CinemaMollywoodNEWS

സംവിധായകന്‍റെ ആക്ഷേപം,നടി പാര്‍വതി അവഗണിച്ചു; മെറീന പറയുന്നു

വലിയ വിവാദങ്ങളില്ലാതിരുന്ന ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡില്‍ ടേക്ക് ഓഫ് എന്ന ചിത്രമാണ് ഭൂരിഭാഗം അവാര്‍ഡുകളും കരസ്ഥമാക്കിയത്. നടിയടക്കം അഞ്ചോളം അവാര്‍ഡുകള്‍ ചിത്രത്തിന് ലഭിച്ചു. ഇറാഖില്‍ തടവിലാക്കപ്പെട്ട നഴ്സുമാരുടെ ജീവിതമാണ്‌ ടേക്ക് ഓഫിന്റെ വിഷയം. പുരസ്കാര ശേഷം ‘ടേക്ക് ഓഫ് ടീം’ തങ്ങളെ അവഗണിച്ചുവെന്ന് യഥാര്‍ത്ഥ സംഭവത്തിലെ നായിക മെറീന ജോസ് വെളിപ്പെടുത്തി.

മെറീനയുടെ വാക്കുകളിലേക്ക്

ഇറാഖില്‍ നഴ്‌സുമാര്‍ക്കുണ്ടായ അനുഭവം മനസ്സിലാക്കാനായി ടേക്ക് ഓഫ് സിനിമയുടെ സംവിധായകന്‍ മഹേഷ് നാരായണ്‍ പലരെയും സമീപിച്ചിരുന്നു. അവരൊന്നും പറയാന്‍ താല്‍പര്യം കാണിച്ചില്ല. കൂടുതല്‍ അനുഭവമുള്ളയാള്‍ എന്ന നിലയില്‍ ചിലര്‍ എന്റെ നമ്പര്‍ നല്‍കി. അനുഭവം സിനിമയാക്കുമ്പോള്‍ നിങ്ങള്‍ക്ക് സഹായം നല്‍കും എന്ന വാഗ്ദാനത്തിലാണ് അവര്‍ എത്തിയത്. ഒന്നുമില്ലാതെ ആരും കഥ പറഞ്ഞുകൊടുക്കില്ലെന്നും ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും എല്ലാവരും എന്നോട് പറഞ്ഞിരുന്നു. എന്നാല്‍ സംവിധായകന്റെ വാക്കുകളില്‍ വിശ്വസിച്ചു. പ്രതിഫലം തന്നിട്ടേ അനുഭവ കഥ പറയാനാകൂ എന്ന് ഒരിക്കലും ഞാന്‍ നിലപാടെടുത്തതുമില്ല. രണ്ട് മണിക്കൂര്‍ സമയമെടുത്താണ് ഇറാഖിലെ അനുഭവങ്ങള്‍ വിവരിച്ചത്. പിന്നീട് നായികയായ പാര്‍വതിയെയും കൂട്ടി എത്തുകയും അവര്‍ക്കായി മുക്കാല്‍ മണിക്കൂര്‍ അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. എല്ലാവരും എന്റെ വിവരണം റൊക്കോര്‍ഡ് ചെയ്താണ് പോയത്. സിനിമയുടെ പ്രൊമോഷന് വേണ്ടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരെ എന്നെ നിര്‍ബന്ധിച്ച് കൊണ്ടുപോയി. പിന്നീട് ഒരു നന്ദി പറയാന്‍ പോലും ആരും വിളിച്ചിട്ടില്ല.

എന്റെ പല ഫോട്ടോകളും തിരികെ ലഭിക്കാനായി അസിസ്റ്റന്റിനെ പലതവണ വിളിച്ചിട്ടും തിരികെ തന്നില്ല. മടുത്തപ്പോള്‍ ഞാന്‍ സോഷ്യല്‍ മീഡിയയില്‍ കൊടുക്കും എന്ന് പറഞ്ഞപ്പോള്‍ അവരുടെ കൈയില്‍ ഫോട്ടോ ഒന്നുമില്ലെന്നായി. ഗോവയില്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ ഞാന്‍ സംവിധായകനെ വിളിച്ചു. നേരത്തെ വാഗ്ദാനം ചെയ്ത കാര്യം പറഞ്ഞപ്പോള്‍ മോശമായാണ് പ്രതികരിച്ചത്. ‘ഇതുവരെ നിങ്ങള്‍ക്ക് കുഴപ്പമില്ലായിരുന്നല്ലോ, അവാര്‍ഡ് തുക മുഴുവന്‍ നിങ്ങള്‍ക്ക് വേണോ എന്നൊക്കെയായിരുന്നു അയാളുടെ ചോദ്യം. ഇത് തുടര്‍ന്നാല്‍ നിയമപരമായി നേരിടും എന്ന ഭീഷണിയും അയാള്‍ മുഴക്കി. പിന്നീട് ഞാന്‍ വിളിച്ചില്ല. അയാളുടെ നമ്പര്‍ ഞാന്‍ തന്നെ ഫോണില്‍ ബ്ലോക്ക് ചെയ്തു.ഞങ്ങളുടെ കണ്ണുനീര് വിറ്റാണ് അവര്‍ പൈസയുണ്ടാക്കിയത്. ജീവിതത്തിനും മരണത്തിനുമിടയില്‍ ഞങ്ങള്‍ അനുഭവിച്ച സംഭവങ്ങളാണ് അവര്‍ക്ക് പകര്‍ന്നുനല്‍കിയത്. എന്നിട്ട് ഇത്‌പോലെ പ്രതികരിക്കുമ്പോള്‍ ഞാന്‍ എന്തിന് വെറുതെയിരിക്കണം.- മെറീന ചോദിക്കുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു മെറീനയുടെ തുറന്നു പറച്ചില്‍.

shortlink

Related Articles

Post Your Comments


Back to top button