മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഒടിയന്. സൂപ്പര്‍താരം വ്യത്യസ്തമായ വേഷ പകര്‍ച്ചയോടെ എത്തുന്ന ഒടിയന് മലയാളത്തിലെ എക്കാലത്തെയും ചെലവേറിയ ചിത്രം കൂടിയായിരിക്കും. ലാലിനെ കൂടാതെ പ്രകാശ് രാജ്, മഞ്ജു വാര്യര്‍, നരേന്, സിദ്ദിക്ക് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.
ഒടിയനില്‍ മമ്മൂട്ടിയും അഭിനയിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഒടിയന് മാണിക്യന്റെ ഗുരുവായി മെഗാസ്റ്റാര്‍ അഭിനയിക്കും എന്നാണ് ചില മാധ്യമങ്ങള്‍ എഴുതിയത്.
അടുത്തിടെ ഒടിയന്റെ സെറ്റില്‍ മമ്മൂട്ടി എത്തിയതാണ് അഭ്യൂഹങ്ങള്‍ക്കിടയാക്കിയത്. എന്നാല്‍ സിനിമയില്‍ മമ്മൂട്ടി അഭിനയിക്കുന്നില്ലെന്ന് സംവിധായകന് ശ്രീകുമാര്‍ മേനോന് ഉറപ്പിച്ചു പറയുന്നു.
“മാണിക്യന് ഒരു ഗുരുവുണ്ട്. നായകനെ പോലെ അദ്ദേഹവും രണ്ടു ഗെറ്റപ്പുകളില്‍ എത്തുന്നുണ്ട്. പക്ഷെ ആ വേഷം ചെയ്യുന്നത് മമ്മൂട്ടിയല്ല. ബോളിവുഡിലെ ഒരു മുതിര്‍ന്ന താരമാണ് അത് ചെയ്യുന്നത്” ശ്രീകുമാര്‍ മേനോന് പറഞ്ഞു. പക്ഷെ ആ താരം ആരാണെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല.
മാണിക്യന്റെ ഗുരുവായി അമിതാഭ് ബച്ചന് അഭിനയിക്കും എന്നാണ് വിശ്വസനീയ കേന്ദ്രങ്ങള്‍ നല്കുന്ന സൂചന. ബിഗ് ബിയുമായി വളരെ അടുത്ത ബന്ധമാണ് മോഹന്‍ലാലിനും ശ്രീകുമാര്‍ മേനോനും ഉള്ളത്. ബച്ചന് അഭിനയിച്ച നിരവധി പരസ്യങ്ങള്‍ മേനോന് സംവിധാനം ചെയ്തിട്ടുണ്ട്. ചിരഞ്ജീവിയുടെ പുതിയ തെലുഗു ചിത്രത്തില്‍ അമിതാഭ് അദ്ദേഹത്തിന്റെ ഗുരുവായി അഭിനയിക്കുകയാണ്. ഇക്കാരണങ്ങള്‍ കൊണ്ട് ഒടിയനില്‍ ബച്ചന്റെ സാന്നിദ്ധ്യം ഉണ്ടാകും എന്ന പ്രതിക്ഷയാണ് മോഹന്‍ലാല്‍ ആരാധകര്‍ക്കുള്ളത്.
മാമാങ്കം എന്ന സിനിമയിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ആ സിനിമയുടെ ലൊക്കേഷനില്‍ എത്തിയപ്പോഴാണ് അദ്ദേഹം തൊട്ടടുത്തുള്ള ഒടിയന്റെ ലൊക്കേഷനും സന്ദര്‍ശിച്ചത്.
Post Your Comments