മനോജ്
തമിഴ്നാട്ടില്‍ കഴിഞ്ഞയാഴ്ചയാണ് കമല്‍ ഹാസന് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചത്. ഇതിനകം രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ രജനികാന്ത് പാര്‍ട്ടിയുടെ പേരും മറ്റ് വിവരങ്ങളും വൈകാതെ പുറത്തു വിടും. കടുത്ത അണ്ണാ ഡിഎംകെ വിരുദ്ധനായ കമല്‍ ഇടതുപക്ഷ അനുകൂല നിലപാടുകളുമായി മുന്നോട്ടു പോകുമ്പോള്‍ രജനിയുടെ നിലപാടുകള്‍ ബിജെപിയോട് സമരസപ്പെടുന്നതാണ്. തദ്ദേശ സ്വയംഭരണ നടക്കുന്ന അടുത്ത തിരഞ്ഞെടുപ്പിള്‍ തങ്ങളുടെ സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ടാകുമെന്ന് ഇരുവരും പ്രഖ്യാപിച്ചു കഴിഞ്ഞു. തമിഴ് സിനിമയിലെ
സൂപ്പര്‍താരങ്ങള്‍ ഒരേ വഴിയില്‍ കൂടി സഞ്ചരിക്കുമോ അതോ സിനിമയിലെ പോലെ സമാന്തരമായി നീങ്ങുമോ എന്ന് വരും നാളുകളിലേ
അറിയാന്‍ സാധിക്കൂ.
രജനിയുടെയും കമലിന്റെയും രാഷ്ട്രീയ പ്രവേശം കേരളത്തിലെ സിനിമാസ്വാദകര്‍ക്കിടയിലും ആകാംക്ഷ ഉണര്‍ത്തിയിട്ടുണ്ട്. മലയാളത്തില്‍ അവര്‍ക്ക് തുല്യമായ സ്ഥാനത്തുള്ള നടന്മാര് മമ്മൂട്ടിയും മോഹന്‍ലാലുമാണ്. കേരളത്തില്‍ ഏറ്റവുമധികം ജനപിന്തുണയുള്ള ആളുകളുടെ കണക്കെടുത്താലും അവരുണ്ടാകും. മമ്മൂട്ടിയോ മോഹന്‍ലാലോ രാഷ്ട്രീയത്തില്‍ വരുമോ എന്ന ചോദ്യം ഏറെ നാളായി സിനിമ പ്രേമികള്‍ ചോദിക്കുന്നതാണ്. സിനിമയില്‍ വന്നിട്ട് മുപ്പത്തെട്ടു വര്‍ഷമായെങ്കിലും സജീവ രാഷ്ട്രീയത്തില്‍ നിന്ന് അകന്നു നില്ക്കുന്ന സമീപനമാണ് അവര്‍ ഇക്കാലമത്രയും സ്വീകരിച്ചു പോന്നത്. തമിഴ് സൂപ്പര്‍താരങ്ങളുടെ പാത പിന്തുടര്ന്ന് ഇവരില്‍ ആരെങ്കിലും രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തിരുമാനിച്ചാല്‍ ജനം എങ്ങനെയാണ് കാണുക എന്നത് ഇവിടെ പ്രസക്തമാണ്.
