വിജയിച്ച സിനിമകളുടെ പിന്തുടര്‍ച്ചകള്‍ വരുന്നത് എല്ലാ ഭാഷകളിലും പതിവാണ്. ഹോളിവുഡ് സിനിമയിലെ ക്ലാസിക്കുകളായ ഗോഡ് ഫാദര്‍, ലോര്‍ഡ് ഓഫ് റിങ്ങ്സ് മുതല്‍ ഹിന്ദിയില്‍ അടുത്ത കാലത്ത് വന്ന കൃഷ് വരെ എത്രയോ ഉദാഹരണങ്ങളാണ് നമുക്ക് മുന്നിലുള്ളത്. എന്തിരന്‍, വിശ്വരൂപം തുടങ്ങിയ സിനിമകളുടെ തുടര്‍ച്ചകള്‍ അടുത്ത് തന്നെ തിയറ്ററുകളില്‍ എത്തും. കമലാഹാസന്‍ നായകനായ ഇന്ത്യന്‍റെ
രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം ഈ വര്‍ഷം പകുതിയോടെ തുടങ്ങുമെന്നറിയുന്നു.
ഒരു സിനിമയുടെ തുടര്‍ച്ച വരുമ്പോള്‍ പലതുണ്ട് മെച്ചം. ആദ്യ ഭാഗം കണ്ട പ്രേക്ഷകര്‍ ഇതും കാണുമെന്ന് ന്യായമായും പ്രതിക്ഷിക്കാം. പ്രേക്ഷകര്‍ക്ക് ചിരപരിചിതരായി കഴിഞ്ഞ കഥാപാത്രങ്ങളെ വീണ്ടും പരിചയപ്പെടുത്തുകയും വേണ്ട.
മലയാളത്തിലെ എത്രയോ സിനിമകളാണ് രണ്ടും മൂന്നും ഭാഗങ്ങളായി വന്ന് ജനമനസുകളില്‍ ഇടം പിടിച്ചത്. റാംജിറാവു സ്പീക്കിംഗ്, ഒരു സിബിഐ ഡയറിക്കുറിപ്പ്, കീര്‍ത്തിചക്ര തുടങ്ങിയ ചിത്രങ്ങള്‍ക്കെല്ലാം രണ്ടിലധികം
ഭാഗങ്ങളുണ്ടായി. മലയാള സിനിമാ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം വെള്ളിത്തിരയില്‍ പുനരവതരിച്ച നായകന്‍ സേതുരാമയ്യരാണ്. സിബിഐ ഡയറിക്കുറിപ്പിന് ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നിങ്ങനെ നാലു ഭാഗങ്ങളാണ് വന്നത്. ഇപ്പോള്‍ പണിപ്പുരയിലുള്ള അഞ്ചാം
ഭാഗം കൂടി വന്നാല്‍ അത് ചരിത്ര സംഭവമാകും.
റാംജിറാവുവിന്‍റെ രണ്ടാം ഭാഗമായ മാന്നാര്‍ മത്തായി സ്പീക്കിംഗ് വിജയിച്ചെങ്കിലും മൂന്നാം ഭാഗം എന്ന വിശേഷണവുമായെത്തിയ ചിത്രത്തെ പ്രേക്ഷകര്‍ നിര്‍ദാക്ഷിണ്യം കൈവിടുകയാണ് ചെയ്തത്. കീര്‍ത്തിചക്രക്കും സമാന വിധിയാണുണ്ടായത്. ആദ്യ ഭാഗം ചരിത്ര വിജയമായപ്പോള്‍ പിന്നീട് വന്ന കുരുക്ഷേത്രയും 1971 ബിയോണ്ട്
ദി ബോര്‍ഡെഴ്സും പരാജയപ്പെട്ടു.
മമ്മൂട്ടിയുടെ ഏറ്റവും മികച്ച ആക്ഷന്‍ സിനിമകളില്‍ ഒന്നാണ് ആവനാഴി. ആ ചിത്രത്തിന്‍റെ രണ്ടാം ഭാഗമായ ഇന്‍സ്പെക്ടര്‍ ബല്‍റാം തൊണ്ണൂറുകളിലെ ഏറ്റവും വലിയ വിജയമായിരുന്നു. എന്നാല്‍ അതിരാത്രത്തിലെ താരാദാസും ബല്‍റാമും ഒന്നിച്ച ബല്‍റാം vs താരാദാസിന് ബോക്സ് ഓഫിസില്‍ കനത്ത തിരിച്ചടിയാണ്
നേരിട്ടത്.
മോഹന്‍ലാല്‍ – ശ്രീനിവാസന്‍ കൂട്ടുകെട്ട് ജനമനസുകളില്‍ ചിരപ്രതിഷ്ഠ നേടിയത് നാടോടിക്കാറ്റ് എന്ന ചിത്രത്തിലൂടെയാണ്. ദാസന്‍റെയും വിജയന്‍റെയും നിര്‍ദോഷമായ തമാശകള്‍ കേട്ട് ചിരിക്കാത്ത മലയാളികളുണ്ടാവില്ല.സിനിമയുടെ രണ്ടാം ഭാഗമായ പട്ടണപ്രവേശം വിജയിച്ചെങ്കിലും സിഐഡികളെ കടല്‍ കടത്തിയ അക്കരെ അക്കരെ അക്കരെ യാതൊരു ചലനവുമുണ്ടാക്കിയില്ല.
ഇന്‍ഹരിഹര്‍നഗറാണ് ഏറ്റവും കൂടുതല്‍ പിന്തുടര്‍ച്ച വന്ന മറ്റൊരു മലയാള ചിത്രം. ആദ്യ ഭാഗം സിദ്ദിക്കും ലാലും ചേര്‍ന്നാണ് സംവിധാനം ചെയ്തതെങ്കില്‍ തുടര്‍ന്നുള്ള ഭാഗങ്ങള്‍ ലാല്‍ തനിച്ചാണ് ചെയ്തത്. ടു ഹരിഹര്‍ നഗര്‍, ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍ എന്നിവ നിര്‍മാതാവിന് ലാഭമുണ്ടാക്കി കൊടുത്ത സിനിമകളാണ്.
സുരേഷ് ഗോപിയെ സൂപ്പര്‍താര പദവിയിലേക്കുയര്‍ത്തിയ കമ്മിഷണര്‍ സിനിമയിലെ ഭരത് ചന്ദ്രന്‍ മൂന്നു വട്ടമാണ് വെള്ളിത്തിരയില്‍ എത്തിയത്. തിരക്കഥാകൃത്ത് കൂടിയായ രണ്‍ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്ത ഭരത് ചന്ദ്രന്‍ ഐപിഎസ് എന്ന രണ്ടാം ഭാഗം സൂപ്പര്‍ഹിറ്റായി. പക്ഷെ ദി കിംഗ് സിനിമയിലെ ജോസഫ്
അലക്സിനോടൊപ്പം വന്ന ദി കിംഗ് ആന്‍റ് കമ്മിഷണര്‍ അമ്പേ പരാജയമായി മാറി.
കിരീടം, ഇരുപതാം നൂറ്റാണ്ട്, കിലുക്കം, മണിച്ചിത്രത്താഴ്, ദേവാസുരം, ആഗസ്റ്റ് ഒന്ന്, മിമിക്സ് പരേഡ് എന്നിവയാണ് പിന്തുടര്‍ച്ചകള്‍ വന്ന മറ്റ് പ്രധാന സിനിമകള്‍.
Post Your Comments