കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഒരുപാട് കഷ്ടപ്പാട് സഹിക്കുന്ന നടനാണ് ജയസൂര്യ. പുണ്യാളന്‍ അഗര്‍ബത്തിസ്, സു സു വാത്മീകം, പ്രേതം, ആട്, ക്യാപ്റ്റന്‍ തുടങ്ങിയ അദ്ദേഹത്തിന്‍റെ വിവിധ സിനിമകള്‍ പരിശോധിച്ചാല്‍ അക്കാര്യം വ്യക്തമാകും. ഫുട്ബോള്‍ താരം വി പി സത്യനായി നടന്‍ വേഷ പകര്‍ച്ച നടത്തി ഇപ്പോള്‍ തിയറ്ററുകളില്‍ നിറഞ്ഞോടുന്ന ക്യാപ്റ്റന്‍ വ്യാപകമായ പ്രശംസയാണ് നേടുന്നത്. കഥാപാത്രമാകാന്‍ എന്ത് കഷ്ടപ്പാട് സഹിക്കാനും തയ്യാറാകും എന്നത് കൊണ്ടാണ് സത്യനായി ജയസൂര്യയെ തന്നെ തിരഞ്ഞെടുത്തതെന്ന് അനിത സത്യന്‍ പറഞ്ഞത് ഇതിനിടയില്‍ വാര്‍ത്തയായിരുന്നു.
മേരിക്കുട്ടിക്ക് വേണ്ടി നടന്‍ ചെയ്ത കാര്യമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഞാന്‍ മേരിക്കുട്ടി. സിനിമക്ക് വേണ്ടി ജയസൂര്യയുടെ രണ്ടു കാതും കുത്തുന്ന വീഡിയോയാണ് ഇപ്പോള്‍ സിനിമ പ്രേമികളുടെ ഓണ്‍ലൈനിലെ ഇഷ്ട വിഭവം. കാത് കുത്തേണ്ടത് അനിവാര്യമല്ലായിരുന്നുവെങ്കിലും മേരിക്കുട്ടിക്ക് ചേരുന്ന കമ്മലിന് വേണ്ടി കോമ്പ്രമൈസ് ചെയ്യാന്‍ കഴിയാത്തത് കൊണ്ടാണ് ഇങ്ങനെയൊരു സാഹസത്തിന് തയ്യാറായതെന്ന് നടന്‍ പറയുന്നു.
“കാത് കുത്തുന്നത് അത്ര വേദനയുള്ള കാര്യമൊന്നുമല്ല, ഒരു ചെറിയ ആന കുത്തുന്ന വേദനയേ ഉള്ളൂ ” ജയസൂര്യ തമാശ രൂപത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്‍റെ ഭാര്യ സരിതയാണ് കാതു കുത്തല്‍ കര്‍മ്മം നിര്‍വഹിച്ചത്.
മുന്‍കാല ചിത്രങ്ങള്‍ പോലെ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് ഞാന്‍ മേരിക്കുട്ടി നിര്‍മിക്കുന്നത്. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ലെങ്കിലും ഒരു ഭിന്ന ലിംഗക്കാരന്‍റെ വേഷമാണ് നടന്‍ ചെയ്യുന്നത് എന്നാണ് സൂചന. മാര്‍ച്ച് പകുതിയോടെ ചിത്രീകരണം തുടങ്ങുന്ന സിനിമ ജൂണില്‍ റിലീസ് ചെയ്യും.
Leave a Comment