മലയാള നടീനടന്മാരുടെ സംഘടനയായ അമ്മയുടെ നിലവിലത്തെ പ്രസിഡന്റാണ് ഇന്നസെന്റ്. എന്നാല്‍ അമ്മയുടെ പ്രസിഡന്റ് സ്ഥാനം താന്‍ ഒഴിയുകയാണെന്ന് താരം അറിയിച്ചു കഴിഞ്ഞു. ”ചിലർക്കു സ്ഥാനം ലഭിച്ചാൽ പിന്നെ ഒഴിയാന്‍ വലിയ ബുദ്ധിമുട്ടാണ്. തനിക്ക് അതില്ല. സ്ഥാന ഭ്രമം ഇല്ലെങ്കിൽ നമുക്കു മനഃസമാധാനം ഉണ്ടാകും. പ്രസിഡന്റ് ആകാൻ പറ്റിയ മിടുക്കന്മാർ ഇവിടെയുണ്ട്. അവരോട് ഈ സ്ഥാനത്തേക്കു വരാൻ പറഞ്ഞിട്ടുമുണ്ട്.” ഇന്നസെന്റ് പറയുന്നു. അമ്മയുടെ നേതൃത്യത്തില്‍ നടക്കുന്ന അമ്മ മഴവില്ലിനെക്കുറിച്ചു സംസാരിക്കുന്നതിനിടയിലാണ് ഇന്നസെന്റ് ഇത് പറഞ്ഞത്. ഇക്കൂട്ടത്തില്‍ സംഘടന ഇത് വരെ നടത്തിയ ചില പ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
”നൂറിലേറെ പേർക്കു മാസം തോറും 5000 രൂപ കൈനീട്ടം എന്ന പേരിൽ അമ്മ നൽകുന്നുണ്ട്. അമ്മയിലെ അംഗങ്ങളായ നാനൂറോളം പേർക്കു മെഡിക്കൽ ഇൻഷുറൻസ് നടപ്പാക്കി. മരുന്നു വാങ്ങാനും മറ്റുമായി 3–4 ലക്ഷം രൂപ വരെ ലഭിക്കും. ഇതിന് ആവശ്യമായ വലിയ തുക അടയ്ക്കുന്നത് അമ്മയാണ്. മലയാള സിനിമയിൽ ആരും കാണാൻ കൊതിച്ചിരുന്ന താരമായിരുന്നു നടി സാധന. അവരോടൊന്നു സംസാരിക്കാൻ പോലും 46 വർഷം മുന്‍പ് താൻ കൊതിച്ചിട്ടുണ്ട്. അവസാന കാലത്ത് ഓലപ്പുരയിൽ ദയനീയ സ്ഥിതിയിൽ കഴിഞ്ഞിരുന്ന അവർക്ക് അമ്മ അംഗത്വം നൽകി സഹായിക്കുകയായിരുന്നു” ഇന്നസെന്റ് പറഞ്ഞു
Post Your Comments