നീണ്ട ഇടവേളയ്ക്ക് ശേഷം കുടുംബ ചിത്രങ്ങളുടെ സംവിധായകന്‍ സത്യന്‍ അന്തിക്കാടും തിരക്കഥാകൃത്ത് ശ്രീനിവാസനും ഒരുമിക്കുന്നു. ഈ വാര്‍ത്ത സംവിധായകന്‍ തന്നെയാണ് പങ്കുവച്ചത്. ഫഹദ് ഫാസില്‍ നായകനാവുന്ന ചിത്രത്തിന് മലയാളി എന്ന് പേരുമിട്ടു. എന്നാല്‍ ഇപ്പോള്‍ മലയാളി ഒരുങ്ങുന്നില്ല എന്നാണ് സത്യന്‍ പറയുന്നത്. ചിത്രത്തിറെ പേര് മാറ്റുകയാണ്. ”’മലയാളി’ എന്ന പേരിൽ മുൻപൊരു സിനിമ ഉണ്ടായിരുന്നുവെന്ന് ഞങ്ങൾ ഓർത്തിട്ടില്ലായിരുന്നു. എങ്കിലും ഞങ്ങൾ ആ പേര് മാറ്റുകയാണ്. മലയാളിത്തമുള്ള മറ്റൊരു പേരിനു വേണ്ടി നമുക്ക് കാത്തിരിക്കാം” സത്യന്‍ അന്തിക്കാട് പറയുന്നു.
സത്യന്‍ അന്തിക്കാട് പോസ്റ്റ്
കുറേ വർഷങ്ങൾക്ക് മുൻപ് തട്ടാൻ ഭാസ്കരന്റേയും സ്നേഹലതയുടേയും കഥയിലേക്ക് എന്നെ ആദ്യം ആകർഷിച്ചത് ‘പൊന്മുട്ടയിടുന്ന തട്ടാൻ’ എന്ന പേരായിരുന്നു. രഘുനാഥ് പാലേരിയുടെ സങ്കല്പത്തിൽ ആ ‘തട്ടാൻ’ ഈശ്വരനാണ്. ‘പൊന്മുട്ട’ പ്രഭാത സൂര്യനും. അതിലെ കാവ്യഭംഗി മനസ്സിലാക്കാതെ തെറ്റിദ്ധരിച്ച് ചിലർ എതിർപ്പുമായി വന്നപ്പോൾ വിവാദത്തിനൊന്നും നിൽക്കാതെ ഞങ്ങൾ ‘തട്ടാനെ’ ‘താറാവാക്കി’ മാറ്റി.
ഇപ്പോൾ, പുതിയ സിനിമയുടെ ആലോചനയുമായി ഇരിക്കുമ്പോൾ ശ്രീനിവാസൻ ഒരു കഥ പറഞ്ഞു. പി. ആർ. ആകാശ് എന്ന പ്രകാശന്റെ കഥ. ഇന്നത്തെ മലയാളിയുടെ പൊതു സ്വഭാവത്തെ മുൻനിർത്തിയുള്ള കഥയായതുകൊണ്ട് ‘മലയാളി’ എന്ന് പേരിട്ടാലോയെന്ന് തോന്നി. കേട്ടവർക്കെല്ലാം അതിഷ്ടമായി. ഫിലിം ചേംബറിന്റെ അനുവാദവും കിട്ടി. അങ്ങനെയാണ് “വൈകി പേരിടുന്ന പതിവു രീതി മാറ്റുന്നു” എന്ന മുഖവുരയോടെ പേര് അനൗൺസ് ചെയ്യുന്നത്.
“ദൈവത്തെ ചിരിപ്പിക്കാൻ നമ്മുടെ ഭാവി പരിപാടികൾ പറഞ്ഞാൽ മതി” എന്ന് കേട്ടിട്ടുണ്ട്. അക്ഷരം പ്രതി സത്യം. ദൈവം ചിരിച്ചു. ‘മലയാളി’ എന്ന പേരിൽ മുൻപൊരു സിനിമ ഉണ്ടായിരുന്നുവെന്ന് ഞങ്ങൾ ഓർത്തിട്ടില്ലായിരുന്നു. ആ സിനിമയുടെ നിർമ്മാതാവടക്കം പലരും പറഞ്ഞു – “സാരമില്ല, ഒരു സിനിമയുടെ പേരിൽ തന്നെ പിന്നീട് സിനിമകൾ ഉണ്ടായിട്ടുണ്ടല്ലോ”.
എങ്കിലും ഞങ്ങൾ ആ പേര് മാറ്റുകയാണ്. മലയാളിത്തമുള്ള മറ്റൊരു പേരിനു വേണ്ടി നമുക്ക് കാത്തിരിക്കാം. അല്ലെങ്കിലും പേരിലല്ലല്ലോ, പ്രമേയത്തിലല്ലേ കാര്യം.
Post Your Comments