നിഷി ത്രിപാഠി ആരാണെന്ന് കഴിഞ്ഞ ജനുവരി 29 ന് പോലിസ് സ്റ്റേഷനില്‍ നിന്ന് വിളി വരുന്നത് വരെ സഞ്ജയ് ദത്തിന് അറിവുണ്ടായിരുന്നില്ല.
മുംബൈ മലബാര്‍ ഹില്‍സിലെ താമസക്കാരിയായിരുന്നു 62കാരിയായ നിഷി ഹരിശ്ചന്ദ്ര ത്രിപാഠി. സഞ്ജയ് ദത്തിന്‍റെ കടുത്ത ആരാധിക. രോഗ ബാധിതയായിരുന്ന അവര്‍ കഴിഞ്ഞ ജനുവരി പതിനഞ്ചിനാണ് മരിച്ചത്. അതിന് മുമ്പായി അവര്‍ തന്‍റെ ബാങ്ക് അക്കൌണ്ടും സ്വത്തുക്കളും ബാങ്ക് ലോക്കറും ദത്തിന്‍റെ പേരില്‍ എഴുതി വച്ചിരുന്നു.
അമ്മ ശാന്തിയോടും സഹോദരങ്ങളോടുമൊപ്പം നിഷി താമസിച്ചിരുന്ന ഫ്ലാറ്റിന് മാത്രം 10 കോടി രൂപ വില വരും. അവരുടെ ബാങ്ക് നിക്ഷേപവും ലോക്കറിലുള്ള വസ്തുവകകളും ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല. ബാങ്ക് ഓഫ് ബറോഡയുടെ വള്‍ക്കേശ്വര്‍ ബ്രാഞ്ചില്‍ നിഷി കൊടുത്ത നോമിനേഷന്‍ ഫോമില്‍ അവകാശിയുടെ പേര് ‘സിനിമാതാരം സഞ്ജയ് ദത്ത്” എന്നാണ് രേഖപ്പെടുത്തിയത്. അദ്ദേഹത്തിന്‍റെ പലി ഹില്‍സിലെ മേല്‍വിലാസവും അവര്‍ ബാങ്കില്‍ കൊടുത്തിരുന്നു.
പക്ഷെ തന്‍റെ പേരില്‍ എഴുതി വച്ച സ്വത്തുക്കളെല്ലാം നിഷിയുടെ ബന്ധുക്കള്‍ക്ക് തന്നെ കൈമാറാനാണ് സഞ്ജയ് ദത്തിന്‍റെ തിരുമാനം. തന്‍റെ തിരുമാനം അഭിഭാഷകന്‍ വഴി അദ്ദേഹം നിഷിയുടെ ബന്ധുക്കളെയും ബാങ്കിനെയും അറിയിച്ചു കഴിഞ്ഞു.
കൊല്‍ക്കത്തയില്‍ ഒരു ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുമ്പോഴാണ് ദത്തിന് പോലിസിന്‍റെ വിളി വന്നത്. വിവരം അറിഞ്ഞ പാടെ നടന്‍ സ്തബ്ധനായി. “പല തരത്തിലുള്ള ആരാധന ഞാന്‍ കണ്ടിട്ടുണ്ട്. കുട്ടികള്‍ക്ക് നമ്മുടെ പേരിടും, തെരുവുകളില്‍ പിന്തുടരും. പക്ഷെ ഈ സംഭവം എന്നെ മറ്റൊരു തലത്തില്‍ എത്തിച്ചു. ഞാന്‍ ഒന്നും അവകാശപ്പെടില്ല. അവരുടെ കുടുംബത്തിന് സ്വത്തുക്കള്‍ കൈമാറാന്‍ എന്ത് സഹായം ചെയ്യാനും ഞാന്‍ തയ്യാറാണ്”
സഞ്ജയ് ദത്ത് പറയുന്നു.
Post Your Comments