മനോജ്
താര സുന്ദരി ശ്രീദേവിയുടെ മരണം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് സിനിമ പ്രേമികള്‍ ഇനിയും മുക്തരായിട്ടില്ല. ഒരു വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനായി ദുബായില്‍ എത്തിയ ശ്രീദേവി ഇന്നലെ രാത്രി 11.30നാണ് ഈ ലോകത്തോട് വിട പറഞ്ഞത്. ഹൃദയാഘാതമാണ് മരണ കാരണം. നടിയെ അവസാനമായി ഒരു നോക്ക് കാണാനായി അന്ധേരിയിലെ അവരുടെ വീടിന് മുന്നിലേക്ക് ജനം ഇപ്പോള്‍ ഒഴുകുകയാണ്.
പ്രശസ്തിയുടെ വെള്ളി വെളിച്ചത്തില്‍ നില്ക്കുമ്പോള് അപ്രതിക്ഷിതമായി വിട വാങ്ങിയ അഭിനേതാക്കള്‍ നമുക്കിടയില്‍ മുമ്പും ഉണ്ടായിട്ടുണ്ട്. മധുബാലയും സ്മിത പാട്ടിലും ജയനും കൊച്ചിന് ഹനീഫയും കലാഭവന്‍ മണിയുമെല്ലാം അതില്‍ പെടും.
1. മധുബാല
ബോളിവുഡിന്റെ സ്വപ്ന സുന്ദരിയായിരുന്നു മധുബാല. മുഗള്‍ ഇ ആസം, ഹൌറ ബ്രിഡ്ജ്, മിസ്റ്റര്‍ ആന്‍ഡ് മിസിസ് 55 തുടങ്ങിയ സിനിമകളിലൂടെ ആരാധകരുടെ മനം കവര്‍ന്ന അഭിനേത്രി. ഇന്ത്യന്‍ സിനിമയിലെ വീനസ് എന്ന് അറിയപ്പെട്ട അവരെ തേടി ഹോളിവുഡില്‍ നിന്ന് വരെ അവസരങ്ങളെത്തി. പക്ഷെ ആ അഭിനയ സപര്യക്ക് കഷ്ടിച്ച് രണ്ടു പതിറ്റാണ്ടിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴേക്കും അവരുടെ ഹൃദയത്തില്‍ ഒരു ദ്വാരം കണ്ടെത്തി. അസുഖം
മൂര്‍ഛിച്ചതോടെ അവര്‍ കിടപ്പിലായി. വര്‍ഷങ്ങള്‍ നീണ്ട ദുരിതപൂര്‍ണ്ണമായ ജീവിതത്തിനു ശേഷം മുപ്പത്തിയാറാമത്തെ വയസില്‍ അവര്‍ ഈ ലോകത്തോട് വിട പറഞ്ഞു. മരണത്തിന് ശേഷവും ദുരന്തം അവരെ വിടാതെ പിന്തുടര്ന്നു. മാര്‍ബിളില്‍ തീര്‍ത്ത അവരുടെ കല്ലറ സ്ഥലത്തിന്റെ അപര്യാപ്തത മൂലം അടുത്ത കാലത്ത് എടുത്തു മാറ്റി.
2. സ്മിത പാട്ടില്‍
ഇന്ത്യന്‍ സിനിമയിലെ വിഖ്യാത അഭിനയ പ്രതിഭയായിരുന്ന സ്മിത പാട്ടില്‍ മുപ്പത്തിയൊന്നാമത്തെ വയസിലാണ് മരിക്കുന്നത്. മന്തന്, ആക്രോഷ്, ഭൂമിക തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തയായ അവര്‍ അരവിന്ദന് സംവിധാനം ചെയ്ത ചിദംബരത്തിലൂടെ മലയാളത്തിലും എത്തി. സിനിമയില്‍ സജീവമായിരിക്കുന്ന സമയത്ത് തന്നെ രാജ് ബബ്ബറെ വിവാഹം കഴിച്ച അവര്‍ പ്രസവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മൂലം 1986ല്‍ മരിച്ചു.