ഇരു സംസ്ഥാനങ്ങളിലെയും സ്ഥിതി വ്യത്യസ്ഥമാണ്. തമിഴ്നാട്ടിലെ ജനപ്രിയ നേതാക്കളായ എംജിആര്‍, കരുണാനിധി, ജയലളിത എന്നിവരെല്ലാം സിനിമ പശ്ചാത്തലത്തില്‍ നിന്ന് വന്നവരാണ്. വെള്ളിത്തിരയിലെ ജനപ്രീതി കൈമുതലാക്കി ജനസേവനത്തിനിറങ്ങിയ അവര്‍ മികച്ച ഭരണാധികാരികളെന്ന നിലയിലും പേരെടുത്തു. സിനിമാ താരങ്ങളെ ദൈവതുല്യം കാണുന്നതാണ് തമിഴകത്തെ ജനങ്ങളുടെ രീതിയെങ്കില്‍ കേരളത്തില്‍ അങ്ങനെയല്ല. സിനിമാക്കാര് അഭിനയിച്ചാല്‍ മാത്രം മതി, മറ്റ് കാര്യങ്ങളില്‍ ഇടപെടണ്ട എന്നതാണ് പൊതുവേ മലയാളികളുടെ നിലപാട്. എംജിആറിനെ പോലെയില്ലെങ്കിലും ഒരുകാലത്ത് മലയാളത്തിലെ ഏറ്റവും ജനപ്രിയ താരമായിരുന്നു നിത്യഹരിതനായകന് പ്രേംനസീര്‍. സിനിമയിലെ അവസാന കാലത്ത് രാഷ്ട്രീയത്തില്‍ ഇറങ്ങിയ അദ്ദേഹത്തിന് പക്ഷെ നിരാശപ്പെടേണ്ടി വന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലയാളത്തിലെ മുഖ്യധാര സിനിമയില്‍ നിന്നുള്ള ഒരു നടന് ജനസേവനത്തിനായി ഇറങ്ങിത്തിരിച്ചത്. അന്ന് വി എം സുധീരനെതിരെ ആലപ്പുഴയില്‍ മത്സരിക്കാനിറങ്ങിയ നടന് മുരളിക്കും സമാനമായ അവസ്ഥയാണ് ഉണ്ടായത്. അദ്ദേഹം ദയനീയമായി തോറ്റതോടെ രാഷ്ട്രീയം സിനിമാക്കാര്ക്കുള്ളതല്ലെന്ന പതിവ് പല്ലവി മലയാളികള്‍ ആവര്‍ത്തിച്ചു.
സിനിമാരംഗത്തു നിന്നു വന്ന് മത്സരിച്ച് വിജയിച്ച ആദ്യ നടന് കെ ബി ഗണേഷ് കുമാറാണ്. ആര് ബാലകൃഷ്ണപിള്ളയുടെ മകനായ അദ്ദേഹം കന്നിയങ്കത്തില്‍ തന്നെ പത്തനാപുരത്ത് അനായാസേന ജയിച്ചത് രാഷ്ട്രീയ കേരളത്തിന് അത്ഭുതമായി. തുടര്‍ന്നുള്ള തിരഞ്ഞെടുപ്പുകളിലും വിജയം ആവര്‍ത്തിച്ച ഗണേഷ് രാഷ്ട്രീയം എന്നത് തനിക്ക് വെറുമൊരു നേരംപോക്കല്ലെന്ന് തെളിയിച്ചു. ചാലക്കുടിയില്‍ നിന്ന് വിജയിച്ച ഇന്നസെന്റാണ് കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലെ താരമായത്. എതിരാളികളുടെ ശക്തി മണ്ഡലത്തില്‍ നടന് നേടിയ വന്‍ വിജയം സ്വന്തം പാര്‍ട്ടിക്കാരെ പോലും ഞെട്ടിച്ചു. നിയമസഭ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് മത്സരിച്ച നടന് മുകേഷും മോശമാക്കിയില്ല. അദ്ദേഹവും മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു.
