കീരിക്കാടന്‍ ജോസ് എന്ന് പറഞ്ഞാല്‍ അറിയാത്ത മലയാളികളുണ്ടാകില്ല. കിരീടം എന്ന ഒറ്റ സിനിമയിലൂടെയാണ് മോഹന്‍രാജ് ഏവരുടെയും പേടി സ്വപ്നമായി മാറിയത്. നല്ല പൊക്കം, ഒത്ത ശരീരം, പൌരുഷം നിറഞ്ഞ മുഖം, പരുക്കന്‍ ശബ്ദം. ഇതെല്ലാം ചേര്‍ന്നപ്പോള്‍ മോഹന്‍ലാലിന് ചേര്‍ന്ന വില്ലനായി മോഹന്‍ രാജ്.
കിരീടത്തിന്‍റെ വിജയത്തെ തുടര്‍ന്ന് ഗുണ്ടാത്തലവന്‍റെ നിരവധി വേഷങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയത്. പക്ഷെ വര്‍ഷമിത്ര കഴിഞ്ഞിട്ടും കീരിക്കാടന്‍റെ പേരില്‍ അറിയപ്പെടാനാണ് മോഹന്‍രാജിന്‍റെ യോഗം. കിരീടം നടനെ പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിച്ചെങ്കിലും അതേ സിനിമ തന്നെയാണ് അദ്ദേഹത്തെ ജീവിതം തകര്‍ത്തതെന്ന കാര്യം അധികമാര്‍ക്കും അറിയില്ല.
മോഹന്‍രാജ് അന്നത്തെ സംഭവങ്ങള്‍ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പങ്കു വച്ചു.
എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥനായി ജോലി ചെയ്യുമ്പോഴാണ് മോഹന്‍രാജ് കിരീടത്തില്‍ അഭിനയിച്ചത്. കേന്ദ്ര സര്‍ക്കാര്‍ സര്‍വിസില്‍ ജോലി ചെയ്യുമ്പോള്‍ സര്‍ക്കാര്‍ അനുമതിയോടെയേ സിനിമയില്‍ അഭിനയിക്കാനാകൂ. അതൊന്നും ചെയ്യാതെയാണ് അദ്ദേഹം കിരീടത്തിലും പിന്നീടുള്ള സിനിമകളിലും അഭിനയിച്ചത്.
സര്‍ക്കാരിന്‍റെ അനുവാദം വാങ്ങാതിരുന്നത് മോഹന്‍രാജിന് പിന്നീട് വിനയായി. സര്‍വീസില്‍ നിന്ന് അദ്ദേഹത്തെ സസ്പെന്‍റ് ചെയ്തു.ചില മേലുദ്യോഗസ്ഥരുടെ അസൂയയും പ്രതികാര മനോഭാവവുമാണ് നടപടിക്ക് കാരണമായതെന്ന് മോഹന്‍രാജ് പറയുന്നു.
തുടര്‍ന്ന് നീണ്ട ഇരുപത് വര്‍ഷത്തെ നിയമ പോരാട്ടത്തിനു ശേഷമാണ് ജോലി തിരികെ ലഭിച്ചത്. പക്ഷെ അത്രയും കാലത്തെ സര്‍വിസ് നഷ്ടപ്പെട്ടു. സഹപ്രവര്‍ത്തകരുടെ മോശം പെരുമാറ്റം കൂടിയായപ്പോള്‍ ജോലിയില്‍ തുടരാന്‍ തോന്നിയില്ലെന്ന് മോഹന്‍രാജ് പറയുന്നു.അതുകൊണ്ട് അധികം വൈകാതെ അദ്ദേഹം ജോലിയില്‍ നിന്ന് സ്വയം വിരമിച്ചു.
സിനിമയില്‍ സജീവമാകണമെന്നുണ്ടായിരുന്നെങ്കിലും അധികം അവസരമൊന്നും ലഭിച്ചില്ല. ന്യൂജനറേഷന്‍ സിനിമകളുടെ കാലം വന്നത് തന്നെ കാരണം. ആജാനബാഹുക്കളായ വില്ലന്മാരെ ഇന്നത്തെ സിനിമയ്ക്ക് ആവശ്യമില്ലെന്ന് മോഹന്‍രാജ് പറയുന്നു.
Post Your Comments