CinemaGeneralNEWS

ആസ്‌ട്രേലിയന്‍ ഗവണ്‍മെന്റിന്റെ സഹകരണത്തോടെ ഇന്ത്യന്‍ സംവിധായകന്റെ സിനിമ

ആസ്‌ട്രേലിയയില്‍ ക്യൂന്‍സ്‌ലാന്‍ഡ് സര്‍ക്കാരിന്റെ സഹകരണത്തോടെ ചലച്ചിത്ര നിര്‍മ്മാണത്തിനുള്ള തയ്യാറെടുപ്പിലാണ് വിദേശ മലയാളി സംവിധായകന്‍ ജോയ്.കെ.മാത്യൂ. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ സംവിധായകന് ആസ്‌ട്രേലിയയില്‍ സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ ചിത്രം നിര്‍മ്മിക്കാന്‍ അവസരം ലഭിക്കുന്നത്. ഇന്ത്യ, ആസ്‌ട്രേലിയ, അമേരിക്ക, ഫിലിപൈന്‍സ്, ബെല്‍ജിയം, ചൈന, മാള്‍ട്ട, പാകിസ്ഥാന്‍, വിയറ്റ്‌നാം, നെതര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സിനിമാ, സാങ്കേതിക വിദഗ്ധരേയും, അഭിനേതാക്കാളെയും, അണിയറ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണം. പതിനൊന്നിലധികം രാജ്യങ്ങളില്‍ നിന്നുള്ള സിനിമ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചു കൊണ്ട് ഒരു ഇന്ത്യന്‍ സംവിധായകന്‍ ചെയ്യുന്ന ആദ്യ സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

നടനും എഴുത്തുകാരനും കൂടിയായ ജോയ് കെ. മാത്യൂവിന്റെ സന്ദേശ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ വേള്‍ഡ് മദര്‍ വിഷന്റേയും, കംഗാരു വിഷന്റേയും ബാനറിലാണ് ‘ദ ഡിപ്പന്‍ഡന്‍സ്’, ‘ഹാന്‍ഡ് കര്‍ച്ചീഫ്’ ‘വീ ആര്‍ വണ്‍’ എന്നീ മൂന്ന് കഥകള്‍ കോര്‍ത്തിണക്കി, വ്യത്യസ്ത സന്ദേശങ്ങളുമായി ‘ബിഗ് സല്യൂട്ട്’ എന്ന പേരില്‍ ഇംഗ്ലീഷ് ചിത്രം നിര്‍മ്മിക്കുന്നത്. പൗര•ാര്‍ക്കിടയില്‍ ഭിന്നത സൃഷ്ടിച്ച് പരസ്പരം വെറുപ്പിന്റെ വിത്ത് വിതച്ച് , രാഷ്ട്രീയ നേട്ടം കൊയ്യുവാനും അധികാരം ചോദ്യം ചെയ്യപ്പെടാതെ സൂക്ഷിക്കാനും ശ്രമിക്കുന്നവര്‍ , വലിയ മനുഷ്യാവകാശ ലംഘനങ്ങളാണ് നടത്തുന്നത്. ഇതിനെല്ലാം സമൂലമായ മാറ്റം വരുത്തി, മാനവികതയുടെയും സഹകരണത്തിന്റെയും സ്‌നേഹത്തിന്റെയും വഴികളിലൂടെ ചലിക്കുന്ന വലിയ ഒരു മനുഷ്യ സമൂഹത്തിന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ക്യൂന്‍സ്‌ലാന്‍ഡ് സര്‍ക്കാരിനെ കൂടാതെ ആര്‍.എ.ഡി.എഫിന്റെയും, ബനാനാ ഷെയര്‍ കൗണ്‍സിലിന്റെയും സഹകരണത്തോടെയാണ് ആദ്യ കഥയായ ‘ദി ഡിപ്പന്‍ഡന്‍സ്’ നിര്‍മ്മിക്കുന്നത്. ജോയ് കെ. മാത്യൂ കഥയും തിരക്കഥയുമൊരുക്കി സംവിധാനം ചെയുന്ന മൂന്ന് കഥകളില്‍ ഒന്നായ ‘ദി ഡിപ്പന്‍ഡന്‍സ്’ ന്റെ ചിത്രീകരണത്തിന് ക്യൂന്‍സ്‌ലാന്‍ഡ് ബനാന ഷെയര്‍ മേയര്‍ നെവ് ജി ഫെറിയറാണ് സ്വിച്ച് ഓണ്‍ കര്‍മം നിര്‍വ്വഹിക്കുന്നത്. ഈ ചിത്രത്തിന്റെ ചിത്രീകരണം ക്യൂന്‍സ്‌ലാന്‍ഡില്‍ നടക്കും. മറ്റ് രണ്ടുകഥകളുടെയും ചിത്രീകരണം ഇന്ത്യ, ആസ്‌ട്രേലിയ, പാകിസ്ഥാന്‍, ഖത്തര്‍, അമേരിക്ക എന്നിവിടങ്ങളിലായി നടക്കും.

