ശ്രീദേവിയുടെ തമിഴ് സിനിമ ജീവിതം ഒരു പാട് കൌതുകങ്ങള്‍ അവശേഷിപ്പിച്ചാണ് കടന്നു പോയത്. തുണൈവന്‍ എന്ന സിനിമയില്‍ ബാല മുരുകനായി അഭിനയിച്ചുകൊണ്ടാണ് അവര്‍ സിനിമ ജീവിതം തുടങ്ങിയതെന്ന് എല്ലാവര്‍ക്കുമറിയാം. പിന്നീട് ശിവാജി ഗണേശന്‍, സാവിത്രി എന്നിവരോടൊപ്പം തിരുവിളയാടലിലും ജെമിനി ഗണേശന്‍, പദ്മിനി എന്നിവര്‍ക്കൊപ്പം
കുമാരസംഭവത്തിലും ശ്രീദേവി അതേ വേഷം ചെയ്തു. ആദി പരാശക്തി, അഗതിയാര്‍ എന്നി ചിത്രങ്ങള്‍ കൂടിയായപ്പോള്‍ നടി മുരുകന്‍റെ വേഷത്തിലെത്തിയ സിനിമകളുടെ എണ്ണം അഞ്ചായി.
ആദി പരാശക്തിയില്‍ അവരുടെ അമ്മ ദേവി ശക്തിയായി വേഷമിട്ടത് സാക്ഷാല്‍ ജയലളിതയായിരുന്നു. ആ സിനിമയുടെ ചിത്രീകരണവേളയില്‍ തുടങ്ങിയ അടുത്ത ബന്ധം ഇരുവരും ജീവിതാവസാനം വരെ തുടര്‍ന്നു. സൌന്ദര്യം കൊണ്ടും തങ്ങളുടെ കര്‍മരംഗങ്ങളിലെ പ്രാഗത്ഭ്യം കൊണ്ടും അവര്‍ തമ്മില്‍ സമാനതകളും ഏറെയുണ്ടായിരുന്നു. ഒടുവില്‍ ഒരു ഫെബ്രുവരി 24ന് ശ്രീദേവി കടന്നു പോയപ്പോള്‍ അത് ജയയുടെ ജന്മദിനമായിരുന്നു എന്നത് കാലം ബാക്കിവച്ച യാദൃശ്ചികതയാകാം.
ശിവാജി, ശിവകുമാര്‍, ജയശങ്കര്‍ എന്നിവരോടൊപ്പം ബാലതാരമായി വേഷമിട്ട ശ്രീദേവി പിന്നീട് അവരുടെ നായികയായും അഭിനയിച്ചു. ശിവാജിക്ക് അക്കാര്യത്തില്‍ താല്പര്യക്കുറവ് ഉണ്ടായിരുന്നുവെങ്കിലും നടികര്‍ തിലകത്തിന്‍റെ നായികയാകണം എന്നത് ശ്രീദേവിയുടെ വലിയ ആഗ്രഹമായിരുന്നു.
രജനിയും കമലും വന്നതോടെ ശ്രീദേവിക്ക് തിരക്ക് കൂടി. മറ്റ് നടന്മാര്‍ക്കൊപ്പം അഭിനയിക്കാന്‍ പലപ്പോഴും അവര്‍ക്ക് സമയം കിട്ടിയില്ല. ഇരുപത്തഞ്ചോളം സിനിമകളിലാണ് കമലും ശ്രീദേവിയും നായികാ നായകന്മാരായത്. ഇന്നും തമിഴ് സിനിമയിലെ ഹിറ്റ് ജോഡികളുടെ കണക്കെടുത്താല്‍ മുന്‍പന്തിയിലാണ് ഇരുവരുടെയും സ്ഥാനം.
രജനിയോടൊപ്പം ഹിന്ദിയിലും തമിഴിലുമായി ഇരുപത്തിയൊന്നു സിനിമ ചെയ്ത ശ്രീദേവി അക്കാലം മുതല്‍ അദ്ദേഹത്തിന്‍റെ സുഹൃത്ത് കൂടിയായിരുന്നു. 2011ല്‍ നടന്‍ അസുഖ ബാധിതനായി കിടന്നപ്പോള്‍ അദ്ദേഹത്തിന്‍റെ രോഗശമനത്തിനായി അവര്‍ ഒരാഴ്ചത്തെ നിരാഹാരവൃതമാണ് എടുത്തത്.
ശിവാജി-എംജിആര്‍, രജനി-കമല്‍, വിജയ്-അജിത്ത് എന്നിങ്ങനെ വിവിധ കാലഘട്ടങ്ങളിലെ നായകന്മാരോടൊപ്പം അഭിനയിക്കാനുള്ള അസുലഭമായ ഭാഗ്യവും ശ്രീദേവിയ്ക്കുണ്ടായി. വിജയോടൊപ്പം പുലിയില്‍ നിര്‍ണ്ണായക വേഷം ചെയ്ത അവര്‍ സിനിമയിലേക്ക് തിരിച്ചു വരവ് നടത്തിയ ഇംഗ്ലിഷ് വിന്ഗ്ലിഷിലാണ് അജിത്തിന്‍റെ കൂടെ അഭിനയിച്ചത്. ആ സിനിമയിലെ അതിഥി വേഷത്തില്‍ അജിത്ത് അഭിനയിക്കണം എന്ന് ശ്രീദേവി തന്നെയാണ് ആവശ്യപ്പെട്ടത്. ആ ആഗ്രഹം
മാനിച്ച നടന്‍ ശ്രീദേവിയോടുള്ള ബഹുമാനാര്‍ഥം പ്രതിഫലമൊന്നും കൂടാതെ അഭിനയിക്കുകയും ചെയ്തു.
തമിഴകത്തെ എക്കാലത്തെയും ഹിറ്റ് പ്രണയ ജോഡികളായ കമലും ശ്രീദേവിയും ഒരു സിനിമയ്ക്ക് വേണ്ടി വീണ്ടും ഒന്നിക്കുന്നുവെന്ന് അടുത്ത കാലത്ത് വാര്‍ത്തകള്‍ വന്നെങ്കിലും അതിന് മുമ്പേ എല്ലാം അവസാനിപ്പിച്ച് അവര്‍ പോയി.
Post Your Comments