മലയാള സിനിമയില്‍ മന്ത്രവാദങ്ങളിലൂടെ കാര്യങ്ങള്‍ നേടിയെടുത്തവര്‍ നിരവധിയുണ്ട്.
മന്ത്രവാദ കളം മലയാള സിനിമയില്‍ പലപ്പോഴും പൊട്ടിചിരികളാല് സമ്പന്നമാണ്. നര്‍മത്താല്‍ അവതരിപ്പിക്കപ്പെടുന്ന മന്ത്രവാദ രംഗങ്ങള്‍ മലയാള സിനിമയില്‍ നിരവധിയാണ്. ‘മണിച്ചിത്രത്താഴ് ‘ പോലെയുള്ള സിനിമയിലൊക്കെ അവസാന ഭാഗങ്ങളില്‍ മന്ത്രവാദ രംഗങ്ങള്‍ തീവ്രമായി ചേര്‍ത്തു നിര്‍ത്തുമ്പോഴും ഒട്ടുമിക്ക സിനിമകളിലും തമാശയുടെ മേമ്പൊടിയോടെയാണ് മന്ത്രവാദ കളം അവതരിപ്പിക്കാറുള്ളത്. മലയാള സിനിമയിലെ മികച്ച ഹാസ്യ നടന്മാരുടെ പ്രകടനത്തിന്റെ ശക്തി ഇത്തരം രംഗങ്ങളിലൊക്കെ ദൃശ്യമാണ്.
‘മിഥുനം’ സിനിമയിലെ മന്ത്രവാദത്തിനിടയിലെ ഫലിത രംഗം പ്രേക്ഷകര്‍ക്കിടയില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്നതാണ്. ജഗതി, ഇന്നസന്റ്, നെടുമുടി വേണു, ശങ്കരാടി തുടങ്ങിയ പ്രതിഭയുടെ നീണ്ട നിര അണിചേരുമ്പോള്‍ കൂട്ട ചിരി പ്രേക്ഷകര്‍ക്ക് അനുഭവയോഗ്യമാകുന്നു. ജഗതി അവതരിപ്പിച്ച ‘സുഗതന്’ എന്ന കഥാപാത്രം ഏര്‍പ്പാടാക്കുന്ന മന്ത്രവാദിയാണ് നെടുമുടിയുടെ ‘ചെര്‍ക്കോണം സ്വാമി’. സുഗതനെ കൂടോത്രം ചെയ്തു നശിപ്പിക്കാന്‍ തയ്യാറായവരെ കണ്ടെത്താന്‍ ശ്രമിക്കുന്ന ചെര്‍ക്കോണം സ്വാമിയുടെ മന്ത്രവാദ പൂജ ബഹു രസമാണ്. സുഗതന് സംശയം തന്റെ അളിയനായ ‘കെ.ടി. കുറുപ്പ്’ എന്ന ഇന്നസന്റ് അവതരിപ്പിച്ച കഥാപാത്രത്തെയാണ്. ചെര്‍ക്കോണം സ്വാമി കൂടോത്രം ചെയ്തവനെ തേങ്ങയിലേക്ക് ആവാഹിക്കുന്നു. മന്ത്രവാദ കളത്തിനു ചുറ്റും സ്വാമിയുടെ പിന്നാലെ ഓടുന്ന ജഗതിയിലെ അഭിനയ ഭാവങ്ങള്‍ സര്‍വത്ര ചിരി രസം സമ്മാനിക്കുന്നു. തേങ്ങ എറിഞ്ഞു ഉടക്കുന്നതും കടോത്രം ചെയ്തവന്റെ തല ചിന്നി ചിതറും എന്ന് ചെര്‍ക്കോണം സ്വാമി വിധിക്കുന്നു. കുറുപ്പിന്റെ തല ചിന്നി ചിതറാന്‍ കാത്തു നില്ക്കുന്ന സുഗതന്, ലവലേശം ഭയമില്ലാതെ ധൈര്യത്തോടെ നില്ക്കുന്ന കുറുപ്പ്, തേങ്ങ പൊട്ടിക്കാന്‍ തയ്യാറായി നില്ക്കുന്ന ചെര്‍ക്കോണം സ്വാമി അസാധ്യമായ ചിരിക്കെട്ട് മഹോത്സവം തന്നെയാണ് ഈ രംഗങ്ങളില്‍ അരങ്ങേറുന്നത്. തേങ്ങ എറിഞ്ഞു ഉടക്കാന്‍ വിഷമം കാട്ടുന്ന ചെര്‍ക്കോണം സ്വാമിയോട് സുഗതന് വെപ്രാളത്തോടെ പറയുന്നു
“തേങ്ങ എറിഞ്ഞുടയ്ക്കൂ സ്വാമി” ഒടുവില്‍ സ്വാമിയുടെ കയ്യില്‍ നിന്ന് ബലമായി തേങ്ങ പിടിച്ചു വാങ്ങി സുഗതന് തന്നെ തേങ്ങ തറയില്‍ എറിഞ്ഞു പൊട്ടിക്കുന്നു. തേങ്ങ പൊട്ടുന്നത് അല്ലാതെ ആരുടെ തലയും ചിന്നി ചിതറുന്നില്ല.
