പ്രവീണ്‍.പി നായര്‍
കെ.സുരേന്ദ്രന് എന്ന ഇന്ദ്രന്‍സ് മലയാള സിനിമ രംഗത്തേക്ക് കടന്നു വരുന്നത് വസ്ത്രാലങ്കാരകനായിട്ടാണ്. ഇതിഹാസ സംവിധായകന് പത്മരാജന്റെ ചിത്രങ്ങളിലൂടെയാണ് സിനിമയിലെ കോസ്റ്റ്യൂം രംഗത്ത് ഇന്ദ്രന്‍സ് ശ്രദ്ധപതിപ്പിക്കുന്നത് എണ്‍പതുകളുടെ തുടക്കം മുതല്‍ ഇന്ദ്രന്‍സ് മലയാള സിനിമയില്‍ മുഖം കാണിച്ചു തുടങ്ങിയിരുന്നു. മൂന്നൂറിലേറെ ചിത്രങ്ങളില്‍ ചെറുതും വലുതുമായ നിരവധി വേഷങ്ങളില്‍ അഭിനയിച്ച ഇന്ദ്രന്‍സ് മലയാള സിനിമയിലെ മാറ്റി പ്രതിഷ്ഠിക്കാന്‍ കഴിയാത്ത അഭിനയ പ്രതിഭയാണ് ഈ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ ഇന്ദ്രന്‍സ് ആളൊരുക്കത്തിലൂടെ വീണ്ടും പ്രേക്ഷക മനസ്സിലേക്ക് ആളികത്തിയിരിക്കുന്നു.
മെലിഞ്ഞ ശരീരത്തിലെ ആ മിടുക്കുള്ള കലാകാരന്റെ നര്‍മ വൈഭവം കണ്ടു നമ്മളിലെ പ്രേക്ഷകര്‍ എത്രയോ ഉറക്കെ ചിരിച്ചിട്ടുണ്ട്. ഇന്ദ്രന്‍സിന്റെ മെലിഞ്ഞ ശരീരം തന്നെയാണ് അയാളിലെ ഏറ്റവും നല്ല അഭിനയ സൗന്ദര്യം. മറ്റു കൊമേഡിയന്മാരില് നിന്നും ഇന്ദ്രന്‍സിനെ വേറിട്ട് നിര്‍ത്തുന്നതും അത്തരമൊരു ശരീരപ്രകൃതിയാണ്. നല്ലൊരു കൊമേഡിയനായ അഭിനേതാവ് മാത്രമല്ല ഇന്ദ്രന്‍സ്. സ്വഭാവ വേഷങ്ങള്‍ മികവോടെ അവതരിപ്പിക്കുന്ന അഭിനയസിദ്ധി കൈമുതലാക്കിയ മിടുക്കുള്ള നടന് കൂടിയാണ് അദ്ദേഹം. ‘അപ്പോത്തിക്കിരി’യും, ’ലീല’യും പോലെയുള്ള ചിത്രങ്ങളൊക്കെ അത് ശരിവയ്ക്കുന്നുമുണ്ട്. ഇന്ദ്രന്‍സിലെ നടനെ മലയാള സിനിമ വേണ്ടവിധം ഉപയോഗിച്ചു തുടങ്ങിയത് വളരെ വൈകിയാണെന്ന് പറയേണ്ടി വരും.
നര്‍മങ്ങളുടെ വഴിയില്‍ മാത്രമല്ല ഇന്ദ്രന്‍സ് തന്റെ ക്രാഫ്റ്റ് തെളിയിച്ചിട്ടുള്ളത്. എല്ലാ തരത്തിലുമുള്ള കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച പ്രതിഭയാണ് അദ്ദേഹം. ഫലിതം കാണിച്ച് കയ്യിലെടുക്കുന്നതൊടൊപ്പം നൊമ്പരപ്പെടുത്തി പ്രേക്ഷകരെ വേദനിപ്പിക്കാനും ഇന്ദ്രന്‍സിലെ അഭിനേതാവിനു അനായാസേന സാധിക്കുന്നു. തുടര്‍ച്ചയായി കോമഡി വേഷം കെട്ടിയാടിന്നതിനിടയിലാണ് ഇന്ദ്രന്‍സിന് ‘കഥാവശേഷന്’ എന്ന ടി.വി ചന്ദ്രന്റെ സിനിമയില്‍ അഭിനയ സാദ്ധ്യതയുള്ള ഒരു കള്ളന്റെ വേഷം വീണുകിട്ടിയത്. ‘കഥാവശേഷന്’ എന്ന ചിത്രം മനസ്സില്‍ സൂക്ഷിക്കുന്ന ഏവര്‍ക്കും ‘കണ്ണ്നട്ടു കാത്തിരുന്നിട്ടും എന്റെ കരളിന്റെ കരിമ്പ് തോട്ടം കട്ടെടുത്തതാരാണ്’.. എന്ന ഗാനം മറക്കാന്‍ കഴിയില്ല. ആ ഗാനരംഗത്തില്‍ ഇന്ദ്രന്‍സ് എന്ന നടന് മതിമറന്നു അഭിനയിച്ചത് ഇന്നും വിസ്മയത്തോടെ നമ്മള് നോക്കുന്നുണ്ട്. പക്ഷെ അതിനു ശേഷം ഇന്ദ്രന്‍സിനെ തേടി അഭിനയ പ്രാധാന്യമുള്ള വേഷങ്ങള്‍ ഒന്നും തന്നെ വന്നിരുന്നില്ല. അപ്പോഴും സ്ഥിരം നര്‍മത്തിലൂന്നി മലയാള സിനിമയില്‍ ചങ്കുറപ്പോടെ ഇന്ദ്രന്‍സ് പിടിച്ചു നിന്നു.
