഞ്ഞാല്‍ എങ്ങനെയാണ് സഹിക്കുക??
വലിയ രാഷ്ട്രീയ നിലപാടൊന്നുമല്ല, കേവലമായ മാനുഷിക വൈകാരികതയാണ്. മികച്ച പഞ്ചായത്തുകള്‍ക്കുള്ള പുരസ്കാരം കൊടുക്കാന്‍ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിട്ട്, അവിടെ ചെന്നപ്പോള്‍ നറുക്കിട്ടെടുക്കുന്ന ചിലര്‍ക്ക് മാത്രം മുഖ്യമന്ത്രി അവാര്‍ഡ് നല്‍കും, ബാക്കിയുള്ളര്‍ക്ക് അതാത് പഞ്ചായത്തുകളില്‍ വെച്ച് അവാര്‍ഡ് ദാനം നടത്തും എന്ന് മന്ത്രി ജലീല്‍ പറഞ്ഞപ്പോള്‍ രോഷാകുലരായി വഴക്കുണ്ടാക്കി പുരസ്കാരദാന ചടങ്ങ് അലങ്കോലപ്പെടുത്തിയ കേരളത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാരുടെ അതേ മാനസികാവസ്ഥയാണ്. ഒന്നാം സ്ഥാനക്കാരന് പ്രിന്‍സിപ്പള്‍ കപ്പ് കൊടുക്കും, രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ക്ലാസ് ടീച്ചര്‍ സര്‍ട്ടിഫിക്കറ്റ് കൊടുക്കും എന്നറിഞ്ഞപ്പോള്‍, ചിണുങ്ങി കരഞ്ഞു വീട്ടിലേക്ക് പോയ പ്രൈമറി സ്കൂള്‍ കുട്ടിയുടെ അതേ മാനസികാവസ്ഥയാണ്. അടുത്ത വര്‍ഷം കൂടുതല്‍ നന്നായി പ്രവര്‍ത്തിച്ച്, കൂടുതല്‍ മികച്ച വിജയം നേടി, ഒന്നാം സ്ഥാനം തന്നെ നേടിയെടുക്കൂ എന്നതേ അവരോടു പറയാനുള്ളൂ.
പിന്നെയുള്ളതൊക്കെ രാഷ്ട്രീയമാണ്. അതിനൊക്കെ രാഷ്ട്രീയമായ ഉത്തരവുമുണ്ട്. ബിജെപിക്കാരിയായ മന്ത്രിയില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കില്ലെന്ന് പറഞ്ഞ സിനിമാ താരങ്ങള്‍ക്ക് അഭിവാദ്യം എന്നു പറയുന്നവരോട്, ആര്.എസ്.എസുകാരനായ രാഷ്ട്രപതിയില്‍ നിന്ന് മാത്രമേ അവാര്‍ഡ് സ്വീകരിക്കൂ എന്ന് നിലപാടെടുത്ത താരങ്ങള്‍ക്ക് അഭിവാദ്യം എന്ന് തിരിച്ച് പറയാം. താരങ്ങള്‍ ചടങ്ങു ബഹിഷ്ക്കരിച്ചു; അവാര്‍ഡ് വിതരണത്തിന് വന്‍ തിരിച്ചടി എന്നു പറയുന്നവരോട് പ്രധാന താരങ്ങള്‍ ഒക്കെ അവാര്‍ഡ് സ്വീകരിച്ചു; ബഹിഷ്കരണവാദികള്ക്ക് വന്‍ തിരിച്ചടി എന്നും തിരിച്ച് പറയാം. രാഷ്ട്രീയമൊക്കെ മാറ്റി നിര്‍ത്തിയാല്‍ രാഷ്ട്രപതി ഭവന് ഉദ്ദേശിച്ച രീതിയില്‍ തന്നെ പരിപാടി വൃത്തിയായി നടന്നു എന്നാണ് കാണുന്നത്. രാജ്യത്തിന് ശ്രീദേവിയോടുള്ള ആദരത്തിന്റെ സൂചകമായി സമര്‍പ്പിച്ച മികച്ച നടിക്കുള്ള മരണാനന്തര ബഹുമതി അവരുടെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് രാഷ്ട്രപതിയുടെ കയ്യില്‍ നിന്ന് സ്വീകരിച്ച ചടങ്ങില്‍ നിന്ന് വ്യക്തിപരമായ ഹര്‍ട്ട് ഫീലിങ്ങിന്റെയും സ്വാര്‍ത്ഥതയുടേയും പേരില്‍ ചില താരങ്ങള്‍ വിട്ടു നിന്നത് മാത്രമാണ് ആകെയൊരു അഭംഗിയായി തോന്നിയത്.
അതെന്തായാലും, തന്റെ സുന്ദരമായ പ്രസംഗത്തിനൊടുവില്‍, ബഹുമാനപ്പെട്ട രാഷ്ട്രപതി പറഞ്ഞത് പോലെ ‘പിക്ച്ചര്‍ അഭിയും ബാക്കിയാണ്’. 2019ലും ദേശീയ അവാര്‍ഡുകള്‍ ഉണ്ടല്ലോ.
Post Your Comments