ചാണക്യന്‍, വ്യൂഹം, സൂര്യമാനസം, ഗുണ, ക്ഷണക്കത്ത്, ഗാന്ധാരി, ഹൈവേ, മയില്‍പ്പീലിക്കാവ് തുടങ്ങി നിരവധി ശ്രദ്ധേയ സിനിമകള്‍ എഴുതിയ തിരക്കഥാകൃത്താണ് സാബ് ജോണ്‍. എന്നാല്‍ കഴിഞ്ഞ ഇരുപത് വര്‍ഷമായി മലയാളികള്‍ക്ക് ഇദ്ദേഹത്തെക്കുറിച്ച് ഒരു അറിവും ഉണ്ടായിരുന്നില്ല. മലയാളത്തില്‍ ആദ്യമായി വിതരണക്കമ്പനി തുടങ്ങിയ തിരക്കഥാകൃത്തായിരുന്നു സാബ്. ‘പ്രിയം’ എന്ന സിനിമയായിരുന്നു ആദ്യസംരംഭം. അതിന്റെ തുടര്‍ച്ചയായി ‘മാജിക് ലാമ്പ്’ എന്നപേരിലൊരു പ്രോജക്ടും ആരംഭിച്ചു. എന്നാല്‍ മുഴുമിപ്പിക്കാനാകാതെപോയ ആ ചിത്രത്തിലൂടെ വിതരണക്കാരനായ സാബ് ജോണ്‍ എന്ന പ്രശസ്ത തിരക്കഥാകൃത്ത് പെട്ടെന്ന് 90 ലക്ഷത്തിന്റെ കടക്കാരനായി മാറി. 1999-ല്‍ ആരോടും പറയാതെ ഒരുനാള്‍ അയാള്‍ അപ്രത്യക്ഷനായി. നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സാബ് തന്റെ ജീവിതത്തെക്കുറിച്ച് പങ്കുവയ്ക്കുന്നു.
”എന്നെ സംബന്ധിച്ചിടത്തോളം സിനിമയിലെ ഏറ്റവും വലിയ മോഹം നിര്‍മാതാവ്, എഴുത്തുകാരന്‍, സംവിധായകന്‍ എന്നീ മൂന്നുറോളുകളും ഒരുമിച്ച് കൈകാര്യം ചെയ്യുകയെന്നതായിരുന്നു. പേരിനോ പ്രശസ്തിക്കോ വേണ്ടിയല്ല. അങ്ങനെ ചെയ്യുമ്പോള്‍ കഥയ്ക്കാവശ്യമായ ബജറ്റ് മുതല്‍ നമുക്ക് ഇഷ്ടാനുസരണം രൂപപ്പെടുത്താം. അത് സിനിമയെ കൂടുതല്‍നന്നാക്കും. സാബ് എന്റര്‍ടെയ്ന്‍മെന്റ് തുടങ്ങുന്നത് അങ്ങനെയാണ്. സംവിധായകനായില്ലെങ്കിലും ‘പ്രിയ’ത്തില്‍ എഴുത്തുകാരനും വിതരണക്കാരനുമാകാനായി. പക്ഷേ, ‘മാജിക് ലാമ്പി’ല്‍ എനിക്ക് വിതരണക്കാരന്റെ ചുമതലമാത്രമായിരുന്നു. എഴുത്തുകാരനായിരിക്കുമ്പോള്‍ നമുക്ക് പ്രത്യേക ബഹുമാനംകിട്ടും. പക്ഷേ, നിര്‍മാതാവിനോ വിതരണക്കാരനോ പലപ്പോഴും അത് കിട്ടില്ല. അയാള്‍ ഒരു ചതുരക്കള്ളിക്കുള്ളിലേക്ക് മാറ്റിനിര്‍ത്തപ്പെടും. നിങ്ങള്‍ അവിടെനിന്ന് കണ്ടാല്‍മതിയെന്ന മട്ടില്‍ പല നിര്‍ദേശങ്ങള്‍വരും. അങ്ങനെ മാറ്റിനിര്‍ത്തപ്പെട്ട് മുന്നില്‍ പലതും കാണേണ്ടിവന്നു. ചെയ്യരുത് എന്ന് പറയാന്‍ മനസ്സ് പറഞ്ഞിട്ടും പറയാനാകാതെ എല്ലാം കണ്ടുനില്‍ക്കേണ്ടിവന്നു. പക്ഷേ, ആ പ്രോജക്ടിനോട് എനിക്ക് ധാര്‍മികബാധ്യതയുണ്ടായിരുന്നു. ഒരേസമയം ആ കാരണംകൊണ്ടും പിന്നെ കൂടുതല്‍ നഷ്ടങ്ങളുണ്ടാകാതിരിക്കാനും ഞാന്‍ പിന്മാറുകയായിരുന്നു. പക്ഷേ, അതുകൊണ്ടൊന്നും കാര്യമുണ്ടായില്ല. പോകാനുള്ളതെല്ലാം പോയി.”
(കടപ്പാട് : മാതൃഭൂമി)
Post Your Comments