വിവിധ ഭാഷകളില്‍ തിളങ്ങുക എന്നത് ഒരു അഭിനേതാവിനേയോ സംവിധായകനേയോ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ല. ശ്രീദേവിയെ പോലെ
വളരെ അപൂര്‍വ്വം പേര്‍ക്കേ ആ ഭാഗ്യം ലഭിച്ചിട്ടുള്ളൂ. നാലാം വയസില്‍ തുണൈവന്‍ എന്ന സിനിമയിലൂടെ ക്യാമറക്ക് മുന്നിലെത്തിയ ശ്രീ അമ്മ യാങ്ങര്‍ അയ്യപ്പന്‍ എന്ന ശ്രീദേവിക്ക് പിന്നീട് ഒരിക്കലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തമിഴിലാണ് തുടങ്ങിയതെങ്കിലും ആ ചെറുപ്രായം മുതലേ അവര്‍ക്ക് മറ്റ് ഭാഷകളിലും കൈ നിറയെ അവസരങ്ങള്‍ കിട്ടി. പൂമ്പാറ്റയിലെ അഭിനയത്തിന് ഏറ്റവും മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡ് നേടിയ ശ്രീദേവിക്ക് തമിഴിലും തെലുഗുവിലും ഹിന്ദിയിലുമായി ആകെ അഞ്ച് ഫിലിം ഫെയര്‍ അവാര്‍ഡുകളും വിവിധ സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.
1976ല്‍ മൂണ്ട്രു മുടിച്ച് എന്ന സിനിമയിലൂടെയാണ് ശ്രീദേവി നായിക പദവിയില്‍ എത്തിയത്. രജനികാന്തും കമല്‍ ഹാസനും അഭിനയിച്ച ആ സിനിമ തെന്നിന്ത്യയിലെ മറ്റൊരു നായിക വസന്തത്തിന് തുടക്കം കുറിച്ചു. പിന്നീട് ഇരുവര്‍ക്കുമൊപ്പം നിരവധി സിനിമകള്‍ ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞു. ഗായത്രി, പതിനാറു വയതിനിലെ, പ്രിയ, സിഗപ്പ് റോജാക്കള്‍, കല്യാണ രാമന്‍, ധര്‍മയുദ്ധം, ഗുരു, ജോണി, വരുമയിന്‍ നിറം സിവപ്പ്, ശങ്കര്‍ലാല്‍, മൂന്നാം പിറൈ, വാഴ്വേ മായം എന്നി സിനിമകള്‍ ശ്രീദേവിയുടെ അഭിനയ പാടവം പുറത്തെടുത്തു. ഇന്നത്തെ തമിഴ് സിനിമകളില്‍ നിന്ന് വ്യത്യസ്ഥമായി നായകന് തുല്യ പ്രാധാന്യം നായികക്കും ലഭിച്ചിരുന്ന കാലമായിരുന്നു അത്. തനിക്ക് ലഭിച്ച ജീവിത ഗാന്ധിയും വ്യക്തിത്വമുള്ളതുമായ കഥാപാത്രങ്ങള്‍ ശ്രീദേവി ഉജ്ജ്വലമാക്കി. മൂന്നാം പിറയിലെ മാനസിക നില തെറ്റിയ നായികയുടെ കുസൃതിയും നിഷ്ക്കളങ്കതയും ആര്‍ക്കാണ് മറക്കാന്‍ സാധിക്കുക? ആ സിനിമയിലെ അവരുടെ പ്രകടനം തന്നേ അത്ഭുതപ്പെടുത്തിയെന്ന്‍ ഇളയരാജ പിന്നീട് പറഞ്ഞിരുന്നു.
തമിഴില്‍ അഭിനയിക്കുമ്പോഴും ആദ്യ അംഗികാരം നല്‍കിയ മലയാള സിനിമയെ അവര്‍ മറന്നില്ല. ആശിര്‍വാദം, ആദ്യ പാഠം, സത്യവാന്‍ സാവിത്രി എന്നിങ്ങനെ ഇരുപത്തിയാറു ചിത്രങ്ങളിലാണ് അവര്‍ മലയാളത്തില്‍ വേഷമിട്ടത്. മിക്ക സിനിമകളിലും കമല്‍ ഹാസനായിരുന്നു നായകന്‍. അന്നൊന്നും നിന്ന് തിരിയാന്‍ സമയമില്ലാത്ത അത്ര തിരക്കായിരുന്നു ശ്രീദേവിക്ക്. തമിഴ്, മലയാളം, കന്നഡ, തെലുഗു ഭാഷകളില്‍ അവര്‍ മാറി മാറി അഭിനയിച്ചു. അതാത് ഭാഷകളിലെ മഹാരഥന്മാരുമായുള്ള അഭിനയം ശ്രീദേവിയിലെ അഭിനേത്രിക്ക് ഏറെ ഗുണം ചെയ്തു. എന്‍ ടി രാമറാവു, നാഗേശ്വര റാവു, രാജ് കുമാര്‍, ശിവാജി ഗണേശന്‍, ജെമിനി ഗണേശന്‍, ശിവ കുമാര്‍ എന്നിങ്ങനെ മിക്ക നടന്മാരോടൊപ്പവും അവര്‍ അന്ന് അഭിനയിച്ചു.
