മലയാള സിനിമയില്‍ നിന്നും താന്‍ പിന്മാറിയതിനു കാരണം താരാധിപത്യമാണെന്ന് സംവിധായകന് ശ്രീകുമാരന്‍ തമ്പിയുടെ വെളിപ്പെടുത്തല്‍. ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് സംവിധായകന് ഇത് വെളിപ്പെടുത്തുന്നത്.
ശ്രീകുമാരന്‍ തമ്പിയുടെ വാക്കുകള്‍ ഇങ്ങനെ…”സത്യം പറയാന്‍ എനിക്ക് മടിയില്ല. സിനിമയില്‍ താരാധിപത്യം ഉണ്ടായപ്പോള്‍ ഞാന്‍ സിനിമ വിട്ട് സീരിയല്‍ രംഗത്തേക്ക് വന്നു. മലയാള സിനിമയെ തകര്‍ത്ത് തരിപ്പണമാക്കിയത് താരാധിപത്യമാണ്. പ്രേം നസീറിന്റെ കാലത്ത് അദ്ദേഹം തന്റെ ക്യാമറാമാന് ആ വ്യക്തിയാകണം എന്നൊന്നും ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ താരാധിപത്യം ശക്തമായപ്പോള്‍ പലനടന്മാരും സിനിമയെ പൂര്‍ണമായി നിയന്ത്രിക്കാന്‍ തുടങ്ങി. ഇവിടുത്തെ സൂപ്പര്‍താരങ്ങള്‍ക്കും മെഗാ സ്റ്റാറുകള്‍ക്കും നല്ല പങ്കുണ്ട്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കൈവശം സിനിമ എത്തിയതിനുശേഷം ഞാന്‍ അവരുടെ ശത്രുവായി.
എന്നെക്കൊണ്ട് പാട്ടെഴുതിക്കേണ്ടെന്ന് അവര്‍ തന്നെ പറഞ്ഞു. പല സംവിധായകരും അവരെ ഭയന്ന് എന്നെ വിളിച്ചില്ല. മോഹന്‍ലാല്‍ സെക്കന്റ് ഹീറോ ആയി വന്ന എനിക്ക് ഒരു ദിവസം എന്ന സിനിമയും നായകനായ യുവജനോത്സവവും സംവിധാനം ചെയ്തത് ഞാനാണ്. മോഹന്‍ലാലിനെ നായകപദവിയിലേക്ക് ഉയര്‍ത്താന്‍ ഒരുപാട് സഹായിച്ച സിനിമയാണിത്. മോഹന്‍ലാല്‍ ഈയിടെ ഒരു വേദിയില്‍ ആയിരക്കണക്കിന് ആളുകളുടെ മുന്പില് വച്ച് എന്നോട് കടപ്പാട് പറഞ്ഞു. പക്ഷേ യുവജനോത്സവത്തിന് ശേഷം എനിക്ക് ഒരു കോള്‍ ഷീറ്റ് അദ്ദേഹം തന്നില്ല. യുവജനോത്സവം അന്നത്തെ കാലത്ത് സൂപ്പര്‍ഹിറ്റായിരുന്നു. മോഹന്‍ലാല്‍ എന്നെ മനഃപൂര്‍വം നിരാകരിച്ചു.
മമ്മൂട്ടിയെ നായക സ്ഥാനത്തേക്കുയര്‍ന്നത് എന്റെ സിനിമയിലാണ്. മുന്നേറ്റത്തില്‍. ഐ.വി ശശി മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ തൃഷ്ണയാണ് മമ്മൂട്ടിക്ക് ബ്രേക്ക് നല്‍കിയതെന്ന് പറയുന്നത് കേട്ടു. അതല്ല സത്യം. മുന്നേറ്റത്തിന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുമ്ബോള്‍ ഐ.വി ശശി എന്നെ വിളിച്ചു ചോദിച്ചു. ആ പയ്യന് കൊള്ളാമോ എന്ന്. ഞാന്‍ പറഞ്ഞു ധൈര്യമായി കാസ്റ്റ് ചെയ്തോളാന്‍. പിന്നീട് മമ്മൂട്ടിയെ നായകനാക്കി വിളിച്ചു വിളി കേട്ടു എന്ന സിനിമ എടുത്തു. തോപ്പില്‍ ഭാസിയായിരുന്നു സ്ക്രിപ്റ്റ്. അഭിനയിക്കാന്‍ എത്തിയപ്പോള്‍ മമ്മൂട്ടി ചോദിച്ചു ‘ആരാ ക്യാമറാമാന്’. ഞാന്‍ പറഞ്ഞു മുന്നേറ്റത്തിലെ ധനഞ്ജയന് ആണെന്ന്. അപ്പോള്‍ മമ്മൂട്ടി പറഞ്ഞു ‘ധനഞ്ജയന് വേണ്ട, അജയ് വിന്‍സന്റിനെയോ ബാലുമഹീന്ദ്രയേയോ മതി. ചെറിയ ആളുകള്‍ വേണ്ട’. ഞാന്‍ അങ്ങനെ നേരത്തേ വിചാരിച്ചെങ്കില്‍ മമ്മൂട്ടി നായകനാവില്ല. മമ്മൂട്ടി പിന്നീട് ആജ്ഞാപിക്കാന്‍ തുടങ്ങി.”
കടപ്പാട് : മാതൃഭൂമി
Post Your Comments