3. ജയന്
മലയാളി സിനിമ പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത നടനാണ് ജയന്. കഥാപാത്രത്തിന്റെ പരിപൂര്‍ണ്ണതക്ക് വേണ്ടി ഏതറ്റം വരെയും പോകാന്‍ തയാറായിരുന്ന അദ്ദേഹത്തിന്റെ ജീവനെടുത്തത് കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ ഉണ്ടായ അപകടമാണ്. ഒരിക്കല്‍ ഷൂട്ട് ചെയ്ത രംഗം ജയന്റെ നിര്‍ബന്ധ പ്രകാരമാണ് സംവിധായകന് പി എന്‍ സുന്ദരം വീണ്ടും ഷൂട്ട് ചെയ്തത്. ഹെലികോപ്റ്റര്‍ അപ്രതിക്ഷിതമായി തറയില്‍ വന്നിടിച്ചതോടെ അതിനടിയില്‍ തൂങ്ങിക്കിടന്ന ജയന് ഗുരുതരമായി പരുക്കേറ്റു. അദ്ദേഹത്തെ ഉടനെ ആശുപത്രിയില്‍ കൊണ്ടു പോയെങ്കിലും പതിവില്ലാതെ പെയ്ത മഴയും തുടര്‍ന്നുണ്ടായ ഗതാഗത കുരുക്കും യാത്ര ദുഷ്ക്കരമാക്കി. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പേ അദ്ദേഹം മരിച്ചു.
4. മോനിഷ
മലയാളത്തില്‍ മഞ്ഞള്‍ പ്രസാദത്തിന്റെ തിളക്കവുമായി വന്ന നടിയാണ് മോനിഷ. ആദ്യ സിനിമയായ നഖക്ഷതങ്ങളിലെ അഭിനയത്തിന് അവര്‍ക്ക് മികച്ച നടിക്കുള്ള ദേശിയ ചലച്ചിത്ര അവാര്‍ഡും ലഭിച്ചു. 1992 ഡിസംബര്‍ അഞ്ചിനു ചേര്‍ത്തലയില്‍ വച്ചുണ്ടായ ഒരു വാഹനാപകടത്തില്‍ മോനിഷ മരിച്ചു. അന്ന് അവര്‍ക്ക് ഇരുപത്തിയൊന്നു വയസായിരുന്നു പ്രായം.
അടുത്ത പിറന്നാളിന് ഒരു മാസം ബാക്കിയുള്ളപ്പോഴാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മോനിഷ മരണത്തിന് കീഴടങ്ങിയത്.
5. സില്‍ക്ക് സ്മിത
തൊണ്ണൂറുകളില്‍ യുവതലമുറയെ കോരിത്തരിപ്പിച്ച നടിയായിരുന്നു വിജയലക്ഷ്മി എന്ന സില്‍ക്ക് സ്മിത. ഐറ്റം ഡാന്‍സുകളിലൂടെ മുഖ്യധാര സിനിമയുടെ ഭാഗമായ അവര്‍ 450ലേറെ സിനിമകളില്‍ അഭിനയിച്ചു. കമല്‍ ഹാസനോടൊപ്പം അഭിനയിച്ച മൂന്നാം പിറൈ, മോഹന്‍ലാലിനോടൊപ്പം അഭിനയിച്ച സ്ഫടികം എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടു. 1996ല്‍ ചെന്നെയിലെ വസതിയില്‍ അവരെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രണയ നൈരാശ്യവും തുടര്‍ന്ന് അവര്‍ മദ്യത്തിനു അടിമയായതുമാണ് മരണത്തിലേക്ക് നയിച്ചതെന്ന്
പറയപ്പെടുന്നു.
6. സൌന്ദര്യ
മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി ഭാഷകളിലെ അറിയപ്പെടുന്ന നടിയായിരുന്നു സൌന്ദര്യ. കിളിച്ചുണ്ടന്‍ മാമ്പഴം, യാത്രക്കാരുടെ ശ്രദ്ധക്ക് എന്നിവയാണ് അവര്‍ ചെയ്ത മലയാള സിനിമകള്‍. പ്രിഥ്വിരാജിനോടൊപ്പം അഭിനയിക്കേണ്ടിയിരുന്ന കമലിന്റെ മുന്തിരിത്തോപ്പുകളിലെ അതിഥി എന്ന സിനിമ മാറ്റി വച്ചാണ് അവര്‍ 2004ലെ പൊതുതിരഞ്ഞെടുപ്പ് കാലത്ത് ബിജെപി സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനായി പോയത്. പക്ഷെ ആ പോക്ക് മരണത്തിലേക്കാണെന്ന് ആരുമറിഞ്ഞില്ല. മോശം കാലാവസ്ഥയില്‍ ബാംഗ്ലൂരില്‍ വച്ച് ഹെലികോപ്റ്റര്‍ തകര്‍ന്ന് സൌന്ദര്യ ഉള്‍പ്പടെ എല്ലാവരും മരിച്ചു.
