Latest NewsMollywood

വില്ലന്മാരുടെ സംരക്ഷകന് വിട; വ്യത്യസ്തനായ അഭിനേതാവിനെ ഓര്‍ക്കുമ്പോള്‍

മലയാളികളുടെ മനസ്സിൽ ഇടം നേടിയ സുന്ദരനായ വില്ലൻ വില്ലനായിരുന്നു കൊല്ലം അജിത്ത്. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്നുണ്ടായ അദ്ദേഹത്തിന്റെ മരണം എളുപ്പത്തിൽ മലയാള സിനിമാ ലോകത്തിന് ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല . ഭാഷാഭേദമില്ലാതെ അഞ്ഞൂറോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തനിക്ക് ലഭിച്ച വേഷങ്ങൾക്കൊണ്ട് മലയാള സിനിമയിലെ വില്ലന്‍മാരില്‍ തന്റേതായ ഇടം നേടിയെടുത്ത ആളാണ് കൊല്ലം അജിത്ത്.

എടുത്തുപറയത്തക്ക സിനിമാബന്ധമോ കലാപാരമ്പര്യമോ ഇല്ലാതെ സംവിധാന സഹായി എന്ന ലക്ഷ്യവുമായി സിനിമയിലെത്തിയ അജിത്തിലെ പ്രതിഭയെ കണ്ടെത്തിയത് സംവിധായകന്‍ പത്മരാജനായിരുന്നു. പിന്നീടങ്ങോട്ട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളുമായി മലയാള സിനിമയുടെ തന്നെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു കൊല്ലം അജിത്ത്.

സംവിധാനം ചെയ്ത ചിത്രങ്ങള്‍

പത്മരാജന്‍ ചിത്രങ്ങളോടുള്ള ഇഷ്ട കൂടുതൽ കൊണ്ടുതന്നെയാണ് അദ്ദേഹത്തിനിടെ സംവിധാന സഹായിയാകാൻ തീരുമാനിച്ചത്. പത്മരാജനെ സമീപിച്ച അജിത്തിനെ അദ്ദേഹം പറന്ന് പറന്ന് പറന്ന് എന്ന സിനിമയില്‍ അഭിനയിപ്പിക്കുകയായിരുന്നു. അതൊരു തുടക്കമായിരുന്നു. പിന്നീടങ്ങോട്ട് തന്റെ സിനിമകളില്‍ എന്നും അജിത്തിനായി ഒരു വേഷം അദ്ദേഹം കരുതി വെച്ചിരുന്നു.

അസിസ്റ്റന്റുമാരിൽ ആരെങ്കിലും മാറിയാല്‍ അജിത്തിനെ പരിഗണിക്കാമെന്നായിരുന്നു ആദ്യം പത്മരാജൻ നല്‍കിയ മറുപടി. എന്നാല്‍ അജിത്തിനെന്താണ് അഭിനയിക്കാന്‍ ആഗ്രഹമില്ലാത്തത്, നല്ല കണ്ണുകളല്ലേ എന്നും പത്മരാജന്‍ ചോദിച്ചിരുന്നു. അദ്ദേഹത്തില്‍ നിന്നും കിട്ടിയ പരിഗണന മറ്റൊരു സിനിമാപ്രവര്‍ത്തകനില്‍ നിന്നും ലഭിച്ചിരുന്നില്ലെന്ന് മുന്‍പ് ഒരഭിമുഖത്തിനിടയില്‍ അജിത്ത് വ്യക്തമാക്കിയിരുന്നു.

വില്ലന്‍മാരിലെ പ്രമുഖന്‍

പ്രതിനായക വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ഇദ്ദേഹം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഏകദേശം അഞ്ഞൂറോളം സിനിമകളിലും നിരവധി ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. 1987ൽ ഇറങ്ങിയ അഗ്നിപ്രവേശം എന്ന ചിത്രത്തിൽ നായകനായും അഭിനയിച്ചു. കോളിംഗ് ബെല്‍’ എന്ന സിനിമയിലൂടെ സംവിധാന രംഗത്തും അജിത്ത് ചുവട് വച്ചിരുന്നു.

ആറാം തമ്പുരാന്‍, ഒളിമ്പ്യന്‍ അന്തോണി ആദം, വല്യേട്ടന്‍, മാര്‍ക്ക് ആന്റണി, ബാലേട്ടന്‍, ദി ടൈഗര്‍, പ്രജാപതി, റെഡ് സല്യൂട്ട്, അവന്‍ ചാണ്ടിയുടെ മകന്‍, നഗരം. ചേകവര്‍, തേജാഭായ് ആന്‍ഡ് ഫാമിലി, സിംഹാസനം തുടങ്ങിയ സിനിമകളിലെ അജിതിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. 2012 ല്‍ പുറത്തിറങ്ങിയ ഇവന്‍ അര്‍ധനാരിയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button