മലയാള സിഇമ ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്നത് അതിന്റെ ബഡ്ജറ്റ് വലിപ്പത്തിലായി മാറിക്കഴിഞ്ഞു. ആയിരം കോടിയുടെ ചിത്രങ്ങള്‍ സൂപ്പര്‍ താരങ്ങളെ നായകന്മാരാക്കി അണിയറയില്‍ ഒരുങ്ങുകയാണ്. എന്നാല്‍ വന്‍ ബഡ്ജറ്റില്‍ പ്രഖ്യാപിക്കപ്പെട്ടിടും പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത ചില മോഹന്‍ലാല്‍ ചിത്രങ്ങളുണ്ട്. അവയില്‍ ചിലത് പരിചയപ്പെടാം.
ധനുഷ്കോടി (1989)
ആര്യന് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിച്ച ചിത്രമാണ് ധനുഷ്കോടി. എന്നാല്‍ ഈ ചിത്രം പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു. ഡ്രഗ്ഗ് മാഫിയയുടെ കഥപറഞ്ഞ ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ വന്ദനത്തിലൂടെ ശ്രദ്ധേയായ ഗിരിജയായിരുന്നു നായിക. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും റിലീസ് ചെയ്യണം എന്നായിരുന്നു പദ്ധതി. രഘുറാം, നിഴല്‍കള്‍ രവി, വിന്‍സെന്റ്, ശ്രീനിവാസന് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തി. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും പിന്നീടുള്ള പോക്ക് അത്ര സുഖമല്ല എന്ന് തിരിച്ചറിഞ്ഞതോടെ സിനിമ ഉപേക്ഷിക്കുകയായിരുന്നു.
ചോദ്യം (1990)
കെഎസ് രവികുമാര്‍ ഒരുക്കിയ ആദ്യ ചിത്രമാണ് പുരിയാത പുതിര്‍. തമിഴില്‍ മികച്ച വിജയം നേടിയ ചിത്രം ചോദ്യം എന്ന പേരില്‍ മലയാളത്തില്‍ റീമേക്ക് ചെയ്യാന്‍ ജിഎസ് വിജയന് തീരുമാനിച്ചു. റഹ്മാനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. കൂടെവിടെ എന്ന ചിത്രത്തിന് ശേഷം റഹ്മാന്റെ കരിയറിലെ മികച്ച ചിത്രമായിരിക്കും ചോദ്യം എന്ന് പലരും പറഞ്ഞു. രൂപിണി നായികയായെത്തിയ ചിത്രത്തില്‍ ക്യാപ്റ്റന്‍ രാജുവും അശോകനും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തമിഴില്‍ ശരത്ത്കുമാര്‍ അവതരിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷമാണ് മോഹന്‍ലാലിന് നല്‍കിയത്. എന്നാല്‍ ഷൂട്ടിങ് പുരോഗമിക്കവെ ലാലിന്റെ വേഷത്തിന് പ്രധാന്യം കുറഞ്ഞ് പോയി എന്ന് മനസ്സിലാക്കുകയും സിനിമ ഉപേക്ഷിക്കുകയുമായിരുന്നു.
ആസ്ട്രേലിയ (1992)
നിര്‍മ്മാതാവ് സുരേഷ് കുമാര്‍ മോഹന്‍ലാലിനെയും ശങ്കരിനെയും മുഖ്യ കഥാപാത്രങ്ങളാക്കി ഒരുക്കാന്‍ തീരുമാനിച്ച ചിത്രമാണ് ആസ്ട്രേലിയ. രാജീവ് അഞ്ചലിന്റെ സംവിധാനത്തില്‍ തുടങ്ങിയ ഈ ചിത്രത്തില്‍ രമ്യ കൃഷ്ണനാണ് നായിക. കാര്‍ റൈസിങ് രംഗത്തെ കഥയാണ് സിനിമ പറഞ്ഞത്. എന്നാല്‍ ബജറ്റ് താങ്ങാന്‍ കഴിയാതെ സിനിമ തൊട്ടടുത്ത വര്‍ഷത്തിലേക്ക് നീട്ടിവച്ചു. അങ്ങനെ നീണ്ട് നീണ്ട് സിനിമ ഒടുവില്‍ ഉപേക്ഷക്കപ്പെട്ടു.
ബ്രഹ്മദത്തന് (1993)
കമല്‍ ഹസന് നായകനായ സൂരസംഹാരം എന്ന ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് മോഹന്‍ലാലിനെ നായകനാക്കി അനില്‍ ഒരുക്കിയ ചിത്രമാണ് ബ്രഹ്മദത്തന്. ലാലിനെ നായകനാക്കി നേരത്തെ അനില്‍ സംവിധാനം ചെയ്ത അടിവേരുകള്‍, ദൗത്യം എന്നീ ചിത്രങ്ങള്‍ മികച്ച വിജയം നേടിയിരുന്ന പശ്ചാത്തലത്തിലാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിയ്ക്കുന്നത്. എന്നാല്‍ ചിത്രീകരണം പകുതിയിലെത്തിയപ്പോള്‍ തിരക്കഥയില്‍ ചില അസ്വാരസ്യങ്ങള്‍ അനുഭവപ്പെടുകയും സിനിമ ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് സുരേഷ് ഗോപിയെ നായകനാക്കി ഐവി ശശി ഈ സിനിമ സംവിധാനം ചെയ്തുവെങ്കിലും പരാജയപ്പെട്ടു.
സ്വര്‍ണ്ണച്ചാമരം (1996)
90 കളില്‍ ഏറെ പ്രതീക്ഷയോടെ പ്രഖ്യാപിച്ച ചിത്രമാണ് സ്വര്‍ണ്ണച്ചാമരം. മോഹന്‍ലാലിനൊപ്പം ശിവാജി ഗണേശനും നാഗേഷും നെടുമുടി വേണുവുമൊക്കെ ഒന്നിയ്ക്കുന്ന ചിത്രം വിജയിക്കും എന്ന് ചിത്രീകരണത്തിന് മുമ്പേ പ്രവചിച്ചവരുണ്ട്. രാജീവ് നാഥ് സംവിധാനം ചെയ്ത ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിച്ചത് എംഎം കീരവാണിയാണ്. പക്ഷെ പലകാരണങ്ങളാലും ചിത്രത്തിന്റെ ഷൂട്ടിങ് മുന്നോട്ട് പോയില്ല. പിന്നീട് ലാലിന്റെയും ശിവാജി ഗണേശന്റെയും ഈ ഡേറ്റ് ഉപയോഗിച്ച് നിര്‍മാതാവ് വിബികെ മേനോന് പ്രതാപ് പോത്തന്റെ സംവിധാനത്തില്‍ ഒരു യാത്രാമൊഴി എന്ന ചിത്രമൊരുക്കി.
വിവരങ്ങള്‍ക്ക് കടപ്പാട്: മൂവിസീക്ക്സ്
Post Your Comments