ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്‍ മഹാഭാരത കഥ സിനിമയാക്കുന്നു എന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ആയിരം കോടി രൂപ ചെലവില്‍ എടുക്കുന്ന സിനിമ ആമിര്‍ തന്നെയാവും സംവിധാനം ചെയ്യുക. മുകേഷ് അംബാനിയാണ് നിര്‍മാണം. രാജ്യത്തിനകത്തും പുറത്തുമുള്ള അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും അണി നിരക്കുന്ന ചിത്രം ഹോളിവുഡ് സിനിമകളോട് കിട പിടിക്കുന്ന രീതിയില്‍ എടുക്കണം എന്നാണ് മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റിന്‍റെ ആഗ്രഹം.
മഹാഭാരതം തന്‍റെ ഡ്രീം പ്രോജക്റ്റാണെന്ന് ആമിര്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. ലോര്‍ഡ് ഓഫ് റിങ്ങ്സ് മാതൃകയില്‍ പല ഭാഗങ്ങളായി ഇറക്കുന്ന സിനിമയ്ക്ക് പിന്നില്‍ ഒന്നിലധികം സംവിധായകര്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്. പക്ഷെ ആമിര്‍ ഏത് വേഷമായിരിക്കും ചെയ്യുക എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയായിട്ടില്ല. അദ്ദേഹം ശ്രീകൃഷ്ണന്‍റെ വേഷം ചെയ്യും എന്നാണ് പൊതുവേ കരുതപ്പെടുന്നത്. എന്നാല്‍ കര്‍ണ്ണനും നടന്‍റെ ഇഷ്ട വേഷങ്ങളില്‍ ഒന്നാണ്. ഇതില്‍ ഏതെങ്കിലും ഒരു കഥാപാത്രമായിരിക്കും ആമിര്‍ ചെയ്യുക.
മോഹന്‍ലാല്‍ ഭീമനായെത്തുന്ന മഹാഭാരതം നേരത്തെ അനൌണ്‍സ് ചെയ്തിരുന്നു. എം ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം നോവലിനെ ആസ്പദമാക്കിയെടുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീകുമാര്‍ മേനോനാണ്. ആയിരം കോടി രൂപയാണ് ഈ സിനിമയുടെയും ബഡ്ജറ്റ്. പ്രമുഖ വ്യവസായി ഡോ. ബി ആര്‍ ഷെട്ടി നിര്‍മിക്കുന്ന ചിത്രത്തില്‍ വിവിധ ഭാഷകളിലെ സൂപ്പര്‍താരങ്ങളും അഭിനയിക്കും. തെലുഗു നടന്‍ നാഗാര്‍ജുന കര്‍ണ്ണന്‍റെ വേഷം ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം അവസാനം തുടങ്ങും. രണ്ടു ഭാഗങ്ങളായിട്ടായിരിക്കും സിനിമ റിലീസ് ചെയ്യുക. 2020ല്‍ സിനിമയുടെ ആദ്യഭാഗം പുറത്തിറങ്ങും. അടുത്ത മൂന്നു മാസത്തിനുള്ളില്‍ രണ്ടാം ഭാഗവും.
ആമിര്‍ ഖാന്‍ ഇപ്പോള്‍ തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന സിനിമയുടെ തിരക്കിലാണ്. ആ ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷം അദ്ദേഹം തന്‍റെ മഹാഭാരതത്തിലേക്ക് കടക്കും. ബാഹുബലി സംവിധായകന്‍ രാജമൌലി നേരത്തെ മഹാഭാരത കഥ സിനിമയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അത് അധികം മുന്നോട്ട് പോയില്ല. രാം ചരണ്‍ തേജയും ജൂനിയര്‍ എന്‍ ടി ആറും നായകന്മാരാകുന്ന സിനിമയാണ് അദ്ദേഹത്തിന്‍റെ അടുത്ത പ്രോജക്റ്റ്.
ആമിറിന്‍റെ സിനിമയാണോ അതോ മോഹന്‍ലാലിന്‍റെ സിനിമയാണോ ആദ്യം വരുക എന്ന് കാത്തിരുന്നു കാണാം.
Post Your Comments