പൃഥ്വിരാജ് സിനിമയുടെ ട്രെയിലര്‍ മമ്മൂട്ടി പുറത്തിറക്കിയത് എന്തുകൊണ്ട്?

കസബയിലെ രാജന്‍ സക്കറിയയെ വിമര്‍ശിച്ചത് മുതല്‍ മമ്മൂട്ടി ഫാന്‍സിന്‍റെ നോട്ടപ്പുള്ളിയാണ് പാര്‍വതി. നടിക്കെതിരായ സോഷ്യല്‍ മീഡിയയിലൂടെയുള്ള ആക്രമണം പോലിസ് കേസില്‍ വരെ എത്തിയെങ്കിലും വിവാദം ഇനിയും ശമിച്ചിട്ടില്ല.

മൈ സ്റ്റോറിയിലെ പാട്ട് യൂട്യൂബില്‍ റിലീസ് ചെയ്തപ്പോള്‍ ഡിസ്ലൈക്ക് ചെയ്തു കൊണ്ടാണ് മമ്മൂട്ടി ആരാധകര്‍ അതിനെ നേരിട്ടത്. പൃഥ്വിരാജ് ആരാധകര്‍ സംഘടിതമായി ചെറുത്തെങ്കിലും ലൈക്കുകളെക്കാള്‍ കൂടുതല്‍ ഡിസ്ലൈക്കുകളാണ് പാട്ട് വാരിക്കൂട്ടിയത്.

കസബയുടെ നിര്‍മാതാവ് ജോബി ജോര്‍ജ്, സംവിധായകന്‍ ജൂഡ് ആന്‍റണി ജോസഫ് തുടങ്ങി നിരവധി പേരാണ് മമ്മൂട്ടിക്കെതിരായ പ്രതികരണത്തിന്‍റെ പേരില്‍ പാര്‍വതിയെ വിമര്‍ശിച്ചത്.

നടിക്ക് മികച്ച നടിക്കുള്ള കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചപ്പോഴും വിമര്‍ശനങ്ങള്‍ക്ക് കുറവുണ്ടായില്ല. അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച് മമ്മൂട്ടി ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെയും പാര്‍വതിയെ വിമര്‍ശിച്ചുകൊണ്ടുള്ള കമന്‍റുകള്‍ പ്രത്യക്ഷപ്പെട്ടു.

മാര്‍ച്ച് അവസാനമാണ് മൈ സ്റ്റോറി തിയറ്ററുകളില്‍ എത്തുക. ആരാധകരുടെ എതിര്‍പ്പ് തുടര്‍ന്നാല്‍ അത് സിനിമയെ പ്രതികൂലമായി ബാധിക്കുമെന്ന് മറ്റാരേക്കാളും നന്നായി അറിയാവുന്നത് നടന്‍ പൃഥ്വിരാജിനാണ്. അതുകൊണ്ടാണ് മൈ സ്റ്റോറിയുടെ ട്രെയിലര്‍ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജ് വഴി റിലീസ് ചെയ്യാന്‍ അദ്ദേഹം തിരുമാനിച്ചത്. പൃഥ്വിരാജുമായി വളരെ അടുത്ത ബന്ധമുള്ളത് കൊണ്ട് മമ്മൂട്ടി സമ്മതിക്കുകയും ചെയ്തു. ആരാധകരെ തണുപ്പിക്കേണ്ടത് അദ്ദേഹത്തിന്‍റെ കൂടി ആവശ്യമാണല്ലോ. നടിക്കെതിരായ ഒരു വിഭാഗത്തിന്‍റെ ആക്രമണം മമ്മൂട്ടിക്കും ചീത്തപ്പേരുണ്ടാക്കിയിരുന്നു. അങ്ങനെയാണ് പൃഥ്വിരാജ് സിനിമയുടെ ട്രെയിലര്‍ മമ്മൂട്ടി വഴി പുറം ലോകത്തെത്തിയത്.

Share
Leave a Comment