ശ്രീദേവിയുടെ മരണം നടന്ന് 48 മണിക്കൂര്‍ കഴിഞ്ഞെങ്കിലും അതേകുറിച്ചുള്ള ദുരൂഹതകള്‍ ഇനിയും മാറിയിട്ടില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ആദ്യം വാര്‍ത്ത വന്നെങ്കിലും താരത്തിന്‍റെത് അപകട മരണമാണെന്നാണ് ദുബായ് പോലിസ് ഇപ്പോള്‍ പറയുന്നത്. നടി ബാത്ത് ടബ്ബില്‍ മുങ്ങിയാണ് മരിച്ചതെന്ന് വെളിപ്പെടുത്തുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് ഇന്നലെ പുറത്തു വന്നിരുന്നു. മരണത്തിന് തൊട്ടു മുമ്പ് അവര്‍ മദ്യപിച്ചിരുന്നു. തുടര്‍ന്ന് അബോധാവസ്ഥയിലായ ശ്രീദേവി സ്വാഭാവികമായി മരിച്ചതാണോ അതോ ആരെങ്കിലും അപകടപ്പെടുത്തിയതാണോ എന്ന് വിശദമായ അന്വേഷണത്തിലേ വ്യക്തമാകൂ. മരണസമയത്ത് കൂടെയുണ്ടായിരുന്ന അവരുടെ ഭര്‍ത്താവ് ബോണി കപൂറിനോട് കൂടുതല്‍ ചോദ്യം ചെയ്യലിനായി പോലിസ് ദുബായില്‍ തന്നെ തങ്ങാനാവശ്യപ്പെട്ടിരിക്കുകയാണ്.
ബന്ധുവായ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ശ്രീദേവി ഭര്‍ത്താവ് ബോണി കപൂറിനും മകള്‍ ഖുഷിക്കുമൊപ്പം കഴിഞ്ഞയാഴ്ച യു.എ.ഇയില്‍ എത്തിയത്. ഷൂട്ടിംഗ് തിരക്കിലായിരുന്നത് കൊണ്ട് മകള്‍ ജാന്‍വി എത്തിയില്ല. വിവാഹാഘോഷത്തിനു ശേഷം കുടുംബം മുംബെയിലേക്ക് മടങ്ങിയെങ്കിലും ശ്രീദേവി ദുബായില്‍ തന്നെ തുടരുകയായിരുന്നു. പിന്നീട് ശനിയാഴ്ച വൈകുന്നേരം ബോണി കപൂര്‍ തിടുക്കപ്പെട്ട് ദുബായില്‍ എത്തിയത് എന്തിനാണെന്ന കാര്യത്തില്‍ പോലീസിനു ഇനിയും വ്യക്തത വന്നിട്ടില്ല. ഭാര്യക്ക് സര്‍പ്രൈസ് ഡിന്നര്‍ കൊടുക്കാനാണ് എത്തിയതെന്നാണ് അദ്ദേഹം പറഞ്ഞത്. അപ്രതിക്ഷിതമായി ഭര്‍ത്താവിനെ കണ്ടപ്പോള്‍ ശ്രീദേവി സന്തോഷവതിയായി. അല്‍പനേരം സംസാരിച്ചിരുന്നതിനു ശേഷം അത്താഴത്തിനു പോകാന്‍ ഒരുങ്ങുന്നതിനായി ശ്രീദേവി ബാത്ത്റൂമിലേക്ക്പോയി. ഏറെ നേരമായിട്ടും അവരെ കാണാത്തത് കൊണ്ട് വാതില്‍ ബലം പ്രയോഗിച്ച് തുറന്നപ്പോള്‍ ബാത്ത് ടബ്ബില്‍ കിടക്കുന്നതാണ് കണ്ടതെന്നാണ് ബോണി പോലീസിനു നല്‍കിയ മൊഴി. എന്നാല്‍ ഏഴരക്ക് നടന്ന സംഭവം പോലിസിനെഅറിയിക്കാന്‍ പത്തുമണി വരെ വൈകിയതെന്തിനാണെന്ന ചോദ്യത്തിന് തൃപ്തികരമായ മറുപടി നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ശ്രീദേവി മദ്യപിച്ചിരുന്ന കാര്യവും അദ്ദേഹം മറച്ചു വച്ചു.
ശ്രീദേവി മദ്യപിക്കാറില്ലെന്നും വൈന്‍ മാത്രമാണ് കഴിച്ചിരുന്നതെന്നും അവരുടെ കുടുംബ സുഹൃത്ത് കൂടിയായ മുന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അമര്‍ സിംഗ് പറഞ്ഞിരുന്നു. കുടുംബ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നാണ് കപൂര്‍ കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നതെങ്കിലും നടിയുടെ ദുബായിലുള്ള സഹോദരി ശ്രീലത പറയുന്നത് മറിച്ചാണ്. ശ്രീദേവിയും ഭര്‍ത്താവും തമ്മില്‍ അടുത്ത കാലത്തായി സ്വര ചേര്‍ച്ചയില്ലായിരുന്നുവെന്നാണ് അവര്‍ പറയുന്നത്.