നെടുമുടി അവതരിപ്പിക്കുന്ന സ്ഥിരം വേഷങ്ങളില്‍ നിന്നൊരു മോചനമായിരുന്നു ചെര്‍ക്കോണം സ്വാമി. വേറിട്ട ഈ വേഷം നെടുമുടി ആസ്വാദ്യകരമായി തന്നെ അഭിനയിച്ചു ഫലിപ്പിച്ചു. മന്ത്രവാദ കളങ്ങള്ക്കിടയിലെ ഈ രംഗങ്ങള്‍ പ്രേക്ഷകരില്‍ ഇന്നും നിറ ചിരി സമ്മാനിക്കുന്നു.
ജയറാമും ജഗതിയും ഒന്നിച്ചു ചേര്‍ന്ന മന്ത്രവാദ കളത്തിലെ നര്‍മം
‘കിലുകില് പമ്പരം’ എന്ന സിനിമയിലുമുണ്ട്. അനന്ത പത്ഭാനഭന് വക്കീലും അദ്ദേഹത്തിന്റെ ഗുമസ്തനായ ഉറുമീസും ഒരു കൊട്ടാരത്തില്‍ വന്നുപെടുന്നു. കൊട്ടാരത്തില്‍ പ്രേതത്തെ കണ്ടു പേടിക്കുന്ന ഇരുവരും മന്ത്രവാദ കളത്തിനു ചുറ്റും അനുസരണയോടെ ഇരിക്കുന്നു. മന്ത്രവാദിയായി പൂജപ്പുര രാധാകൃഷ്ണനാണ് വേഷമിട്ടിരിക്കുന്നത്.
“ആരാണ് ആദ്യം പ്രേതത്തെ കണ്ടത്”? മന്ത്രവാദി ഇരുവരോടും ചോദിക്കുന്നു. അനന്ത പത്ഭാനഭന് പറയാന്‍ തുടങ്ങുന്നതും ജഗതിയുടെ ഉറുമീസ് എന്ന കഥാപാത്രം ആദ്യമേ കയറി പറയുന്നു.”ഞാനാണ് ആദ്യം പ്രേതത്തെ കണ്ടത് “. ചൂരലുമായി മന്ത്രവാദി ഉറുമീസിന്റെ അടുക്കലേക്കു വരുന്നു തലങ്ങും വിലങ്ങും ചൂരല്‍ പ്രയോഗം നടത്തിയിട്ട് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെടുന്നു.
ഇതിനിടയില്‍ നടക്കുന്ന അഭിനയ പ്രകടനങ്ങളെല്ലാം നിലവാരമുള്ള നര്‍മ കാഴ്ചകളാണ്.
മന്ത്രവാദി ഉറുമീസിനോട് അഞ്ജാപിക്കുന്നു “പാല മരത്തിലേക്ക് പോകൂ”
ഉറുമീസ് : “ഞാന്‍ പാലായ്ക്ക് പൊക്കോളാം”
മന്ത്രവാദ കളം വീണ്ടും മലയാള സിനിമയില്‍ പൊട്ടിച്ചിരി വിതറുന്നു.
