കഠിനാധ്വാനവും ആത്മാര്‍ഥതയും ഏറ്റവുമധികം ആവശ്യമുള്ള മേഖലയാണ് സിനിമ. അതോടൊപ്പം നല്ല രീതിയില്‍ പണവും സമ്പാദിക്കാം. അഭിനേതാക്കളാണ് ചലച്ചിത്രരംഗത്ത് നിന്ന് ഏറ്റവും കൂടുതല്‍ പണമുണ്ടാക്കുന്നത്. സിനിമയിലെ പ്രതിഫലത്തിനൊപ്പം പരസ്യ വരുമാനവും സമാന്തര ബിസിനസുകളും അവര്‍ക്ക് മുതല്‍ക്കൂട്ടാകുന്നു.
ഇന്ന് ഇന്ത്യയിലെ ഏറ്റവും ധനികരായ സിനിമ അഭിനേതാക്കള്‍ ഇവരാണ്.
1. ഷാരൂഖ് ഖാന്‍
ഷാരൂഖ് ഖാനാണ് ഇന്ത്യയിലെ ഏറ്റവും ധനികനായ നടന്‍. ഓരോ സിനിമക്കും 45 – 50 കോടി രൂപ പ്രതിഫലം വാങ്ങിക്കുന്ന നടന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആഡംബര വസതികളും 14 വില കൂടിയ കാറുകളും സ്വന്തമായുണ്ട്. 5100 കോടി രൂപയാണ് മൊത്തം ആസ്തി. സ്വന്തം സിനിമ നിര്‍മാണ കമ്പനി, വിഎഫ്എക്സ് സ്റ്റുഡിയോ, ഐപിഎല്‍ ടീം, പരസ്യങ്ങള്‍ എന്നിവ അദ്ദേഹത്തിന്‍റെ മറ്റ് വരുമാന മാര്‍ഗങ്ങളാണ്. കിംഗ് ഖാന്‍റെ മുംബെയിലെ വസതിക്ക് മാത്രം 150 കോടി രൂപ വില വരും.
2. ഹൃതിക് റോഷന്‍
ഹൃതിക് റോഷന്‍റെ ആകെ ആസ്തി 2,680 കോടി രൂപയാണ്. ഒരു സിനിമയ്ക്ക് 45 കോടി രൂപ പ്രതിഫലം വാങ്ങിക്കുന്ന നടന് ഡല്‍ഹിയിലും മുംബെയിലും രമ്യഹര്‍മ്യങ്ങളുണ്ട്. മുംബെയിലെ വസതിക്ക് മാത്രം 84 കോടി രൂപ വില വരും.
3. സല്‍മാന്‍ ഖാന്‍
സല്‍മാന്‍ ഖാന്‍റെ സിനിമകളാണ് ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം നൂറു കോടി ക്ലബ്ബില്‍ കയറിയത്. ഒരു സിനിമയ്ക്ക് 55 മുതല്‍ 60 കോടി രൂപ വരെ ഈടാക്കുന്ന അദ്ദേഹത്തിന്‍റെ ആകെ ആസ്തി 1950 കോടി രൂപയാണ്. മുംബൈ, ഡല്‍ഹി, ചണ്ഡിഗഡ്, നോയ്ഡ എന്നിവിടങ്ങളില്‍ സ്വന്തമായ വസതിയുള്ള സല്‍മാന്‍റെ മുംബെയിലെ താമസസ്ഥലത്തിന് 114 കോടി രൂപയാണ് മതിപ്പ് വില.
4. ആമിര്‍ ഖാന്‍
ഖാന്‍ ത്രയങ്ങളില്‍ പ്രമുഖനായ ആമിറാണ് ധനികരില്‍ നാലാമന്‍. 1300 കോടി രൂപയാണ് അദ്ദേഹത്തിന്‍റെ ആസ്തി. ഒരു സിനിമക്ക് 50 – 55 കോടി രൂപയാണ് ആമിര്‍ പ്രതിഫലമായി വാങ്ങുന്നത്. ഒമ്പത് ആഡംബര കാറുകള്‍ സ്വന്തമായുള്ള നടന്‍ 2009ല്‍ പതിനെട്ടു കോടി രൂപയ്ക്കാണ് മുംബെയിലെ വസതി വാങ്ങിയത്. മറ്റ് മുന്‍നിര താരങ്ങളില്‍ നിന്ന് വ്യത്യസ്തമായി പരസ്യങ്ങളില്‍ അധികം പ്രത്യക്ഷപ്പെടാത്തതാണ് നടന്‍റെ വരുമാനം കുറച്ചത്.
5. അമിതാഭ് ബച്ചന്‍
ഇന്ത്യയിലെ ഏറ്റവും ജനപ്രിയരായ അഭിനേതാക്കളുടെ പട്ടികയിലാണ് ബച്ചന്‍റെ സ്ഥാനം. ഒരു സിനിമയ്ക്ക് ആറു കോടി രൂപ പ്രതിഫലം വാങ്ങിക്കുന്ന അദ്ദേഹത്തിന് 700 കോടി രൂപയാണ് ആകെ ആസ്തി. അഞ്ചു ബംഗ്ലാവുകള്‍ സ്വന്തമായുള്ള ബിഗ് ബിയുടെ കാര്‍ ശേഖരത്തില്‍ റോള്‍സ് റോയ്സ്, മെഴ്സിഡസ് ബെന്‍സ്,ബിഎംഡബ്ല്യു, പോര്‍ഷെ, ബെന്‍റ്ലി എന്നിങ്ങനെ 11 കാറുകളും ഉണ്ട്.
Post Your Comments