തമിഴ് സിനിമയിലെ പ്രതിസന്ധി ഇതുവരെ അവസാനിച്ചിട്ടില്ല. നിർമാതാക്കളുടെ സംഘടനകളും തീയേറ്റർ ഉടമകളും പരസ്പരം വഴക്കടിക്കുകയല്ലാതെ ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ല. തമിഴ് പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ അധ്യക്ഷനുമായ വിശാലിനെതിരെ രൂക്ഷമായ ഭാഷയിലാണ് തമിഴ്നാട് തിയേറ്റേഴ്സ് അസോസിയേഷന് അധ്യക്ഷന്‍ തിരുപ്പൂര്‍ സുബ്രഹ്മണ്യന് അടുത്തിടെ പ്രതികരിച്ചത്.
തിയേറ്ററുകളുടെ കാര്യത്തില്‍ അനാവശ്യമായി തലയിടുന്നത് വിശാല്‍ നിര്‍ത്തണമെന്നും തിയേറ്ററുകളില്‍ എങ്ങനെ ആളുകളെ കയറ്റണമെന്ന് ഞങ്ങള്‍ക്ക് അറിയാമെന്നും സുബ്രഹ്മണ്യം പറഞ്ഞു. നിര്‍മാതാക്കളുമായി തിയ്യറ്റര്‍ ഉടമകള്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഈ യോഗത്തില്‍ ഞാന്‍ പങ്കെടുക്കരുതെന്ന് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടു. ഇതു പ്രകാരം ഞാന്‍ വിട്ടുനില്‍ക്കുകയും ആ സമയത്ത് രണ്ടോ മൂന്ന് യോഗങ്ങള്‍ നടക്കുകയും ചെയ്തു. എന്നാല്‍, പ്രശ്നങ്ങള്‍ക്ക് യാതൊരു പരിഹാരവും ഉണ്ടായില്ല. ഇതിനുശേഷമാണ് ഞാന്‍ പ്രശ്നത്തില്‍ ഇടപെട്ടുതുടങ്ങിയത്.
ഓണ്‍ലൈന്‍ ടിക്കറ്റ് ചാര്‍ജ് കുറയ്ക്കണം എന്നതാണ് നിര്‍മാതാക്കളുടെ ഒരാവശ്യം. എന്നാല്‍, ഓണ്‍ലൈന്‍ ടിക്കറ്റുകളുടെ പണം തിയേറ്ററുകള്ക്കല്ല സേവനദാതാക്കള്‍ക്കാണ് ലഭിക്കുന്നത്. ഇക്കാര്യത്തില്‍ ഒരു പരിഹാരം വേണമെങ്കില്‍ നിര്‍മാതാക്കളുടെ സംഘടന ടിക്കറ്റ് വില്പനയ്ക്ക് നേരിട്ടൊരു വെബ്സൈറ്റ് തുടങ്ങട്ടെ. ക്യൂബാണ് മറ്റൊരു വിഷയം. സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിലെ വി.പി. എഫ് ചാര്‍ജ് ഇപ്പോള്‍ തിയേറ്റര്‍ ഉടമകളാണ് നല്‍കുന്നത്. ഇത് ബുദ്ധിമുട്ടാണ്. സംസ്ഥാനത്തിന് പുറത്ത് നിര്‍മാതാക്കള്‍ക്ക് തിയേറ്ററുകള്‍ക്ക് വി.പി.എഫ് ചാര്‍ജ് നല്കാമെങ്കില് എന്തുകൊണ്ട് തമിഴ്നാട്ടിലും അത് പറ്റുന്നില്ല എന്നായിരുന്നു അവരുടെ ചോദ്യം.
ഇയ്യിടെ വിശാല്‍ നിരക്ക് കുറച്ചും സൗകര്യങ്ങള്‍ കൂട്ടിയും ആളുകളെ തിയ്യയേറ്ററുകളിലേയ്ക്ക് കൊണ്ടുവരുന്നതിനെക്കുറിച്ച് സംസാരിക്കുന്നത് കേട്ടു. എന്നാല്‍, തിയേറ്ററിലേയ്ക്ക് ആളുകളെ എങ്ങനെ കൊണ്ടുവരണമെന്ന് ഞങ്ങള്‍ക്ക് അറിയാം. ഇതിനെക്കുറിച്ച് നിങ്ങള്‍ ഞങ്ങളോട് പറയണമെന്നില്ല.
നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ ഇടപെടരുതെന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ മാറിനില്‍ക്കുകയായിരുന്നല്ലോ. ഇപ്പോള്‍ ദയവ് ചെയ്തു നിങ്ങളും അതു തന്നെ ചെയ്യണം. തിയേറ്ററുകളുമായി എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് എന്നോട് പറയൂ. ഏതെങ്കിലും തിയ്യറ്റര്‍ ഉടമകള്‍ വഞ്ചിച്ചിട്ടുണ്ടെങ്കില്‍ അവരുടെ വിവരങ്ങള്‍ തരൂ. അസോസിയേഷന് അക്കാര്യത്തില്‍ നടപടി എടുത്തിരിക്കും. അതല്ലാതെ തിയേറ്റര്‍ ഉടമകളുടെ സംഘടനയെ മുഴുവനായി അധിക്ഷേപിക്കുകയല്ല വേണ്ടത്-സുബ്രഹ്മണ്യം പറഞ്ഞു.
Post Your Comments