അടുത്ത കാലത്തായി മനോഭാവത്തില്‍ മാറ്റം വന്നിട്ടുണ്ടെങ്കിലും മലയാളികള്‍ തമിഴന്മാരെയും തെലുങ്കന്മാരെയും പോലെയല്ല. സിനിമാ താരങ്ങളോടുള്ള അന്ധമായ ആരാധനയും വിധേയത്വവും നമുക്ക് അന്യമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെന്നെയില്‍ വച്ചു നടന്ന ഡിവൈഎഫ്ഐ ദേശിയ സമ്മേളനത്തില്‍ വച്ച് മമ്മൂട്ടി നടത്തിയ പ്രസ്താവന ഉണ്ടാക്കിയ കോലാഹലം ഓര്‍ക്കുക. ഇടതുപക്ഷത്തിന് അനുകൂലമായി അദ്ദേഹം പറഞ്ഞ വാക്കുകള്‍ മറ്റ് രാഷ്ട്രീയ കക്ഷികള്‍ക്കിടയില്‍ അപ്രീതിയുണ്ടാക്കിയിരുന്നു. അതിനുശേഷം നടന് രാഷ്ട്രീയ കാര്യങ്ങളില്‍ അഭിപ്രായം പറഞ്ഞിട്ടില്ല. സ്വതവേ ഇടതുപക്ഷാഭിമുഖ്യമുള്ള ആളാണെങ്കിലും എല്ലാ രാഷ്ട്രീയ നേതാക്കന്മാരുമായും അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മിക്ക സര്‍ക്കാര്‍ പദ്ധതികളുടെ ബ്രാന്റ് അംബാസഡറും അദ്ദേഹമായിരുന്നു എന്നത് ഈ വസ്തുത അടിവരയിട്ടുറപ്പിക്കുന്നു. ഇന്നസെന്റിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമ്പോഴും മിതത്വം കാത്തു സൂക്ഷിക്കാന്‍ മമ്മൂട്ടി പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
മമ്മൂട്ടിയില്‍ നിന്ന് വ്യത്യസ്ഥമായി അപ്പപ്പോള്‍ മാറിമറിയുന്നതാണ് മോഹന്‍ലാലിന്റെ നിലപാടുകള്‍. വസ്തുതകള്‍ നോക്കി അതാത് സമയങ്ങളില്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്ന അദ്ദേഹം ബിജെപിയോട് ചേര്‍ന്ന് പോകുമ്പോഴും സജീവ രാഷ്ട്രീയത്തില്‍ നിന്ന് അകലം പാലിച്ചു. സിനിമയിലും ബിസിനസിലും മാത്രം ശ്രദ്ധിക്കുന്ന അദ്ദേഹം രാഷ്ട്രീയ പ്രവേശനത്തിനുള്ള താല്പര്യം ഇതുവരെ വ്യക്തമാക്കിയിട്ടുമില്ല.
തെലുഗു സിനിമയില്‍ നിന്ന് രാഷ്ട്രീയത്തില്‍ വന്ന എന്‍ടിആര്‍ മുഖ്യമന്ത്രി പദത്തില്‍ വരെയെത്തിയെങ്കിലും സ്വന്തം പാര്‍ട്ടിയുമായി മത്സരിക്കാനിറങ്ങിയ ചിരഞ്ജീവി അമ്പേ പരാജയപ്പെട്ടു. പാര്‍ട്ടിയെ പിന്നീട് കോണ്‍ഗ്രസില്‍ ലയിപ്പിച്ച അദ്ദേഹം ഇപ്പോള്‍ പുതിയ സിനിമയുടെ തിരക്കിലാണ്. എംജിആറിന്റെ വിജയം കണ്ട് രാഷ്ട്രീയ ബലപരീക്ഷണത്തിനിറങ്ങിയ ശിവാജിയെയും അടുത്ത കാലത്ത് വന്ന ശരത് കുമാര്‍, വിജയകാന്ത് എന്നിവരെയും ജനം കൈവിടുകയാണ് ചെയ്തത്. സിനിമ താരങ്ങളെന്ന നിലയില്‍ ആളുകള്‍ മമ്മൂട്ടിയും മോഹന്‍ലാലിനെയും ഇഷ്ടപ്പെടുന്നുണ്ടെങ്കിലും രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങിയാല് ഇന്ന് കാണുന്ന സ്വീകാര്യത അവര്‍ക്കുണ്ടാകുമോ എന്നത് കണ്ടു തന്നെ അറിയണം. അല്ലെങ്കില്‍ ഭരണകൂടം നിശ്ചലമായ തമിഴ്നാട്ടിലെ പോലൊരു അവസ്ഥ ഇവിടെയുമുണ്ടാകണം. ആ സാധ്യത വിദൂരമായത് കൊണ്ട് ഇരുവരും ഉടനെയൊന്നും രാഷ്ട്രീയത്തില്‍ ഇറങ്ങും എന്ന് കരുതാനാവില്ല.
Post Your Comments