CinemaGeneralNEWS

‘പിന്നെ ചര്‍ച്ച ലിസിയെപ്പറ്റിയായി’; പ്രിയദര്‍ശന്‍- ലിസ്സി പ്രണയ ബന്ധത്തെക്കുറിച്ച് സത്യന്‍ അന്തിക്കാട്

സംവിധായകന്‍ പ്രിയദര്‍ശനുമൊന്നിച്ചുള്ള മനോഹരമായ ഒരു നിമിഷത്തിന്റെ ചുരുളസഹിക്കുകയാണ് സത്യന്‍ അന്തിക്കാട്. മലയാളത്തില്‍ ഒരേ കാലഘട്ടത്തില്‍ സിനിമകള്‍ ചെയ്തു തുടങ്ങിയ സത്യന്‍- പ്രിയന്‍ നല്ലൊരു സൗഹൃദ സ്നേഹത്തിന്റെ ഉത്തമ ഉദാഹരണം കൂടിയാണ്.
സത്യന്‍ അന്തിക്കാടിന്റെ വാക്കുകളിലേക്ക്

പണ്ട് ഒരു സിനിമയുടെ തിരക്കഥാ ചര്‍ച്ചയ്ക്കായി ഞാനും ശ്രീനിവാസനും എറണാകുളം ബി.ടി.എച്ച്. എന്ന ഹോട്ടലില്‍ താമസിക്കുന്നു. കിടക്കുന്ന മുറിയുടെ പുറത്തൊരു സിറ്റിങ് റൂം ഉണ്ട്. ചര്‍ച്ചയും എഴുത്തുമൊക്കെ ആ മുറിയിലിരുന്നുകൊണ്ടാണ്. ഉച്ചയൂണിനുശേഷം ഒരു ചെറിയ മയക്കത്തിനായി ഞങ്ങളൊന്നു കിടന്നു. അപ്പോഴാണ് കലാസംവിധായകന്‍ കൃഷ്ണന്‍കുട്ടി കടന്നുവന്നത്. കിടപ്പുമുറിയിലെ കട്ടിലില്‍ തന്നെ കൃഷ്ണന്‍കുട്ടിയെ പിടിച്ചിരുത്തി ഞങ്ങള്‍ സംസാരിച്ചു. ഏതോ സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞുള്ള മടക്കയാത്രയിലായിരുന്നു കൃഷ്ണന്‍കുട്ടി.
“ആരാണ് ആ സിനിമയിലെ നായിക”
ശ്രീനി ചോദിച്ചു.
“ലിസി” എന്ന് കൃഷ്ണന്‍കുട്ടിയുടെ മറുപടി. പിന്നെ ചര്‍ച്ച ലിസിയെപ്പറ്റിയായി. അന്ന് പ്രിയദര്‍ശന്‍ ലിസിയെ കല്യാണം കഴിച്ചിട്ടില്ല. പ്രണയം കൊടുംപിരി കൊണ്ടിരിക്കുന്ന സമയമാണ്. പ്രിയനെയും ലിസിയെയും ചേര്‍ത്തുള്ള തമാശക്കഥകള്‍ പറഞ്ഞ് ശ്രീനി കത്തിക്കയറിയപ്പോള്‍ “ഇത് പ്രിയന്‍ കേള്‍ക്കേണ്ട എന്ന അര്‍ഥത്തില്‍ ഞാന്‍ വെറുതെ വിളിച്ചു-
“പ്രിയാ”
പെട്ടെന്ന് സിറ്റിങ് റൂമില്‍നിന്ന് പ്രിയന്‍റെ ശബ്ദം-
“ഞാനെല്ലാം കേട്ടുകൊണ്ടിരിക്കുകയാണ്.”
ഞങ്ങളെല്ലാവരും ഒരുമിച്ചു ഞെട്ടി.
നോക്കുന്പോൾ തോളിലൊരു ബാഗുമായി സിറ്റിങ് റൂമിലെ കര്‍ട്ടനപ്പുറത്ത് സാക്ഷാല്‍ പ്രിയദര്‍ശന്‍ !
എന്‍റെയും ശ്രീനിവാസന്‍റെയും മുഖത്ത് ഒരു തുള്ളി ചോരയില്ലാതായി.
മദ്രാസില്‍ പ്രിയന്‍റെ സിനിമയുടെ ജോലികള്‍ നടക്കുന്ന സമയമായിരുന്നു. തലേദിവസം രാത്രി ഞങ്ങള്‍ പ്രിയനുമായി ഫോണില്‍ സംസാരിച്ചതുമാണ്. പെട്ടെന്നെന്തോ ആവശ്യത്തിന് രാവിലത്തെ ഫ്ളൈറ്റില്‍ വന്നതാണ് പ്രിയന്‍. ഞങ്ങള്‍ മുറിയിലുണ്ടെന്നറിഞ്ഞപ്പോള്‍ വെറുതെയൊന്ന് കയറിയതാണ്. അത് കൃത്യം ഈ പരദൂഷണം പറയുന്ന സമയത്തുതന്നെയായിപ്പോയി എന്നതാണ് അതിശയം.
വീണിടം വിദ്യയാക്കാന്‍ ഞാനൊരു ശ്രമം നടത്തിനോക്കി.
“സത്യത്തില്‍ പ്രിയനെ കണ്ടതുകൊണ്ടുതന്നെയാണ് ഞങ്ങള്‍ ഇങ്ങനെയൊക്കെ സംസാരിച്ചത്. പ്രിയന്‍ മുറിയിലേക്ക് കയറി വരുന്പോൾ തന്നെ അകത്തെ കണ്ണാടിയിലൂടെ ഞങ്ങള്‍ കണ്ടിരുന്നു. അതല്ലേ ഞാന്‍ പ്രിയാ എന്നു വിളിച്ചത്?”
“ആണോ?”
പ്രിയന്‍ ബെഡ്റൂമിലെ കണ്ണാടിക്കടുത്തുവന്ന് പരിശോധിച്ചു. സത്യമാണെന്ന് ബോധ്യപ്പെട്ടതുപോലെ തല കുലുക്കി.
“അതുശരി. എങ്കില്‍ കുഴപ്പമില്ല. നിങ്ങളെപ്പറ്റി ഞാനും ഇങ്ങനെയൊക്കെ പറഞ്ഞോളാം.” എന്നു പറഞ്ഞു ചിരിച്ചു. പ്രിയനത് വിശ്വസിച്ചു എന്ന ആശ്വാസത്തില്‍ ഞാനും ശ്രീനിയും സമാധാനിച്ചു.
വൈകുന്നേരം സിബിമലയിലിനെ കണ്ടപ്പോഴാണ് വിശ്വസിച്ചതായി പ്രിയന്‍ അഭിനയിച്ചതാണെന്ന് മനസ്സിലായത്.
പ്രിയന്‍ സിബിയെ കണ്ടപ്പോള്‍ വിഷമത്തോടെ പറഞ്ഞുവത്രേ-
“ആ സത്യനും ശ്രീനിയുമിരുന്ന് ഞങ്ങളെ കളിയാക്കുകയായിരുന്നു.”
ഇനി, ഒപ്പമില്ലാത്തവരെപ്പറ്റി പരദൂഷണം പറയേണ്ട എന്ന് ഞങ്ങള്‍ കോറസ്സായി തീരുമാനിച്ചു. ഒന്നു രണ്ടു ദിവസം ആ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button