ലോകമെമ്പാടുമുള്ള രജനികാന്ത് ആരാധകര്‍ മാര്‍ച്ച് ഒന്നിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കാരണം അന്നാണ് സൂപ്പര്‍സ്റ്റാറിന്‍റെ പുതിയ ചിത്രമായ കാലയുടെ ടീസര്‍ പുറത്തിറങ്ങുന്നത്. രജനി വീണ്ടുമൊരു അധോലോക നായകന്‍റെ വേഷത്തിലെത്തുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഏപ്രില്‍ 27നു പുറത്തിറങ്ങുന്ന കാലയെ കുറിച്ച് നിങ്ങള്‍ അറിയേണ്ട ചില കാര്യങ്ങള്‍ ഇതാ,
1. കബാലി എന്ന സിനിമക്ക് ശേഷം രജനികാന്തും സംവിധായകന്‍ പാ രഞ്ജിത്തും ഒന്നിക്കുന്ന സിനിമയാണ് കാല. 2016ല്‍ പുറത്തിറങ്ങിയ കബാലി വന്‍ വിജയമായില്ലെങ്കിലും വ്യാപകമായ പ്രശംസ പിടിച്ചു പറ്റിയിരുന്നു. അതുകൊണ്ടു തന്നെ പുതിയ ചിത്രത്തെ കുറിച്ചുള്ള
പ്രതിക്ഷകള്‍ ഏറെയാണ്.
2. തമിഴ്നാട്ടിലെ തിരുന്നല്‍വേലിയില്‍ നിന്ന് കുട്ടിക്കാലത്ത് തന്നെ മുംബെയിലേക്ക് പലായനം ചെയ്ത് അവിടെ സ്വന്തമായ അധോലോക സാമ്രാജ്യം കെട്ടിപ്പടുത്ത കാല കരികാലന്‍റെ കഥയാണ് സിനിമ പറയുന്നത്
3. കാല എന്ന് പറഞ്ഞാല്‍ മരണത്തിന്‍റെ ദൈവം അല്ലെങ്കില്‍ കറുത്തവന്‍ എന്നാണ് അര്‍ഥം
4. രജനികാന്തിന്‍റെ മരുമകന്‍ കൂടിയായ ധനുഷ് ആണ് വണ്ടര്‍ബാര്‍ സിനിമയുടെ ബാനറില്‍ സിനിമ നിര്‍മിക്കുന്നത്
5. അനൌണ്‍സ് ചെയ്തപ്പോള്‍ തന്നെ കാലയെ കുറിച്ച് അഭ്യുഹങ്ങളും ഏറെ പ്രചരിച്ചു. കബാലിയുടെ തുടര്‍ച്ചയായാണ് സിനിമ ഒരുക്കുന്നത് എന്നായിരുന്നു ആദ്യ പ്രചരണം. നിര്‍മാതാക്കള്‍ വാര്‍ത്ത നിഷേധിച്ചതോടെ മുന്‍ അധോലോക നേതാവ് ഹാജി മസ്താന്‍റെ കഥയാണ് പകര്‍ത്തുന്നത് എന്നായി. തന്‍റെ പിതാവിനെ മോശമായി ചിത്രീകരിച്ചാല്‍ പരിണിത ഫലം അനുഭവിക്കേണ്ടി വരുമെന്ന് പറഞ്ഞ് മസ്താന്‍റെ മകന്‍ പരസ്യ പ്രതികരണം നടത്തുന്നത് വരെയെത്തി കാര്യങ്ങള്‍. കാല ഒരു സാങ്കല്‍പ്പിക കഥയാണെന്ന് സംവിധായകന്‍ വ്യക്തമാക്കിയതോടെയാണ് വിവാദം അവസാനിച്ചത്.
6. കാലയിലെ ഒരു പ്രധാന വേഷം ചെയ്യാന്‍ വിദ്യ ബാലനെ സമിപിച്ചെങ്കിലും അവര്‍ ഓഫര്‍ നിരസിച്ചതോടെ ഹുമ ഖുറേഷിക്കാണ് നറുക്ക് വീണത്. രജനിയുടെ മുന്‍ കാല കാമുകിയുടെ വേഷമാണ് ഹുമ ചെയ്യുന്നത്.
7. നാന പടേക്കര്‍ പ്രതിനായക വേഷത്തിലെത്തുന്ന സിനിമയില്‍ അഞ്ജലി പാട്ടില്‍, സമുദ്രക്കനി, ഈശ്വരി റാവു, അരവിന്ദ് ആകാശ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.
8. മെഗാ ഹിറ്റായ ബാഷയ്ക്ക് ശേഷം മുംബൈ അധോലോക നേതാവിന്‍റെ വേഷത്തില്‍ രജനി എത്തുന്ന സിനിമ കൂടിയാണ് കാല. മദ്രാസ് ഡോണായി ബില്ലയിലും മലേഷ്യന്‍ ഡോണായി കബാലിയിലും രജനി നേരത്തെ അഭിനയിച്ചിട്ടുണ്ട്.
9. രജനി ചിത്രവുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ മഹേഷ് ബാബു, അല്ലു അര്‍ജുന്‍ എന്നിവരുടെ സിനിമകളുടെ റിലീസ് നേരത്തെ നീട്ടിവച്ചിരുന്നു. എങ്കിലും ഏപ്രില്‍ 27നു പുറത്തിറങ്ങുന്ന കാലയ്ക്ക് ഒരു ശക്തനായ എതിരാളിയുണ്ട്-അവഞ്ചെഴ്സ് ഇന്‍ഫിനിറ്റി വാര്‍.
Post Your Comments