പുതുമുഖ നടന്മാരെ പരിചയപ്പെടുത്തുന്ന ചിത്രങ്ങള്‍ പലപ്പോഴും പരാജയപ്പെടാറുണ്ട്. എന്നാല്‍ അങ്ങനെ പരാജയപ്പെടുമ്പോള്‍ അതിന്റെ പഴി മുഴുവന്‍ കേള്‍ക്കേണ്ടി വരുന്നത് സംവിധായകന്‍ മാത്രം. അത്തരം ഒരു അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകന്‍ എം എ നിഷാദ്. ഒരു സംവിധായകന്‍ എന്ന നിലയില്‍ എനിക്കൊന്നും ചെയ്യാനില്ലായിരുന്ന ചിത്രമാണ് ‘ബെസ്റ്റ് ഓഫ് ലക്ക്’ എന്ന് നിഷാദ് പറയുന്നു. തന്നോടുള്ള സൗഹൃദം കൊണ്ട് മമ്മൂട്ടി ഒരു ഭാഗത്തില്‍ അഭിനയിച്ചു. എന്നാല്‍ ചിത്രം വന്‍ പരാജയമായി. ഇതിനെക്കുറിച്ച് ഒരുചാനലിനു നല്‍കിയ അഭിമുഖത്തിലാണ് നിഷാദ് പറയുന്നത്.
എം.എ.നിഷാദിന്റെ വാക്കുകള്‍ ഇങ്ങനെ:
‘പകല്‍, എന്റെ ആദ്യത്തെ സിനിമയാണ്. അതൊരു സത്യസന്ധമായ സിനിമയാണ്. മറ്റ് സിനിമകള്‍ സത്യസന്ധമാണോ എന്ന് ചോദിച്ചാല്‍ ‘ബെസ്റ്റ് ഓഫ് ലക്ക്’ അല്ല. ബെസ്റ്റ് ഓഫ് ലക്കില്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ എനിക്കൊന്നും ചെയ്യാനില്ലായിരുന്നു. അതൊരു പരീക്ഷണ പടം മാത്രമല്ല, ഞാന്‍ ചെയ്തൊരു അബദ്ധമാണ്. ആ അബദ്ധം ഞാന്‍ ഏറ്റെടുക്കുന്നു. ഞാന്‍ ആരെയും കുറ്റം പറയുന്നില്ല. പലരുടെയും അഭിനയ കളരിയായിരുന്നു ആ സിനിമ.
ഹ്യൂമര്‍ എന്താണെന്ന് പോലും അറിയാത്ത നാലഞ്ച് പിള്ളേര്‍ ചേര്‍ന്ന് അഭിനയിച്ച് കുളമാക്കിയ സിനിമയാണ് അത്. അവര്‍ക്ക് വേണമെങ്കില്‍ പറയാം അതിന്റെ സ്‌ക്രിപ്റ്റ് നല്ലതല്ലെന്നൊക്കെ. ഞാനതെല്ലാം ഏറ്റെടുക്കുന്നു. പക്ഷെ ഡബ്ബിംഗ് കഴിഞ്ഞിട്ട് കെട്ടിപ്പിടിച്ച് പോയവവരാണ് അവരെന്ന് മറക്കരുത്. ഞങ്ങള്‍ക്കൊരു ഹിറ്റ് കിട്ടാന്‍ പോകുന്നു എന്നൊക്കെയാണ് പറഞ്ഞ്. ആ സിനിമയില്‍ അവര്‍ക്ക് പകരം അഭിനയിക്കാന്‍ അറിയുന്ന നാല് താരങ്ങളാണ് അഭിനയിച്ചിരുന്നെങ്കില്‍, അഭിനയിക്കാന്‍ അറിയാവുന്ന, ഹ്യൂമര്‍ കൈകാര്യം ചെയ്യുന്ന ജയസൂര്യയോ കുഞ്ചാക്കോ ബോബനോ ഇന്ദ്രജിത്തോ അതുപോലെ ആരെങ്കിലുമൊക്കെ അഭിനയിച്ചിരുന്നെങ്കില്‍ ഈ സ്ഥിതി ആവില്ലായിരുന്നു. ആ സിനിമ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായിരുന്നേനെ.
ഊര്‍വശിയെയും പ്രഭുവിനെയും പോലെ നല്ല ടൈമിംഗ് ഉള്ള ആര്‍ട്ടിസ്റ്റുകളുടെ മുമ്പില്‍ പിടിച്ചു നില്‍ക്കാനാകാതെ കിടന്ന് കഷ്ടപ്പെടുന്ന ഒരു വിഭാഗത്തിനെയാണ് ഞാന്‍ കണ്ടത്. ഞാന്‍ ആരെയും കുറ്റപ്പെടുത്തിയിട്ടില്ല. എന്റെ കുഴപ്പമാണ്. മമ്മൂക്ക ഗസ്റ്റ് ആയി വന്നു. എന്നോടുള്ള ആത്മാര്‍ഥതയും സ്നേഹവും കൊണ്ടാണ്, ഞാന്‍ വിളിച്ചിട്ട് വന്നത്. രണ്ട് ഷെഡ്യൂള്‍ കഴിഞ്ഞിട്ടാണ് ഞാന്‍ പോയി വിളിച്ചിട്ട് മമ്മൂക്ക വന്ന് അഭിനയിച്ചത്. ഇത്രയും നല്ലൊരു സിനിമയായിരുന്നു അത്.
ആ സിനിമ പൊട്ടിക്കഴിഞ്ഞപ്പോള്‍ എല്ലാ അര്‍ഥത്തിലും ഡയറക്ടറുടെ മേലേക്ക് കയറി എല്ലാവരും. ഡയറക്ടറുടെ കുഴപ്പമാണെന്ന് പറഞ്ഞു. ശരി, ആ പടം വിജയിച്ചിരുന്നെങ്കിലോ? പടം വിജയിച്ചിരുന്നെങ്കില്‍ അത് ഞങ്ങളുടെ പടമാണെന്ന് പറഞ്ഞേനെ. എപ്പോഴും ഡയറക്ടര്‍ മാത്രം മാറ്റിനിര്‍ത്തപ്പെടുന്ന ഒരു കാലഘട്ടമാണിത്. അത് ശരിയല്ല. അതുകൊണ്ട് ആ സിനിമ ഒഴിച്ച് ബാക്കിയെല്ലാ സിനിമകളും എന്റെ ഹൃദയത്തോട് ചേര്‍ന്നവയാണ്’.
Post Your Comments