ലോകസിനിമയില്‍ ആദ്യമായി ഒരു സിനിമയില്‍ നായകന് നാല്‍പ്പതില്‍പരം വേഷങ്ങളില്‍ എത്തുന്നു. രണ്ടര പതിറ്റാണ്ടിലേറെയായി ചിത്ര-ശില്‍പ്പ കലാരംഗത്തും, സിനിമാരംഗത്തുമായി പ്രവര്‍ത്തിക്കുന്ന പി.ആര്. ഉണ്ണി കൃഷ്ണന് ആദ്യമായി സംവിധാനം ചെയ്യുന്ന ‘ആരാണ് ഞാന്‍’ എന്ന ചിത്രത്തിലാണ് നായകന് നാല്‍പ്പതില്‍പരം വ്യത്യസ്തമായ വേഷങ്ങളിലെത്തുന്നത്. കൊട്ടാരക്കരക്കാരനായ ഡോ. ജോണ്സണ് ജോര്‍ജാണ് ഇത്രയും കഥാപാത്രങ്ങള്‍ക്ക് വേഷപ്പകര്‍ച്ച നല്‍കിയത്. ലോട്ടസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഡോ. ജോണ്സണ് ജോര്‍ജ് നിര്‍മ്മിക്കുന്ന ഈ ചിത്രം മാര്‍ച്ച് 9 ന് തീയറ്ററിലെത്തും.
ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തില്‍ പറയുന്ന കുരങ്ങു മുതല്‍, മനുഷ്യനിലേക്കും, മനുഷ്യന്റെ വികാസരൂപങ്ങളുടെ വ്യക്തിത്വങ്ങളായ ബുദ്ധനും, കൃഷ്ണനും, ക്രിസ്തുവും, ഗലീലിയോ മുതല്‍ ലിയനാര്ഡേ ഡാവിഞ്ചിയും, ചാര്‍ളിചാപ്ലിനും, ചെഗുവേരയും, ഗാന്ധിയും, വിവേകാനന്ദനും, മദര്‍തെരേസയും, മൊണാലിസയും, അബ്ദുള്‍ കലാമുമൊക്കെ മികവുറ്റരീതിയില്‍ അവതരിപ്പിക്കാന്‍ ഡോ. ജോണ്സണ് ജോര്‍ജ് ശ്രമിച്ചിട്ടുണ്ട്. ഈ പുതുമുഖ നടനെ, വ്യത്യസ്തങ്ങളായ ഇത്രയും കഥാപാത്രങ്ങളായി ഒരുക്കിയത് പ്രശസ്ത മേക്കപ്പ്മാനായ റോയി പെല്ലിശ്ശേരിയാണ്. ‘ആരാണ് ഞാന്‍’ എന്ന ചിത്രത്തിന്റെചിന്തകളുമായി സംവിധായകന് നടക്കുന്ന സമയത്ത് അദ്ദേഹത്തിന് വേണ്ട ധൈര്യം കൊടുത്തത് റോയ് പെല്ലിശ്ശേരിയാണ്. അതുകൊണ്ട് തന്നെ റോയിക്ക് സംവിധായകന് പൂര്‍ണ്ണ സ്വതന്ത്ര്യംകൊടുത്തു. നാല്‍പ്പതില്‍പരം കഥാപാത്രങ്ങളെ മിഴിവുറ്റതാക്കാന്‍ കഠിനാദ്ധ്വാനം തന്നെ ചെയ്തു എം.ഒ. ദേവസ്യായുടെ ഈ ശിഷ്യന്.
ഗ്ലോബ്മാന് എന്നറിയപ്പെടുന്ന ഒരു തത്ത്വചിന്തകന്റെ കഥയാണ് ഈ ചിത്രത്തിലൂടെ സംവിധായകന് പറയുന്നത്. ഗ്ലോബ്മാന്റെ ചിന്തകളും, അന്വേഷണങ്ങളും, നിരീക്ഷണങ്ങളും, യാത്രകളും, ചിത്രത്തിന് പുതിയൊരു മുഖം കാഴ്ചവെക്കുന്നു. ആരാണ് ഞാന്‍ എന്ന അന്വേഷണത്തിലാണ് ഗ്ലോബ്മാന്. എപ്പോഴും ചുമലില്‍ ഇയാള്‍ ഗ്ലോബും ചുമന്നുകൊണ്ട് നടക്കും. ഒരു ലോക സഞ്ചാരിയാണ് ഇദ്ദേഹം. യാത്രയില്‍ ഇദ്ദേഹം ഒരു ഗാന്ധി പ്രതിമ കണ്ടു. ഉടന്‍ ഗാന്ധിയെക്കുറിച്ചായി ചിന്ത. ഗ്ലോബ്മാന് ഉടന്‍ ഗന്ധിജിയായി രൂപാന്തരപ്പെട്ടു. ഗാന്ധിജി തെരുവില്‍ നിന്ന് പ്രസംഗിച്ചു. ‘നിങ്ങളെന്നെ രാഷ്ട്രപിതാവായി പ്രതിഷ്ഠിച്ചിരിക്കുകയാണ്. തെരുവിലും, വഴിയോരങ്ങളിലും, മഞ്ഞും മഴയും, വെയിലും കൊള്ളാനല്ലേ എന്റെ വിധി. കാക്കകള്‍ എന്റെ ശിരസ്സില്‍ തൂറി നാറ്റിക്കുന്നു. യഥാര്‍ത്ഥത്തില്‍ എന്നെ നിങ്ങള്‍ രാഷ്ട്രപിതാവായി അംഗീകരിച്ചിട്ടുണ്ടോ? ഇനിയും ഇവിടെയൊരു സ്വാതന്ത്ര്യ സമരം ഉണ്ടായേ പറ്റു.’
