ധ്രുവങ്ങള്‍ പതിനാറ് എന്ന സിനിമയ്ക്ക് ശേഷം കാര്‍ത്തിക് നരേന് സംവിധാനം ചെയ്യുന്ന സിനിമയാണ് നരകസൂരന്. അരവിന്ദ് സ്വാമി നായകനാകുന്ന ചിത്രം നിര്‍മിക്കുന്നത് ഗൗതം മേനോന്, വെങ്കട്ട് സോമസുന്ദരം, രേഷ്മ ഘടല എന്നിവര്‍ ചേര്‍ന്നാണ്.
പണം മുടക്കാതെ ഗൗതം മേനോന് വഞ്ചിച്ചെന്ന് പറഞ്ഞ് കാര്‍ത്തിക് നരേന് ഇന്നലെയാണ് ട്വിറ്ററിലൂടെ രംഗത്ത് വന്നത്. ഗൗതം മേനോന് സ്വയം സംവിധാനം ചെയ്യുന്ന ചിത്രങ്ങള്‍ക്ക് വേണ്ടി മാത്രമാണ് പണം മുടക്കുന്നതെന്നും അതുകൊണ്ട് നരകസൂരന് വേണ്ടി സ്വന്തം കയ്യില്‍ നിന്ന് പണം മുടക്കേണ്ടി വന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. ആരോപണം മേനോന് നിഷേധിച്ചെങ്കിലും നായകന് അരവിന്ദ് സ്വാമി കൂടി ഇടപെട്ടതോടെ വിവാദം വീണ്ടും സജീവമായി.
അരവിന്ദ് സ്വാമിക്ക് പ്രതിഫലം കൊടുക്കാതിരുന്നതിനെ തുടര്‍ന്ന് ഇടയ്ക്ക് നരകസൂരന്റെ ചിത്രീകരണം മുടങ്ങിയിരുന്നു. അദ്ദേഹത്തിന്റെ മനസ് നല്ലതായത് കൊണ്ട് മാത്രമാണ് ഡബ്ബ് ചെയ്യാന്‍ സമ്മതിച്ചതെന്ന് കാര്‍ത്തിക് ഇന്നലെ പറഞ്ഞിരുന്നു. സംവിധായകന് പറഞ്ഞ കാര്യങ്ങള്‍ പരോക്ഷമായി സമ്മതിച്ചു കൊണ്ടാണ് അരവിന്ദ് സ്വാമി ഇപ്പോള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
“അതെ, നമ്മള് ചില കാര്യങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. മറ്റുള്ളവരോട് നാം എന്താണ് ചെയ്യുന്നത് എന്ന് തിരിച്ചറിയാനുള്ള രണ്ടു കണ്ണുകള്‍, സത്യം കേള്‍ക്കാനുള്ള കാതുകള്‍, തെറ്റ് ചെയ്യുമ്പോള്‍ ചൂണ്ടികാണിക്കുന്ന മനസാക്ഷി, നമ്മുടെ കുറവുകള്‍ സ്വീകരിക്കാനും ക്ഷമിക്കാനുമുള്ള ഒരു ജോഡി. അതിനു പകരം പാലിക്കാനാവാത്ത ഉറപ്പുകളുടെ പട്ടിക വലുതാക്കുകയാണ് നാം” അരവിന്ദ് സ്വാമി കുറിച്ചു.
നരകസൂരന്റെ ചിത്രീകരണ സമയത്ത് നിര്‍മാതാവെന്ന നിലയില്‍ താന്‍ ഒരിക്കലും കാര്‍ത്തിക്കിനെ ബുദ്ധിമുട്ടിച്ചിട്ടില്ലെന്നാണ് ഗൗതം മേനോന് നേരത്തെ പറഞ്ഞത്. തനിക്ക് വേണ്ടി പണം മുടക്കാന്‍ തയ്യാറായവരോട് കാര്‍ത്തിക്കിന് വേണ്ടത് നല്‍കാനാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.
Post Your Comments