BollywoodGeneralLatest NewsMovie Gossips

എന്‍റെ വാക്ക് വിശ്വസിച്ച അവര്‍ ആത്മഹത്യക്ക് ശ്രമിച്ചു: അജയ് ദേവ്ഗണ്‍

സഹപ്രവര്‍ത്തകരെ ഓരോന്ന് പറഞ്ഞ് കളിപ്പിക്കുന്നത് അജയ് ദേവ്ഗണിന്‍റെ പതിവാണ്. അദ്ദേഹത്തിന്‍റെ ആ സ്വഭാവം സിനിമാ സെറ്റുകളില്‍ എല്ലാവര്‍ക്കും അറിയുകയും ചെയ്യാം. പക്ഷെ നടന്‍ തമാശയ്ക്ക് ചെയ്തത് പിന്നീട് കാര്യമായി മാറിയാലോ ? അങ്ങനെയൊരു സംഭവത്തെ കുറിച്ച് പറയുകയാണ്‌ അജയ് ദേവ്ഗണ്‍.

ഒരു സിനിമാ ചിത്രീകരണത്തിനിടയിലാണ് അജയുടെ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ വിവാഹിതനായത്. സിനിമ മേഖലയുമായി ഒരു പരിചയവുമില്ലാത്ത ഭാര്യയേയും കൂട്ടി അയാള്‍ ഒരിക്കല്‍ ലൊക്കേഷനില്‍ വന്നു.

പാതിരാത്രി വരെ നീളുന്ന ഷൂട്ടിങ്ങായത് കൊണ്ട് ആ സ്ത്രീയ്ക്ക് തന്‍റെ ഭര്‍ത്താവിനെ പകല്‍ നേരങ്ങളില്‍ മാത്രമാണ് കാണാന്‍ സാധിച്ചിരുന്നത്. ഒരിക്കല്‍ അജയ് രഹസ്യമായി അവരോട് പറഞ്ഞു,

“നിങ്ങളുടെ ഭര്‍ത്താവിന് ഒരു പ്രണയമുണ്ട്. സത്യത്തില്‍ ഇവിടെ നൈറ്റ് ഷൂട്ടൊന്നും ഇല്ല. നിങ്ങളോട് അങ്ങനെ കള്ളം പറഞ്ഞ് അയാള്‍ ആരെയോ കാണാന്‍ പോകുന്നതാണ്”

അജയ് പറഞ്ഞത് സ്ത്രീ ആദ്യം വിശ്വസിച്ചില്ലെങ്കിലും അവരുടെ മനസ്സില്‍ സംശയത്തിന്‍റെ വിത്ത് പാകുന്നതില്‍ പക്ഷെ അദ്ദേഹം വിജയിച്ചു.

എട്ടു ദിവസം നീണ്ട നടന്‍റെ കലാപരിപാടികള്‍ക്ക് ശേഷം, ഒമ്പതാം ദിവസം സിനിമ സെറ്റില്‍ കേട്ടത് അമിതമായി ഉറക്ക ഗുളികകള്‍ കഴിച്ച് സ്ത്രീ ആത്മഹത്യക്ക് ശ്രമിച്ചെന്നും അവരെ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തെന്നുമാണ്.

കഴിഞ്ഞ ഒരാഴ്ചയായി പ്രണയ ബന്ധത്തിന്‍റെ പേര് പറഞ്ഞ് സ്ത്രീയും ഭര്‍ത്താവും പൊരിഞ്ഞ വഴക്കായിരുന്നുവെന്ന് അജയ് ദേവ്ഗണ്‍ പിന്നീടറിഞ്ഞു. സ്ത്രീയുടെ സംശയം മാറ്റാന്‍ സിനിമാ സംഘത്തിന് ഏറെ പണിപ്പെടേണ്ടി വന്നു.

അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ്‌ അജയ് ദേവ്ഗണ്‍ പഴയ സംഭവത്തെ കുറിച്ച് മനസ് തുറന്നത്.

shortlink

Related Articles

Post Your Comments


Back to top button