യുവതാരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുതുമുഖ സംവിധായകൻ ഡിജോ ചെയ്ത ചിത്രമാണ് ക്വീന്‍. ചിത്രത്തിൽ ചെറുതെങ്കിലും രണ്ട് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത നടന്മാരാണ് സലീം കുമാറും നന്ദുവും.സ്പിരിറ്റ് എന്ന സിനിമയ്ക്ക് ശേഷം നന്ദു ചേട്ടൻ അഭിനയിച്ചതിൽ ഏറെ ശ്രദ്ധ നേടിയ ഒരു കഥാപാത്രം ഒരുപക്ഷെ ക്വീനിലേതാകാം.
ഈ ചിത്രത്തിലെ നന്ദുവിന്റെ അഭിനയത്തെക്കുറിച്ച് സംവിധായകന് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. സിനിമ റിലീസായ സമയത്ത് തിയേറ്ററിനുള്ളിൽ നന്ദു ചേട്ടന്റെ കഥാപാത്രത്തെ ഏറെ അമർഷത്തോടെയാണ് പ്രേക്ഷകർ പ്രതികരിച്ചത്. കാളൂർ എന്ന വക്കീലിനോട് അത്രയ്ക്കും ദേഷ്യമായിരുന്നു പല കാണികൾക്കും ഉണ്ടായിരുന്നത് എന്ന് ഞാൻ ശ്രദ്ധിക്കുകയുണ്ടായി. അത് നന്ദു ചേട്ടൻ തന്നെ വിളിച്ച് പറയുകയുമുണ്ടായി.
അദ്ദേഹം ചെയ്ത കഥാപാത്രം എത്രത്തോളം പ്രേക്ഷകർക്കിടയിലേക്ക് ഇറങ്ങിച്ചെന്നു എന്നുള്ളതിന് ഒരു തെളിവായിരുന്നു അവയെല്ലാം. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും പരിപൂർണ്ണനായ നടന്മാരിൽ ഒരാളാണ് നന്ദു ചേട്ടൻ.
ഒരുപാട് വർഷമായി അഭിനയ രംഗത്തുള്ളതിന്റെ എക്സ്പീരിയൻസ് അദ്ദേഹത്തിന്റെ പെർഫോമൻസിൽ പ്രകടമായിരുന്നു. പല സീനുകളിലും അദ്ദേഹം പറയേണ്ട ഡയലോഗുകൾ സ്പോട്ടിൽ ആയിരുന്നു പറഞ്ഞു കൊടുത്തിരുന്നത്. എന്നാൽ അത് പഠിക്കാൻ പോലും സമയം ആവശ്യപ്പെടാതെ സിംഗിൾ ടേക്കിൽ അവയെല്ലാം വളരെ നിസ്സാരമായി അദ്ദേഹം ചെയ്യുമായിരുന്നു. ഞാനായിരുന്നു ആ സീനിൽ അഭിനയിക്കുന്നതെങ്കിൽ നമ്മുടെ തിരക്കഥാകൃത്തുക്കളുടെ തൂലികയിൽ വിരിഞ്ഞ ആ നെടു നീളൻ ഡയലോഗുകൾ പഠിക്കാൻ വർഷങ്ങളുടെ തപസ്സ് വേണ്ടി വന്നേനെ..
എന്നാൽ അദ്ദേഹം അത് നിസ്സാരമായി ചെയ്തു. ചില വേഷങ്ങൾ ചെയ്യാൻ ചില പ്രഗത്ഭരായ നടന്മാരെ സംവിധായകർ തിരഞ്ഞെടുക്കുന്നത് ഇതുകൊണ്ടാവാം. ആ പ്രതിഭ നന്ദു എന്ന കലാകാരനിലുണ്ട്. അത് നമ്മുടെ ജനറേഷനിൽ ഉള്ള പ്രേക്ഷകർക്കും സംവിധായകർക്കും പോലുമറിയാം. അല്ലെങ്കിൽ ഞങ്ങൾ ഇത്രയും പുതുമുഖങ്ങൾ ചേർന്നൊരുക്കുന്ന ചിത്രത്തിൽ എങ്ങനെ നന്ദു ചേട്ടൻ എത്തിപ്പെടും? സംവിധായകന്‍ പറഞ്ഞു.
Post Your Comments