ചെറുതും വലുതുമായ ഏഴോളം സന്ദേശ ചിത്രങ്ങളും മൂന്ന് ഡോക്യമെന്ററികളും തിരക്കഥയെഴുതി നിര്‍മ്മിച്ച് സംവിധാനം ചെയ്ത ചേര്‍ത്തല സ്വദേശിയായ ജോയ് കെ.മാത്യൂ സന്ദേശ ചലച്ചിത്ര രംഗത്ത് വേറിട്ട വഴിതുറന്ന സംവിധായകന്‍ കൂടിയാണ്. മദര്‍ തെരസെയെ കുറിച്ചുള്ള വ്യത്യസ്ത ഡോക്യമെന്ററിയായ ദ എയ്ഞ്ചല്‍ ഓഫ് ടെണ്ടര്‍നെസ്സ് ആസ്‌ട്രേലിയയില്‍ മികച്ച അഭിപ്രായം നേടിയിരുന്നു.

സന്ദേശ ചലച്ചിത്ര രംഗത്ത് നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ജോയ് കെ.മാത്യൂ സിനിമാ മേഖലയില്‍, ആസ്‌ട്രേലിയയില്‍ ക്യൂന്‍സ്‌ലാന്‍ഡ് സര്‍ക്കാരിന്റെ സാമ്പത്തിക സഹായ സഹകരണം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞു. വിദേശ കലാകാര•ാരെ പ്രോത്സഹിപ്പിക്കുന്ന സര്‍ക്കാരിന്റെ നിലപാടുകള്‍ സ്വാഗതാര്‍ഹമാണ്. കഴിവുള്ളവര്‍ക്ക് ഇനിയും പ്രോത്സാഹനം ലഭിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ജോയ് കെ. മാത്യൂവിന്റെ ഇതുവരെയുള്ള ചലച്ചിത്ര പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രത്യേക ജൂറിയുടെ വിശദമായ വിലയിരുത്തലുകള്‍ക്കും പരിശോധനകള്‍ക്കും ശേഷമാണ് സാമ്പത്തിക സഹായത്തിന് അനുമതി ലഭിച്ചത്.

നിര്‍മ്മാണം, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം-ജോയ്‌കെ.മാത്യു, ഛായഗ്രഹണം-ജയിംസ്‌ലെറ്റര്‍, സഹനിര്‍മ്മാണം-ജോണ്‍ മാത്യു കണിയാപറമ്പില്‍, ജാക്വിലിന്‍, എഡിറ്റിംഗ്-ലിന്‍സണ്‍, കല-മൈക്കിള്‍മാത്സണ്‍, സംഗീതം-എം.എ. അഗസ്റ്റിന്‍, ചമയം-മേരിബലോലോങ്, പി.ആര്‍.ഒ-അയ്മനം സാജന്‍, ഹന്ന, ജെയ്ഡ്, അന്തോണിവെള്ളന്‍, കേറി, ഇല്‍ഡിക്കോ, ജെഫ്, എലിസബത്ത്, വലറിന്‍ എന്നിവര്‍ അഭിനയിക്കുന്നു.

 

shortlink

Related Articles

Post Your Comments


Back to top button