കഴിഞ്ഞ അര നൂറ്റാണ്ടായി ബോളിവുഡ് അടക്കി വാഴുന്ന നടനാണ് അമിതാഭ് ബച്ചന്. ചെറുതും വലുതുമായ എത്രയോ നല്ല വേഷങ്ങളാണ് ഇക്കാലയളവിനുള്ളില്‍ അദ്ദേഹം ചെയ്തത്. പക്ഷെ സിനിമയില്‍ വന്ന സമയത്ത് അദ്ദേഹത്തിന് കാര്യങ്ങള്‍ അത്ര സുഗമമായിരുന്നില്ല. ശശി കപൂര്‍, രാജേഷ് ഖന്ന, ധര്‍മേന്ദ്ര എന്നിങ്ങനെയുള്ള സുമുഖരായ നടന്മാര് ഹിന്ദിയില്‍ നിറഞ്ഞു നില്ക്കുന്ന സമയത്താണ് പൊക്കം കൂടിയ, കറുത്ത നിറമുള്ള അമിതാഭ് രംഗപ്രവേശം ചെയ്യുന്നത്.
അക്കാലത്ത് സിനിമയില്‍ ഒരവസരത്തിനായി ബച്ചന് ഏറെ അലഞ്ഞിട്ടുണ്ട്. അന്ന് സംവിധായകര്‍ക്ക് അയച്ചു കൊടുത്തിരുന്ന തന്റെ ഒരു ഫോട്ടോ അദ്ദേഹം ഇന്നലെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു. ” സിനിമാ അവസരത്തിന് വേണ്ടിയുള്ള എന്റെ ആപ്ലിക്കേഷന്‍ ഫോട്ടോ, 1968, എന്നെ വേണ്ടെന്ന് വച്ചതില്‍ അത്ഭുതമില്ല’ എന്നാണ് നടന് ഫോട്ടോക്ക് കൊടുത്ത അടിക്കുറിപ്പ്.
അമിതാഭ് ബച്ചന് കാണാന്‍ മോശമല്ലായിരുന്നുവെങ്കിലും പരമ്പരാഗത സിനിമ സങ്കല്പ്പങ്ങളില് നിന്ന് വേറിട്ട മുഖമായിരുന്നു അദ്ദേഹത്തിന്റെത്. അതുകൊണ്ടു തന്നെ മറ്റ് നടന്മാര് റൊമാന്റിക് വേഷങ്ങളില്‍ വിലസിയപ്പോള്‍ ബച്ചന് സിനിമാലോകത്ത് വേറിട്ട പാത തുറക്കേണ്ടി വന്നു. സഞ്ജീര്‍ എന്ന ചിത്രത്തിലൂടെ രോഷാകുലനായ ചെറുപ്പക്കാരന്റെ സ്ഥാനം പിടിച്ചടക്കിയ അദ്ദേഹത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല എന്നത് ചരിത്രം.
Post Your Comments