ഈ അടുത്തകാലത്തായി ഇന്ദ്രന്‍സിലെ മികവുറ്റ നടനെ മലയാള സിനിമാ സംവിധായകരും, എഴുത്തുകാരും കൃത്യമായി നിരിക്ഷിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്. മാധവ് രാമദാസന് സംവിധാനം ചെയ്ത ‘അപ്പോത്തിക്കിരി’ എന്ന സാമൂഹിക പ്രസക്തിയുള്ള സിനിമയാണ് അതിനു തുടക്കം കുറിച്ചത് ചിത്രത്തില്‍ ഇന്ദ്രന്‍സ് വളരെ വേറിട്ട ഒരു വേഷം അവതരിപ്പിച്ചിരുന്നു. ജയസൂര്യയുടെ അച്ഛനായ ‘ജോസഫ്’ എന്ന കഥാപാത്രത്തെയാണ് അപ്പോത്തിക്കിരിയില്‍ ഇന്ദ്രന്‍സ് അവതരിപ്പിച്ചത് . സിനിമകളെ സൂക്ഷ്മമായി നീരിക്ഷിക്കുന്നതൊടൊപ്പം നമ്മള്ളിലെ ഓരോ പ്രേക്ഷകരും ഇന്ദ്രന്‍സിന്റെ അഭിനയത്തെയും സൂക്ഷ്മമായി നീരീക്ഷിക്കണം. അയാളിലെ കൈ മുതല്‍ പാദം വരെ സ്വഭാവികതയോടെടെ അഭിനയിക്കുന്നത് നമുക്ക് കാണാം.അയാളൊരു സൂപ്പര്‍ താരം അല്ലാത്തത് കൊണ്ട് ആരും അത് രേഖപ്പെടുത്താറില്ല എന്ന് മാത്രം.
‘ലീല’യിലെ ദാസപ്പായിയായി ഇന്ദ്രന്‍സ് അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ ചിത്രത്തിന്റെ സംവിധായകനായ രഞ്ജിത്ത് പറയുകയുണ്ടായി “മലയാള സിനിമ കണ്ട മികച്ച നടന്മാരുടെ കൂട്ടത്തിലാണ് ഞാന്‍ ഇന്ദ്രന്‍സിനെയും നോക്കി കാണുന്നതെന്ന്”. ശരിക്കും അടിവരയിട്ടു എഴുതാം, നമുക്ക് ഇവിടെ കുറിക്കാം, ഇന്ദ്രന്‍സ് മലയാള സിനിമയിലെ മികച്ച നടന്മാരില് ഒരാളാണ്.
.
ഇന്ദ്രന്‍സിന്റെ അഭിമുഖം ടിവിയില്‍ കാണുമ്പോള്‍ അതിശയിച്ചിരിക്കാറുണ്ട് അഭിനയത്തിനുമപ്പുറം അയാളെ തൊഴുതു പോകുന്ന മറ്റൊരു കാര്യം എന്തെന്ന് വെച്ചാല്‍ അയാളിലെ വിനയമാണ്. അത്ര ഭവ്യതയോടെയാണ് ഇന്ദ്രന്‍സ് തന്നിലെ വാക്കുകള്‍ പുറത്തേക്ക് എടുക്കുക. അയാളില്‍ ആ സമയം അഹങ്കരിച്ചു നില്ക്കുന്ന ഒരു നടനമില്ല. ജീവിതത്തെക്കുറിച്ചും, സിനിമയെക്കുറിച്ചുമൊക്കെ ആധികാരികമായി സംസാരിക്കുന്ന വ്യക്തമായ നിലപാടുള്ള ഒരു പച്ച മനുഷ്യന്
മുന്‍പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ ഇന്ദ്രന്‍സിനോട് ഒരു അവതാരകന് ചോദിക്കുകയുണ്ടായി. ഇപ്പോള്‍ സിനിമ ഒന്നും ഇല്ലേയെന്ന്? ലളിതമായി ഇന്ദ്രന്‍സ് അതിന് ഉത്തരവും നല്കി “സിനിമ ഇഷ്ടം പോലെയുണ്ട് പക്ഷേ ഒന്നിലും ഞാന്‍ ഇല്ലന്നേയുള്ളൂ”. അതാണ് ഇന്ദ്രന്‍സ്, നര്‍മത്തിന്റെ എരിയുന്ന കനല് മനസ്സില്‍ ശേഖരിച്ചു അയാള്‍ ഇന്നും യാത്ര തുടരുന്നു. പ്രിയപ്പെട്ട ഇന്ദ്രന്‍സ് നിങ്ങള്‍ ഞങ്ങളുടെ ഹീറോയാണ്. മലയാള സിനിമയിലെ എളിമയുടെ സൂപ്പര്‍സ്റ്റാറെ നിങ്ങള്‍ക്ക് ഇരിക്കട്ടെ മികച്ച നടനുള്ള ഈ കുതിരപവന്‍
Post Your Comments