സൂപ്പർസ്റ്റാർ രജനികാന്തും ആത്മീയതയും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. ജീവിതത്തിലെ ഏത് പ്രധാന തീരുമാനം എടുക്കുന്നതിന് മുമ്പും താരം ഹിമാലയത്തിലേക്ക് പോകുക പതിവാണ്. അദ്ദേഹം നാളെ ഹിമാലയത്തിലേക്ക് തിരിക്കുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
രജനികാന്ത് രാഷ്ട്രീയ പ്രവേശനത്തിനുള്ള തൻ്റെ തീരുമാനം അടുത്തിടെയാണ് പ്രഖ്യാപിച്ചത്. വരും ദിവസങ്ങളിൽ ഭാവി പരിപാടികൾ സംബന്ധിച്ച സുപ്രധാനമായ തീരുമാനങ്ങൾ അദ്ദേഹം പ്രഖ്യാപിക്കും. അതിനു മുന്നോടിയായിട്ടാണ് താരം ഹിമാലയത്തിലേക്ക് പോകുന്നത് എന്നാണ് സൂചന.
കഴിഞ്ഞ ഏതാനും വർഷങ്ങളായി രജനി കൂടെക്കൂടെ ഹിമാലയത്തിൽ പോകാറുണ്ട്. സിനിമാ രംഗത്ത് ഉന്നതിയിൽ നിൽക്കുമ്പോഴും ആത്മീയതയ്ക്ക് പ്രാധാന്യം കൊടുക്കുന്ന നിലപാടാണ് അദ്ദേഹത്തിൻറേത്. ഹിമാലയത്തിലേക്കുള്ള യാത്രകൾ തനിക്ക് ശാരീരികമായും മാനസികമായും ഉന്മേഷം നൽകുന്നു എന്നാണ് രജനി പറയാറുള്ളത്.
സ്റ്റൈൽ മന്നൻ നായകനായ രണ്ട് സിനിമകൾ റിലീസിങ്ങിന് ഒരുങ്ങുകയാണ്. കബാലിക്ക് ശേഷം അദ്ദേഹവും സംവിധായകൻ പാ രഞ്ജിത്തും ഒന്നിക്കുന്ന കാല ഏപ്രിൽ അവസാനം തിയറ്ററുകളിൽ എത്തും. എന്തിരൻറെ തുടർച്ചയായെത്തുന്ന ഷങ്കറിൻറെ 2.0 ആണ് റിലീസ് ചെയ്യാൻ പോകുന്ന മറ്റൊരു ചിത്രം. രജനിയുടെ നാളത്തെ യാത്ര രാഷ്ട്രീയ പ്രവേശനത്തിൻറെ മുന്നോടിയാണോ ഏതോ സിനിമ റിലീസുമായി ബന്ധപ്പെട്ടതാണോ എന്ന് വ്യക്തമല്ല.
Post Your Comments