നടന്‍ ഇന്ദ്രന്‍സിനും, ഹരിശ്രീ അശോകനുമൊക്കെ വന്ന ഈ മാറ്റം ആരെയാണ് അത്ഭുതപ്പെടുത്താത്തത് . ഒരുകാലത്ത് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഇവര്‍ തന്നെയാണോ ഇപ്പോള്‍ ഇങ്ങനെയൊക്കെ പെരുമാറുന്നതെന്ന് ശരിക്കും അതിശയം തോന്നും. ഇവര്‍ ആസ്വാദകരെ ചിരിപ്പിക്കാന്‍ മറന്നു പോയിരിക്കുന്നു. അഭിനയ സാധ്യത കൂടുതല്‍ തെളിയുന്നത് സീരിയസ് വേഷങ്ങളിലാണെന്ന ഇവരുടെ ധാരണയാണോ അതിനുള്ള കാരണം അതോ. ഹാസ്യത്തെ ഒരിക്കലും അഭിനയമായി പരിഗണിക്കില്ല എന്നതോ?
ചിരി കഥാപാത്രങ്ങളില്‍ നിന്ന് എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്നുള്ളത് ഇവരെ സംബന്ധിച്ച് അഭിനയത്തിന്‍റെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നുവെന്നത് യാഥാര്‍ത്യമാണ്. പ്രേക്ഷകര്‍ ആ മാറ്റങ്ങളെ അമ്പരപ്പോടെ കണ്ടിരിക്കുകയും, കയ്യടിയോടെ സ്വീകരിക്കുകയും ചെയ്യും. ‘അപ്പോത്തിക്കിരി’ എന്ന സിനിമയില്‍ ജയസൂര്യയുടെ അച്ഛന്‍ വേഷത്തിലെത്തിയ ഇന്ദ്രന്‍സിനു അന്ന് വരെ ലഭിക്കാത്ത പ്രശംസ ലഭിച്ചതും അത് കൊണ്ടാണ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘പറവ’ എന്ന സിനിമയില്‍ ഹരിശ്രീ അശോകന്‍ വേറിട്ട ഒരു മാറ്റത്തോടെയാണ് പ്രത്യക്ഷപ്പെട്ടത്. ശരീര ഭാഷയില്‍പ്പോലും അമ്പരപ്പിക്കുന്ന ചേഞ്ച്. പഞ്ചാബി ഹൗസിലെ രമണനായ ആ അഭിനേതാവാണോ ഇതെന്ന് ആശ്ചര്യപ്പെട്ടു പോകുന്ന രൂപമാറ്റം. കോമഡി തെല്ലും ഇല്ലാതെ വളരെ സ്വാഭാവികതയോടെ പെരുമാറാനാണ് ഹരിശ്രീ അശോകന്‍ പറവയിലൂടെ ശ്രമിച്ചത്, അതേ ചിത്രത്തില്‍ തന്നെ ഇന്ദ്രന്‍സും നൊമ്പരപ്പെടുത്തുന്ന കഥാപാത്രമായി രംഗത്ത് ഉണ്ടായിരുന്നു. മലയാളികളെ മതിമറന്നു ചിരിപ്പിച്ച ഇവരെ ഹാസ്യതാരങ്ങളായി സ്ക്രീനില്‍ കാണുമ്പോള്‍ കിട്ടുന്ന ഒരു സന്തോഷം ഗൗരവ കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ ലഭിക്കില്ല എന്നത് ഏവരും മറച്ചു പിടിക്കുന്ന വസ്തുതയാണ്.
പുരസ്കാരങ്ങളുടെ പരിഗണനയില്‍പ്പോലും ഹാസ്യമെന്ന അത്ഭുതത്തെ പരിഗണിച്ചു തുടങ്ങിയത് അടുത്തിടെയാണ്.അതിനാല്‍ ഇന്നത്തെ ഏതൊരു കോമഡി ആര്‍ട്ടിസ്റ്റും ആഴമേറിയ കാമ്പുള്ള ഒരു കഥാപാത്രം സിനിമയില്‍ ചെയ്യണമെന്ന ആഗ്രഹം പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘പാതി’ എന്ന ചിത്രം ഇന്ദ്രന്‍സിലെ ആക്ടറെ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തുന്ന ചിത്രമാണ്. തെയ്യം കലാകാരനായി എത്തുന്ന ഇന്ദ്രന്‍സിന്‍റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Post Your Comments