പ്രശസ്ത ഹോളിവുഡ് സിനിമാ നിര്‍മാതാക്കളായ സോണി പിക്ചേഴ്സ് മലയാളത്തിലേക്ക്. പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയ്ക്ക് വേണ്ടിയാണ് സോണിയും നടന്റെ സ്വന്തം നിര്‍മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും കൈ കോര്‍ക്കുന്നത്.
നല്ല ഒരു തിരക്കഥ കിട്ടിയതു കൊണ്ടാണ് സോണി പിക്ചേഴ്സിനെ ബന്ധപ്പെട്ടതെന്നും കഥ ഇഷ്ടമായ അവര്‍ നിര്‍മാണ പങ്കാളികളാകാമെന്ന് സമ്മതിക്കുകയായിരുന്നുവെന്നും നടന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
നേരത്തെ ആഗസ്റ്റ് സിനിമാസിന്റെ ഭാഗമായിരുന്ന പൃഥ്വിരാജ് അടുത്തിടെയാണ് സ്വന്തം നിര്‍മാണ കമ്പനിക്ക് രൂപം കൊടുത്തത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ കന്നി സംരംഭത്തിന് വേണ്ടിയാണ് ഹോളിവുഡ് സിനിമാ ഭീമന്മാരുമായി കൈകോര്‍ക്കുന്നത്. ജെനുസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന നയന്‍ ആയിരിക്കും കമ്പനിയുടെ ആദ്യ സിനിമ എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. പൃഥ്വിരാജ് ശാസ്ത്രജ്ഞന്റെ വേഷത്തിലെത്തുന്ന നയന്‍ ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറായിരിക്കും. ആ സിനിമയ്ക്ക് വേണ്ടിയാണോ ഇരു കമ്പനികളും ഒന്നിക്കുന്നത് എന്ന് വ്യക്തമല്ല.
ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രില്‍ മാസത്തില്‍ തുടങ്ങുമെന്ന് സോണി പിക്ചേഴ്സ് പത്രക്കുറിപ്പില്‍ പറഞ്ഞു.
Post Your Comments