ഭാരതിരാജ, കെ ബാലചന്ദര്‍, ബാലു മഹേന്ദ്ര തുടങ്ങിയ പ്രതിഭാശാലികള്‍ വ്യത്യസ്ഥങ്ങളായ പ്രമേയങ്ങളുമായി തമിഴ് സിനിമയില്‍ വിപ്ലവകരമായ മാറ്റം കൊണ്ടു വന്ന സമയമായിരുന്നു അത്. സിഗപ്പ് റോജാക്കള്‍ എന്ന സിനിമ നോക്കുക. 1978ല്‍ പുറത്തിറങ്ങിയ ഭാരതിരാജ ചിത്രം ഒരു സീരിയല്‍ കില്ലറുടെ കഥയാണ് പറഞ്ഞത്. അനുരാഗ് കാശ്യപ് സംവിധാനം ചെയ്ത രാമന്‍ രാഘവ് എന്ന പരമ്പര കുറ്റവാളിയുടെ കഥ ബോളിവുഡില്‍ തരംഗമാകുന്നതിന് വളരെ മുമ്പേ സമാന പ്രമേയം കൈകാര്യം ചെയ്ത സിഗപ്പ് റോജാക്കളുടെ ഭാഗമാകാന്‍ ശ്രീദേവിക്ക് കഴിഞ്ഞു. മികച്ച രചന കൊണ്ടും നിര്‍മ്മാണ മികവ് കൊണ്ടും ശ്രദ്ധേയമായ ആ സിനിമ ഇന്നും തമിഴകത്തെ ഏറ്റവും മികച്ച ത്രില്ലര്‍ സിനിമകളില്‍ ഒന്നായാണ് കരുതപ്പെടുന്നത്. പതിനാറു വയതിനിലെ, മൂന്നാം പിറൈ എന്നി സിനിമകളുടെ കാര്യവും ഏതാണ്ട് അതുപോലെയാണ്.
തെന്നിന്ത്യയുടെ പെരുമയുമായെത്തിയ ശ്രീദേവിയെ ബോളിവുഡ് ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. അഭിനയിച്ച ഭാഷകളിലെല്ലാം കീര്‍ത്തിമുദ്ര പതിപ്പിച്ച മറ്റൊരു നടി ശ്രീദേവിയല്ലാതെ മറ്റാരും ഇന്ത്യന്‍ സിനിമയില്‍ ഉണ്ടാകില്ല. അമിതാഭ് ബച്ചന്‍, ധര്‍മേന്ദ്ര, രാജേഷ് ഖന്ന, ജിതേന്ദ്ര, ആമിര്‍ ഖാന്‍ എന്നിവരുമായെല്ലാം അഭിനയിച്ച അവര്‍ പലപ്പോഴും നായകന്മാരെക്കാള്‍ ശ്രദ്ധാകേന്ദ്രമായി. അഭിനയ മികവിനൊപ്പം ആ പേര് അന്വര്‍ഥമാക്കുന്ന ദൈവിക സൗന്ദര്യവും അതിന് കാരണമായെന്ന് നിസ്സംശയം പറയാന്‍ സാധിക്കും.
നായികയുടെ സൌകര്യാര്‍ത്ഥം അമിതാഭിനെ പോലുള്ള നടന്മാരുടെ ഡേറ്റ് ക്രമികരിക്കുക എന്നത് ഇന്ന് ചിന്തിക്കാന്‍ പോലും സാധിക്കില്ല, എന്നാല്‍ ശ്രീദേവിക്ക് വേണ്ടി ബോളിവുഡ് നിര്‍മാതാക്കള്‍ക്ക് പലപ്പോഴും അങ്ങനെയും ചെയ്യേണ്ടി വന്നിട്ടുണ്ട്. കാരണം അത്ര തിരക്കായിരുന്നു അവര്‍ക്ക്. പകരം വയ്ക്കാന്‍ അവരെ പോലുള്ള മറ്റൊരു നടി ഇല്ലാത്തതുകൊണ്ട് നായകന്മാര്‍ക്ക് മറ്റ് വഴിയൊന്നുമില്ലായിരുന്നു. അത് ഇന്നും അങ്ങനെ തന്നെയാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനുള്ളില്‍ ബോളിവുഡില്‍ ഒരുപാട് നടിമാര്‍ വന്ന് പോയെങ്കിലും അവര്‍ക്കാര്‍ക്കും ശ്രീദേവിയെ പോലെ ജന മനസുകളില്‍ ഇടം പിടിക്കാനായില്ല. ബോളിവുഡ് സുന്ദരി എന്നു പറയുമ്പോള്‍ ഇന്നും നമ്മുടെ മനസ്സില്‍ ആദ്യമെത്തുന്നത് ശ്രീദേവിയുടെ മുഖമാണ്. ഇതിനെയാണ് സ്റ്റാര്‍ഡം എന്ന് പറയുന്നത്. ശ്രീദേവിയെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നും ബോളിവുഡ് ക്വീന്‍ എന്നുമൊക്കെ വിളിക്കുന്നത് അതുകൊണ്ടാണ്.
Post Your Comments