ഗാന്ധിജിയുടെ കവല പ്രസംഗം കേള്‍ക്കാന്‍ ജനങ്ങള്‍ ഓടിക്കൂടി. അവിടെ നിന്ന് ഗ്ലോബ്മാന് അടുത്ത ദേശത്തിലേക്ക്. ഈ രീതിയിലാണ്, ഗ്ലോബ്മാനെ അവതരിപ്പിക്കുന്നത്. നാല്‍പ്പതില്‍പരം കഥാപാത്രങ്ങളായാണ് ഗ്ലോബ്മാന് രൂപാന്തരം പ്രാപിക്കുന്നത്. ഞാന്‍ ആരാണെന്നുള്ള അന്വേഷണത്തിന്റെ ഭാഗമായാണ്, ബുദ്ധന് കൊട്ടാരം വിട്ടു യാത്ര തുടങ്ങിയത്. എല്ലാ മനുഷ്യരിലും ഉടലെടുക്കുന്ന ചോദ്യമാണ് ആരാണ് ഞാന്‍? ഗ്ലോബുമാന്റെ കഥ പറയുന്നതിലൂടെ സമകാലിക സംഭവങ്ങളും ചിത്രം പകര്‍ത്തുന്നു. മഹാന്മാര് ഈ കാലഘട്ടത്തില്‍ ജീവിച്ചിരുന്നെങ്കില്‍ എന്താണ് സംഭവിക്കുക. അവരുടെ പ്രതികരണം എന്തായിരിക്കും എന്നതും ചിത്രം അവതരിപ്പിക്കുന്നു.
കൊട്ടാരക്കര ലോട്ടസ് ഹാര്‍ട്ട് ഹോസ്പിറ്റല്‍ സ്ഥാപകനും, പ്രമുഖ കാര്‍ഡിയോളജിസ്റ്റുമായ ഡോ. ജോണ്സണ് തന്റെ ജീവിത നിയോഗമാണ് ഈ സിനിമ എന്ന് വിശ്വസിക്കുന്നു. ലോട്ടസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഡോ. ജോണ്സണ് ജോര്‍ജ് നിര്‍മ്മിക്കുന്ന ‘ആരാണ് ഞാന്‍’ കഥ, തിരക്കഥ, സംഭാഷണം, കലാസംവിധാനം, സംവിധാനം – പി.ആര്. ഉണ്ണികൃഷ്ണന്. ക്യാമറ – കപില്റോയ്, ഗാനങ്ങള്‍ – വി.കെ. ഷാജി, സംഗീതം-വിനോദ് വേണു, ആലാപനം – ബിജു നാരായണന്, മേക്കപ്പ് – റോയി പെല്ലിശ്ശേരി, വസ്ത്രാലങ്കാരം – മീരാറോയ്, പ്രൊഡക്ഷന്‍ കണ്ട്രോളര് – സാബു പറവൂര്‍, എഡിറ്റര്‍ – കപില്‍ ഗോപാലകൃഷ്ണന്, ഡിസൈനര്‍ – വിപിന്‍ പണിക്കര്‍, സ്റ്റില്‍ – ഷമീര്‍ ശ്രീമൂലനഗരം, പോസ്റ്റര്‍ ഡിസൈനര്‍ – വ്യാസന്, പി.ആര്.ഒ – അയ്മനം സാജന്
ഡോ. ജോണ്സണ് ജോര്‍ജ്, മുഹമ്മദ് നിലമ്പൂര്‍, രാജീവ്ജി, ശോഭന്‍ ദേവ്, അഡ്വ. സലാവുദിന്, പ്രീതി വിജയന്, സൂര്യ പ്രമോദ്, കുമാരി ആദിമ എന്നിവര്‍ അഭിനയിക്കുന്നു. ചിത്രം മാര്‍ച്ച് 9 ന് തീയറ്ററിലെത്തും.
അയ്മനം സാജന്
Post Your Comments