മോഹന്‍ലാലിനെ നായകനാക്കി സിദ്ദിക്ക് ലാല്‍ സംവിധാനം ചെയ്ത വിയറ്റ്നാം കോളനിയുടെ ഷൂട്ടിംഗ് നടക്കുകയാണ്. സൂപ്പര്‍താരം മറ്റൊരു സിനിമയുടെ തിരക്കിലായത് കൊണ്ട് അതുവരെ ലൊക്കേഷനില്‍ വന്നിട്ടില്ല. അതുകൊണ്ട് ഇന്നസെന്‍റും മറ്റ് താരങ്ങളും ഉള്‍പ്പെട്ട കോമ്പിനേഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുകയാണ് സംവിധായകന്‍.
ഷൂട്ടിങ്ങിന്‍റെ ഇടവേളയില്‍ ഇന്നസെന്‍റ് വിശ്രമിക്കാനായി ഒരു കസേര വലിച്ചിട്ട് അടുത്ത മരച്ചുവട്ടില്‍ ഇരുന്നു. അവധി ദിവസമായത് കൊണ്ട് സ്കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നിരവധി പേരാണ് അന്ന് ഷൂട്ടിംഗ് കാണാന്‍ ഉണ്ടായിരുന്നത്. പ്രിയ നടനെ ഒറ്റയ്ക്ക് കിട്ടിയപ്പോള്‍ അവരെല്ലാം ആട്ടോഗ്രാഫുമായി ചുറ്റും കൂടി. ഇന്നസെന്‍റ് സന്തോഷത്തോടെ എല്ലാവര്‍ക്കും ഒപ്പിട്ടു കൊടുക്കാന്‍ തുടങ്ങി.
പെട്ടെന്നാണ് കുറച്ചകലെയായി എന്തോ ആരവം കേട്ടത്. അതോടെ ഇന്നസെന്‍റിന് ചുറ്റും കൂടിയിരുന്നവരെല്ലാം ശബ്ദം കേട്ട ഭാഗത്തേക്ക് ഓടി. നടന്‍ ഒറ്റയ്ക്കായി. എന്താണ് കാരണമെന്ന് മനസിലാകാതെ അദ്ദേഹം എഴുന്നേറ്റ് നിന്ന് നോക്കിയപ്പോള്‍ മോഹന്‍ലാല്‍ വരുന്നതാണ് കണ്ടത്.
സൂപ്പര്‍സ്റ്റാറിനെ കണ്ടപ്പോള്‍ എല്ലാവരും ആട്ടോഗ്രാഫിനായി അദ്ദേഹത്തിന്‍റെ പിന്നാലെ പോയതാണ്. ലാല്‍ വന്നപാടെ ഇന്നസെന്‍റിന്‍റെ അടുത്തുള്ള കസേരയില്‍ ഇരുന്ന് ആളുകള്‍ക്ക് ആട്ടോഗ്രാഫ് ഒപ്പിട്ടു കൊടുക്കാന്‍ തുടങ്ങി. അദ്ദേഹം ഇടയ്ക്ക് പാളി ഇന്നച്ചനെ നോക്കുന്നുമുണ്ട്. തെല്ല് വിഷമത്തോടെയാണ് നടന്‍ ഇരിക്കുന്നതെന്ന് ലാലിന് മനസിലായി.
തനിക്ക് നല്ല വിഷമമുണ്ടല്ലേ ? ഇടയ്ക്ക് തിരക്കൊഴിഞ്ഞപ്പോള്‍ ലാല്‍ ചോദിച്ചു.
എന്തിന് ? : ഒന്നുമറിയാത്ത ഭാവത്തില്‍ ഇന്നസെന്‍റിന്‍റെ മറു ചോദ്യം.
അല്ല, താന്‍ അവര്‍ക്ക് ആട്ടോഗ്രാഫ് കൊടുക്കുകയായിരുന്നല്ലോ. ഞാന്‍ വന്നതു കൊണ്ടല്ലേ അവരെല്ലാം പോയത് ? : മോഹന്‍ലാല്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.
ചോദ്യം കേട്ടപാടെ ഇന്നസെന്‍റും ചിരിച്ചു.
അത് തനിക്കറിയാന്‍ മേലാത്തത് കൊണ്ടാ. എന്‍റെ ആട്ടോഗ്രാഫ് എപ്പോള്‍ വേണമെങ്കിലും വാങ്ങിക്കാമെന്ന് അവര്‍ക്കറിയാം. ഞാന്‍ ഇവിടെ തന്നെ ഉണ്ടാകുമല്ലോ. പക്ഷെ തന്‍റെ കാര്യം അങ്ങനെയാണോ ? എപ്പോഴാ ഫീല്‍ഡ് ഔട്ട് ആകുക ആര്‍ക്കറിയാം. അതുകൊണ്ടാ അവരെല്ലാം തന്നേ കണ്ടപ്പോള്‍ ഓടി വന്നത്.
: ഇന്നസെന്‍റിന്‍റെ മറുപടി കേട്ടപ്പോള്‍ ലാല്‍ അദ്ദേഹത്തെ രൂക്ഷമായി നോക്കുക മാത്രം ചെയ്തു.
Post Your Comments