ഹാസ്യത്മകമായ ആക്ഷേപ സീരിയലുകള്‍ കൂടുതല്‍ ജനപ്രിയമായി തുടങ്ങിയത് മഴവില്‍ മനോരമ സംപ്രേഷണം ചെയ്യുന്ന ‘മറിമായം’ എന്ന സീരിയല്‍ ആരംഭിച്ചതോടെയാണ്.
സാമൂഹിക പ്രസക്തമായ വിഷയങ്ങളെ ഹാസ്യത്മകമായി കൈകാര്യം ചെയ്യുന്ന ജനപ്രിയ സീരിയലിന്റെ റേറ്റിംഗിന് കോട്ടം സംഭവിച്ചത് മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന മറ്റൊരു സീരിയല്‍ തട്ടീം മുട്ടീം ഹിറ്റായതോടെയും. ഒരു കുടുംബത്തിനുള്ളിലെ കഥ രസകരമായി അവതരിപ്പിച്ചിരിക്കുന്ന ‘തട്ടീം മുട്ടീം’ എന്ന രസകരമായ പരമ്പരയുടെ പ്രധാന ആകര്‍ഷണം അമ്മായിമ്മയും, മരുമകളും തമ്മിലുള്ള രസകരമായ സംഘര്‍ഷമാണ്.
മഴവില്‍ മനോരമയില്‍ 2012-ല്‍ പ്രക്ഷേപണം ആരംഭിച്ച ‘തട്ടീം മുട്ടീം’ എന്ന സീരിയലില്‍ കെ.പി.എ.സി . ലളിത മഞ്ജു പിള്ള എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ആര്.ഉണ്ണികൃഷ്ണന് സംവിധാനം ചെയ്തിരിക്കുന്ന ‘തട്ടീം മുട്ടീം’ എന്ന സീരിയല്‍ എഴുതിയിരിക്കുന്നത് ഗിരീഷ് ഗ്രാമികയാണ്. ‘മറിമായം’, ‘തട്ടീം മുട്ടീം’ എന്നീ രണ്ടു സീരിയലുകള്‍ വിജയകരമായി പ്രക്ഷേപണം തുടരുന്ന സാഹചര്യത്തിലായിരുന്നു ഫ്ലവേഴ്സ് ടിവിയുടെ കടന്നു വരവും ‘ഉപ്പും മുളകും’ എന്ന സരസമായ ആക്ഷേപ ഹാസ്യ സീരിയലിന്റെ ഉദയവും, തട്ടീം മുട്ടീം എന്ന സീരിയലിന്റെ സംവിധായകനായ ആര്.ഉണ്ണികൃഷ്ണന് തന്നെയാണ് ഉപ്പും മുളകും സംവിധാനം ചെയ്തിരിക്കുന്നത്.
സരസമായ ആവിഷ്കാര ശൈലിയും, അഭിനേതാക്കളുടെ സ്വാഭാവിക പ്രകടനവും, വിഷയങ്ങളിലെ നര്‍മവും, ‘ഉപ്പും മുളകും’ എന്ന സീരിയലിനെ വേറിട്ട് നിര്‍ത്തുന്നു. നാല് മക്കള്‍ ഉള്‍പ്പടെ ഒരു ആറംഗ കുടുംബത്തില്‍ നടക്കുന്ന നര്‍മത്തിന്റെ വിപ്ലവകരമായ പാശ്ചാത്തലം ചിരിയോടെയല്ലാതെ കണ്ടു തീര്‍ക്കാനാകില്ല.
ബിജു സോപാനവും, നിശാ സാരംഗും ഋഷിയും, ജൂഹിയും, അല്‍ സാബിത്തും, ശിവാനിയും ചേര്‍ന്ന് വലിയ ഒരു ചിരി സദ്യ തന്നെയാണ് പ്രേക്ഷകര്‍ക്കായി ഒരുക്കുന്നത്. അച്ഛനായി ബിജു സോപാനവും അമ്മയായി നിശാ സാരംഗും വേഷ മിടുമ്പോള്‍ ഋഷി, ജൂഹി, അല്‍ സാബിത്ത്, ശിവാനി എന്നിവരാണ് മക്കളായി എത്തുന്നത്. സുരേഷ് ബാബു, ശ്രീരാഗ് ആര് നമ്പ്യാര്‍, അഫ്സല് കരുനാഗപ്പള്ളി എന്നിവര്‍ ചേര്‍ന്നാണ് ഉപ്പും മുളകും എന്ന സീരിയലിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
Post Your Comments