7. കലാഭവന്‍ മണി
ഇന്നും മലയാളികളുടെ പ്രിയ നടനാണ് കലാഭവന്‍ മണി. ലളിതമായ പെരുമാറ്റം കൊണ്ടും നര്‍മ്മ സംഭാഷണം കൊണ്ടും നാടന്‍ പാട്ടുകള്‍ കൊണ്ടും പ്രേക്ഷക മനസുകളില്‍ ഇടം പിടിച്ച ബഹുമുഖ പ്രതിഭ. 2016 മാര്‍ച്ച് മാസത്തില്‍ അദ്ദേഹം മരിച്ചെന്ന വാര്‍ത്ത കേട്ടപ്പോള്‍ ആര്‍ക്കും അത്ര പെട്ടെന്ന് അത് ഉള്‍ക്കൊള്ളാനായില്ല. കരള്‍ സംബന്ധമായ പ്രശ്നങ്ങളാണ് അദ്ദേഹത്തിന്റെ മരണ കാരണമായത്.
8. തരുണി സച്ദേവ്
വെള്ളിനക്ഷത്രം, സത്യം സിനിമകളില്‍ അഭിനയിച്ച ആ കുട്ടിക്കുറുകാരിയെ അത്ര പെട്ടെന്ന് ആരും മറക്കാനിടയില്ല. പാ എന്ന ഹിന്ദി സിനിമയില്‍ സാക്ഷാല്‍ അമിതാഭ് ബച്ചന്റെ ഗേള്‍ ഫ്രണ്ടായും തരുണി അഭിനയിച്ചിട്ടുണ്ട്. തന്റെ പതിനാലാമത്തെ വയസില്‍ നേപ്പാളില്‍ വച്ചുണ്ടായ ഒരു വിമാനാപകടത്തിലാണ് തരുണി മരിച്ചത്.
9. കല്പന
മലയാളത്തില്‍ ഹാസ്യം കൈകാര്യം ചെയ്യുന്ന നടികള്‍ ഇല്ലെന്ന കുറവ് നികത്തിയെടുത്ത നടിയാണ് കല്പന. മലയാളത്തില്‍ ഹാസ്യ നടിയായും
തമിഴില്‍ ദുഃഖപുത്രിയായും തിളങ്ങിയ അവര്‍ തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ചു. കല്‍പ്പന നായികയായ സതി
ലീലാവതി നിര്‍മിച്ചത് സാക്ഷാല്‍ കമല്‍ ഹാസനാണെന്ന് അധികമാര്‍ക്കും അറിയില്ല. ഏറ്റവും മികച്ച രണ്ടാമത്തെ നടിക്കുള്ള 2012ലെ ദേശിയ
അവാര്‍ഡ് ലഭിച്ച അവര്‍ക്ക് പക്ഷെ അധികം സന്തോഷിക്കാനുള്ള ഭാഗ്യമുണ്ടായില്ല. അധികം വൈകാതെ അവര്‍ മരണപ്പെട്ടു. കാര്‍ത്തി, നാഗാര്‍ജുന ടീമിന്റെ ഊപിരി (തോഴ)യില്‍ അഭിനയിക്കുമ്പോഴാണ് ഹൃദയാഘാതം കല്പനയുടെ ജീവനെടുത്തത്.
10. കൊച്ചിന് ഹനീഫ
നടന്, തിരക്കഥാകൃത്ത്, സംവിധായകന് എന്നി നിലകളില്‍ കഴിവ് തെളിയിച്ചയാളാണ് കൊച്ചിന് ഹനീഫ. എംജിആര്‍, കരുണാനിധി,ജയലളിത,
മമ്മൂട്ടി, മോഹന്‍ലാല്‍, രജനികാന്ത്, കമല്‍ ഹാസന് എന്നിവരോടെല്ലാം അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഹനീഫയുടെ മരണം ചെന്നെയിലെ
താരതമ്യേന അപ്രധാനമായ ആശുപത്രിയില്‍ വച്ചായിരുന്നു എന്നത് വിധി വൈപരീത്യമായി. കരള്‍ രോഗത്തിന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ
മരണം സിനിമ ലോകത്ത് ഇന്നും നികത്താനാവാത്ത വിടവാണ് സമ്മാനിച്ചത്.
Post Your Comments