ബോളിവുഡില്‍ മാത്രമല്ല ഇന്ത്യയിലെ വിവിധ ഭാഷകളില്‍ അറിയപ്പെടുന്ന നടിയായിരുന്നു ശ്രീദേവി. അഞ്ചു പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിനിടയില്‍ ഇരുനൂറ്റമ്പതിലേറെ സിനിമകളാണ് അവര്‍ ചെയ്തത്. അമിതാഭ് ബച്ചന്‍, രാജേഷ് ഖന്ന, ശിവാജി ഗണേശന്‍, ജെമിനി ഗണേശന്‍, എന്‍ ടി രാമറാവു, അക്കിനേനി നാഗേശ്വര റാവു, പ്രേം നസീര്‍, എം ജി ആര്‍, രജനികാന്ത്, കമല്‍ ഹാസന്‍ തുടങ്ങി മഹാരഥന്മാര്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ച ശ്രീദേവിക്ക് അഭിനയ ജീവിതത്തിലെ തിരക്ക് മൂലം നിരസിക്കേണ്ടി വന്ന സിനിമകള്‍ അനവധിയാണ്. അവയില്‍ പ്രധാനപ്പെട്ട സിനിമകള്‍ ഇവയാണ്,
1. ബാസിഗര്‍
ഷാരൂഖ് ഖാനെ താര പദവിയിലെത്തിച്ച ബാസിഗറിലെ നായികയായി ആദ്യം പരിഗണിച്ചത് ശ്രീദേവിയെയാണ്. പക്ഷെ മറ്റ് സിനിമകളുടെ തിരക്കിലായിരുന്നത് കൊണ്ട് അവര്‍ ഓഫര്‍ നിരസിച്ചു. അങ്ങനെയാണ് കാജലിന് അവസരം കിട്ടുന്നത്. താരതമ്യേന പുതുമുഖമായിരുന്ന കാജലിന് ആ വേഷം ഏറെ ഗുണം ചെയ്തു. ബാസിഗര്‍ വന്‍ വിജയമായതോടെ അവര്‍ ബോളിവുഡിലെ ഹിറ്റ് നായികയായി.
2. ബേട്ട
അനില്‍ കപൂര്‍- മാധുരി ദീക്ഷിത് ടീം ഒന്നിച്ച തൊണ്ണൂറുകളിലെ സൂപ്പര്‍ ഹിറ്റ് സിനിമയാണ് ബേട്ട. ഇന്ദ്ര കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിലേക്ക് ശ്രീദേവിയെ വിളിച്ചെങ്കിലും അനില്‍ കപൂറിന്‍റെ കൂടെ അടുപ്പിച്ച് കുറെ സിനിമകള്‍ ചെയ്തത് കൊണ്ട് അവര്‍ വേണ്ടെന്ന് വച്ചു. തുടര്‍ന്ന് നായികാ പദവിയിലെത്തിയ മാധുരിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും ആ വര്‍ഷം അവര്‍ക്ക് കിട്ടി.
3. മൊഹബത്തേന്‍
അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, ഐശ്വര്യ റായ് എന്നിവര്‍ അഭിനയിച്ച റൊമാന്‍റിക് സിനിമയായ മൊഹബത്തേനിലേക്ക് ശ്രീദേവിയെ ക്ഷണിച്ചതാണ്. ബച്ചന്‍റെ പ്രണയിനിയുടെ വേഷം അവര്‍ നിരസിച്ചതോടെ സംവിധായകന്‍ അത് സിനിമയില്‍ നിന്ന് തന്നെ ഒഴിവാക്കി.
4. ബാഹുബലി
രാജമൌലി സംവിധാനം ചെയ്ത ബാഹുബലിയിലെ ഏറ്റവും ശ്രദ്ധേയമായ വേഷമാണ് ശിവകാമി ദേവി. രമ്യാകൃഷ്ണന്‍ ചെയ്ത വേഷത്തിലേക്ക് ശ്രീദേവിയെ വിളിച്ചെങ്കിലും അവര്‍ അതേ സമയത്ത് മറ്റൊരു പ്രോജക്റ്റ് ഏറ്റെടുത്തിരുന്നത് കൊണ്ട് ഒഴിവാക്കി. അന്താരാഷ്‌ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് ബാഹുബലി. അതിലെ മുഖ്യ കഥാപാത്രം ശ്രീദേവി വേണ്ടെന്ന് വച്ചത് വ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു.
5. ഡര്‍
ഷാരൂഖിന്‍റെ മറ്റൊരു ആദ്യ കാല ചിത്രമായ ഡറിലെ നായിക വേഷവും ശ്രീദേവിയെ മനസ്സില്‍ കണ്ടാണ് തയ്യാറാക്കിയത്. എന്നാല്‍ സമാനമായ അനവധി വേഷങ്ങള്‍ ചെയ്തത് കൊണ്ട് അവര്‍ വേണ്ടെന്ന് വച്ചു. അതോടെ ജൂഹി ചൌള നായികയായി. ആ ചിത്രവും വന്‍ വിജയമായി.
6. ബാഗ്ബന്‍
അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍ എന്നിവര്‍ അഭിനയിച്ച ബാഗ്ബനിലെ വേഷം ശ്രീദേവിക്ക് വച്ചു നീട്ടിയെങ്കിലും അവര്‍ ചെയ്യാന്‍ തയ്യാറായില്ല. അതോടെ ഹേമമാലിനി നായികയായി.
Post Your Comments