സ്വന്തം നിര്‍മാണ കമ്പനി തുടങ്ങിയ നടന് പൃഥ്വിരാജിന് ആശംസകളുമായി ആഗസ്റ്റ് സിനിമാസ്. സന്തോഷ് ശിവന്, ഷാജി നടേശന് എന്നിവര്‍ക്കൊപ്പം പൃഥ്വിരാജ് നേരത്തെ ആഗസ്റ്റ് സിനിമാസിന്റെ ഭാഗമായിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് അതില്‍ നിന്ന് വേര്‍പിരിഞ്ഞ നടന് ഇന്നാണ് സ്വന്തം നിര്‍മാണ കമ്പനിക്ക് തുടക്കം കുറിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന് നാമകരണം ചെയ്ത കമ്പനി ജെനുസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന നയനിലൂടെയാണ് നിര്‍മാണ രംഗത്തേക്ക് കടക്കുന്നത്.
പൃഥ്വിരാജിന് സഹായ സഹകരണങ്ങളുമായി എന്നും ഒപ്പമുണ്ടാകുമെന്ന് ആഗസ്റ്റ് സിനിമാസ് പത്രക്കുറിപ്പില്‍ പറഞ്ഞു.
ആഗസ്റ്റ് സിനിമാസിന്റെ പത്രക്കുറിപ്പ്-
ഏറെ അഭിമാനത്തോടെ ‘പൃഥ്വിരാജ് പ്രൊഡക്ഷൻസ്’ എന്ന നിർമാണ കമ്പനിയുടെ സമാരംഭ വാർത്തയെ ഓഗസ്റ്റ് സിനിമാസ് ഓഗസ്റ്റ് സിനിമ സ്വാഗതം ചെയ്യുന്നു. ‘ഓഗസ്റ്റ് സിനിമ’ എന്ന നാമകരണം മുതൽ ചലച്ചിത്ര നിർമാണത്തിന്റെ വിവിധ വശങ്ങളെ പരിചയപ്പെടുത്തിയതും പഠിപ്പിച്ചതും പൃഥ്വിരാജ് എന്ന സഹോദര തുല്യനാണ്.
ആവേശത്തോടെ, സാഹസത്തോടെ പുതിയ ഭാവുകത്വമുള്ള സിനിമകൾ ചെയ്യാൻ ഓഗസ്റ്റ് സിനിമയ്ക്ക് പ്രചോദനമാകുന്നതിനൊപ്പം പുതിയ കാഴ്ചകളിലേയ്ക്ക് വാതിൽ തുറക്കുന്ന ഒരു പുതിയ നിർമാണസംരംഭത്തിനു കൂടി തുടക്കം കുറിക്കുമ്പോൾ അതിന്റെ ഓരോ ചുവടിലും ശ്വാസത്തിലും ഞങ്ങൾ ഒപ്പം ഉണ്ടാകും എന്ന ഉറപ്പ് സമർപ്പിക്കട്ടെ.
ലോകത്തിനു മലയാള സിനിമയോടുള്ള ആദരവും അത്ഭുതവും കൂട്ടുന്ന സിനിമകൾ സൃഷ്ടിക്കാൻ പൃഥ്വിരാജ് പ്രൊഡക്ഷൻസിനൊപ്പം പിന്തുണയായി എന്നും അദ്ദേഹം തിരികൊളുത്തിയ ഓഗസ്റ്റ് സിനിമയും ഉണ്ടാകും.
ഹൃദയം നിറഞ്ഞ ആശംസകളോടെ
ഓഗസ്റ്റ് സിനിമ ഫാമിലി.
ഉറുമി, ഇന്ത്യന്‍ റുപീ, കടല്‍ കടന്ന് മാത്തുക്കുട്ടി, അനുരാഗ കരിക്കിന് വെള്ളം തുടങ്ങി നിരവധി സിനിമകളാണ് സന്തോഷ് ശിവന്, ഷാജി നടേശന്, പൃഥ്വിരാജ് എന്നിവര്‍ ചേര്‍ന്ന് ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ നിര്‍മിച്ചത്.
Post Your Comments