ശ്രീദേവിയുടെ മരണം സംബന്ധിച്ച് ആദ്യം പ്രചരിച്ച വാര്‍ത്തകള്‍ കളവായിരുന്നു എന്ന മട്ടിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. ശനിയാഴ്ച രാത്രി പത്തരയോടെ അവര്‍ റൂം സര്‍വിസിലേക്ക് വിളിച്ച് കുറച്ചു വെള്ളം ആവശ്യപ്പെട്ടിരുന്നുവത്രേ. പക്ഷെ റൂം ബോയ് എത്തുമ്പോള്‍ മുറി അകത്തു നിന്ന് ലോക്ക് ചെയ്ത നിലയിലായിരുന്നു. കുറെ പ്രാവശ്യം വിളിച്ചിട്ടും പ്രതികരണമൊന്നും ഇല്ലാത്തതുകൊണ്ട് അയാള്‍ വാതില്‍ ബലം പ്രയോഗിച്ച് തുറന്നപ്പോഴാണ് ബാത്ത് ടബ്ബില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന ശ്രീദേവിയെ കണ്ടത്. ആ സമയത്ത് വേറെയാരും മുറിയില്‍ ഉണ്ടായിരുന്നില്ല. ഹോട്ടലില്‍ നിന്ന് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ശ്രീദേവി മരിച്ചിരുന്നു.
ശ്രീദേവിയുടെ മരണത്തെ കുറിച്ച് പറയുമ്പോള്‍ മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്‍റെ ഭാര്യ സുനന്ദ പുഷ്ക്കറുടെ മരണമാണ് പെട്ടെന്ന് നമ്മുടെ മനസ്സില്‍ എത്തുന്നത്. നാലു വര്‍ഷം മുമ്പ് ഡല്‍ഹിയിലെ ഒരു ഹോട്ടല്‍ മുറിയിലാണ് അവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു യോഗത്തില്‍ പങ്കെടുക്കുകയായിരുന്ന ഭര്‍ത്താവ് ശശി തരൂര്‍ തിരിച്ചെത്തിയപ്പോഴാണ് അബോധാവസ്ഥയില്‍ കിടക്കുന്ന സുനന്ദയെ കണ്ടത്. അദ്ദേഹം ഡല്‍ഹി പോലിസിനെ വിവരമറിയിച്ചതോടെ മരണ വിവരം പുറത്തറിഞ്ഞു. സുനന്ദ പുഷ്ക്കറുടേത് സ്വാഭാവിക മരണമോ ആത്മഹത്യയോ എന്നാണ് ആദ്യം കരുതിയതെങ്കിലും അവരുടെ ദേഹത്ത്മു റിപ്പാടുകള്‍ കണ്ടത് സംശയത്തിന് ഇട നല്‍കി. അസ്വാഭാവിക മരണത്തിനാണ് പോലിസ് പിന്നീട് കേസെടുത്തത്. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ടു ഏറെ വിവാദങ്ങളും പില്‍ക്കാലത്തുണ്ടായി.യുപിഎ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ശശി തരൂരിന് വേണ്ടി വ്യാജ റിപ്പോര്‍ട്ട് നല്‍കാന്‍ താന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നുവെന്ന് ആള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍ സുധീര്‍ ഗുപ്ത പിന്നീട് വെളിപ്പെടുത്തിയത് മരണത്തെ കുറിച്ചുള്ള ദുരൂഹത കൂട്ടി.
വിഷ ബാധയേറ്റാണ് സുനന്ദ മരിച്ചതെന്ന് മെഡിക്കല്‍ സംഘം കണ്ടെത്തിയതോടെ ഡല്‍ഹി പോലിസ് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും കേസിന്‍റെ സത്യാവസ്ഥ കണ്ടെത്താനോ ഉത്തരവാദികളെ പിടികൂടാനോ കഴിഞ്ഞിട്ടില്ല എന്നതാണ് ദു:ഖകരം. ഹോട്ടല്‍ മുറിയില്‍ വച്ചു നടന്ന മറ്റൊരു ദുരൂഹ മരണം കൂടി വാര്‍ത്തകളില്‍ നിറയുമ്പോള്‍ ഇരു സംഭവങ്ങളും തമ്മില്‍ ഏറെ സാമ്യമുണ്ടെന്നത് ഒരുപക്ഷെ വിചിത്രമായി തോന്നാം.
Post Your Comments