‘സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണി’ എന്ന സിനിമയിലും മന്ത്രവാദ നര്‍മത്തിന് ഇടമുണ്ട് .കല്പനയിലെ കഥാപാത്രത്തിന്റെ ബാധ ഒഴിപ്പിക്കാന്‍ കള്ള മന്ത്രവാദിമാരായി എത്തുന്ന ബൈജുവും, ജഗദീഷും അനുഭവിക്കേണ്ടി വരുന്ന വിഷമതകള്‍ നര്‍മത്തില്‍ ചേര്‍ത്തു അവതരിപ്പിച്ചിരിക്കുകയാണ് ഇവിടെ. മന്ത്രവാദം മറയാക്കി പണം തട്ടിക്കാന്‍ വരുന്ന ഇവരുടെ കഥാപാത്രങ്ങള്‍ അവിടെ നിന്നു ജീവനും കൊണ്ട് ഓടി രക്ഷപ്പെടുന്നതൊക്കെ ചിരി പൊട്ടുന്ന അസാധ്യ ഫലിതം ചേര്‍ത്താണ് അവതരിപ്പിച്ചിരിക്കുന്നത്.
‘ചതിക്കാത്ത ചന്തു’ എന്ന സിനിമയില്‍ മന്ത്രവാദ തമാശ അവതരിപ്പിക്കുന്നത് അതിന്റെ അവസാന രംഗങ്ങളിലാണ്. നിരവധി ഹാസ്യ താരങ്ങള്‍ അണിനിരന്നു
കൂട്ടച്ചിരി സന്നിവേശിപ്പിക്കുമ്പോള്‍ മന്ത്രവാദിയായി എത്തുന്നത് ജഗതിയാണ്. തന്നിലെ മന്ത്രവാദം അമ്പേ പരാജയപ്പെടുകയാണ്. ചതിക്കാത്ത ചന്തുവിലെ മന്ത്രവാദകളത്തിലത്രയും തമാശയുടെ തേരോട്ടം തന്നെയാണ്. ‘നന്ദനം’ സിനിമയിലെ പ്രധാന കഥാപാത്ര മര്‍മമാണ് കുമ്പിടി. കുമ്ടിയുടെ മന്ത്രവാദ കളത്തിനു മുന്നിലും നര്‍മത്തിന്റെ മണമുണ്ട്. മാളയിലെ കഥാപാത്രത്തിന്റെ ബാധ ഒഴിപ്പിക്കാന്‍ മകനായ കലാഭവന്‍ മണിയുടെ കഥാപാത്രം തന്റെ അച്ഛനെ ബലമായി പിടിച്ചു കൊണ്ട് വന്നു കുമ്പിടിയുടെ അടുത്തു എത്തിക്കുന്നു. മാളയുടെ കഥാപാത്രത്തിന്റെ വായില്‍ തുണി തിരുകി കയറ്റിയിട്ടുണ്ട്. ഭസ്മം വിതറിയിട്ട് വായിലെ തുണി മാറ്റാന്‍ കുമ്പിടി ആവശ്യപ്പെടുന്നു “ഇനി വായ് തുറക്കില്ല ധൈര്യമായി തുണി മാറ്റിക്കോളൂ” തുണി മാറ്റുന്നതും “നായിന്റെ മോനെ” എന്ന് വിളിക്കുന്നതും ഒന്നിച്ചാണ്. വീണ്ടും തുണി തിരുകാന്‍ കുമ്പിടി ആവശ്യപ്പെടുന്നു. ഇതൊക്കെ പ്രേക്ഷകരില്‍ ചിരിയുടെ തിരയിളക്കം സൃഷ്ട്ടിക്കുകയാണ്. ശരിക്കും അച്ഛനെയല്ല ബാധ പിടി കൂടിയിരിക്കുന്നത് മകനായ കലാഭവന്‍ മണിയുടെ കഥാപാത്രത്തെയാണ്. പിന്നീടു മന്ത്രവാദ കളത്തിലെ കലാഭവന്‍ മണിയിലെ പ്രകടനം ചിരി പൂരമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.
മലയാള സിനിമയിലെ മന്ത്രവാദ കളത്തിലെ തമാശകളില്‍ ആസ്വാദകരത്രയും ഇഴുകി ചേര്‍ന്നിരുന്നു അതിനുള്ള തെളിവാണ് ഇത്തരം സിനിമകളിലെ നര്‍മ സന്ദര്‍ഭങ്ങള്‍.
Post Your Comments