ഇന്ത്യന്‍ സിനിമാ ലോകത്ത് ശ്രീദേവി എന്ന അഭിനേത്രി തുറന്നുവച്ചത് അഭിനയ സൗന്ദര്യത്തിന്റെ പുതിയ തലമായിരുന്നു. വിവിധ ഭാഷകളിലായി മൂന്നൂറോളം സിനിമകളില്‍ വേഷമിട്ട ശ്രീദേവി ‘പൂമ്പാറ്റ’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ എത്തുന്നത്. മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം നേടിയ ശ്രീദേവി പിന്നീട് സിനിമാ ലോകത്ത് എഴുതി ചേര്ത്തത്ത് പകരം വയ്ക്കാനില്ലാത്ത അഭിനേത്രിയുടെ പുത്തന്‍ ശൈലിയായിരുന്നു. 1975-ല്‍ പുറത്തിറങ്ങിയ ‘ജൂലി’ എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീദേവിയുടെ ബോളിവുഡ് അരങ്ങേറ്റം. പിന്നീട് കന്നഡ, തമിഴ് തെലുങ്ക്, മലയാളം തുടങ്ങിയ വിവിധ ഭാഷകളില്‍ ആ പെണ് സൗന്ദര്യം പ്രേക്ഷകരെ അത്ഭുതപ്പെടുത്തി. നായകന്മാര്ക്കൊപ്പം കരുത്തുകാട്ടി പിടിച്ചു നില്ക്കാന് ശക്തമായ സ്ത്രീ സാന്നിധ്യങ്ങളും ഉണ്ടെന്നു തെളിയിച്ചതില്‍ പ്രധാനിയായിരുന്നു ശ്രീദേവി. കമല്‍ഹാസനുമായി അഭിനയിച്ച ‘മൂന്നാം പിറ’യാണ് കോളിവുഡില്‍ ശ്രീദേവിക്ക് വലിയ പേര് നല്‍കിയത്. ബുദ്ധിഭ്രമമുള്ള ഭാഗ്യലക്ഷ്മി എന്ന കഥാപാത്രത്തിന്റെ അഭിനയ നിമിഷങ്ങള്‍ തമിഴ് പ്രേക്ഷകര്‍ക്ക് ഏറെ പുതുമയുള്ളതായിരുന്നു. ഭരതന്റെ ദേവരാഗമാണ് ശ്രീദേവിയെ
മലയാളി പ്രേക്ഷകര്‍ക്കു സുപരിചിതയാക്കിയത്.
ദേവരാഗത്തില്‍ അഭിനയിച്ചപ്പോള്‍ മലയാള ഭാഷയുടെ ഉച്ചാരണം പ്രശ്നം സൃഷ്ടിച്ചെങ്കിലും ആ ശബ്ദത്തിലൂടെ പ്രേക്ഷകനെ പ്രണയിപ്പിക്കാന്‍ ശ്രീദേവിക്ക് കഴിഞ്ഞു.
(മൂന്നാം പിറ എന്ന ചിത്രത്തില്‍ നിന്ന്)
എന്നും മാറ്റങ്ങളുടെ വഴിയേയായിരുന്നു ശ്രീദേവിയുടെ സഞ്ചാരം. വിവാദ വാര്‍ത്തകളില്‍ ഇടപിടിച്ചിട്ടില്ലാത്ത ഇന്ത്യന്‍ സിനിമാ ലോകത്തെ അപൂര്‍വ്വ പ്രതിഭകളില്‍ ഒരാള്‍. ബോളിവുഡ് നിര്‍മ്മാതാവ് ബോണി കപൂറിനെയായിരുന്നു ശ്രീദേവി തന്റെ വരനായി തെരഞ്ഞെടുത്തത്. 1996 ജൂൺ- 2നായിരുന്നു ഇരുവരുടെയും വിവാഹം. ഭര്‍ത്താവിന്റെ സ്നേഹനിധിയായ ഭാര്യയായി ഈ കാലമത്രയും ജീവിച്ച ശ്രീദേവി വിവാഹ ജീവിതം അലക്ഷ്യമാക്കുന്ന ഒട്ടേറെ സെലിബ്രിറ്റികള്‍ക്ക് ഒരു തിരുത്ത് കൂടിയാണ്. ബോണി കപൂറിന്റെ ആരോഗ്യ പ്രശ്നങ്ങളില്‍ വേണ്ടവിധം കെയര്‍ നല്കി അദ്ദേഹത്തെ പരിപാലിച്ചു പോന്ന നല്ല വീട്ടമ്മ എന്ന നിലയിലും ശ്രീദേവി ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയെടുത്തു.
(ശ്രീദേവി കുടുംബത്തോടൊപ്പം)
1963 ആഗസ്റ്റ് 13 ന് തമിഴ്നാട്ടിലെ ശിവകാശിയില്‍ ജനിച്ച ശ്രീദേവിയുടെ യഥാര്‍ത്ഥ പേര് ‘ശ്രീ അമ്മയങ്കാർ അയ്യപ്പൻ’ എന്നായിരുന്നു. തന്റെ നാലാം വയസ്സില്‍ അഭിനയ ജീവിതം ആരംഭിച്ച താരം 1980-നു ശേഷം ഇടവേളകളില്ലാതെയാണ് സിനിമകളില്‍ നിറഞ്ഞാടിയത്. പ്രണയ ഭാവങ്ങള്‍ക്ക് അഭിനയത്തിലൂടെ പുത്തന്‍ വ്യഖ്യാനം നല്കിയ ശ്രീദേവിയെ സിനിമ കണ്ടിറങ്ങിയ ഓരോ കൗമാരഹൃദയങ്ങളും നെഞ്ചോട് ചേര്‍ത്തിരുന്നു. ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും വലിയ വിവാദങ്ങളിലേക്ക് ചെന്നെത്തും വിധം അതൊന്നും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നില്ല കാരണം ശ്രീദേവിയുടെ ഗ്ലാമര്‍ അഭിനയം ആ സിനിമ മനോഹരമാക്കുന്നതിന്റെ ടോട്ടാലിറ്റിയില്‍ സുപ്രധാന പങ്കുവഹിച്ചിരുന്നു. നൃത്തരംഗങ്ങളിലും വൈകാരികമായ തലം വെളിവാക്കുന്നതിലും ശ്രീദേവിയോളം ക്രാഫ്റ്റ് അന്നത്തെ മറ്റൊരു നടിക്കും ഉണ്ടായിരുന്നില്ല.
ദേവരാഗത്തിലെ ശ്രീദേവിയുടെ കഥാപാത്രത്തിന്റെ ശബ്ദത്തിനു മലയാളി പ്രേക്ഷകരുടെ പ്രണയ ശബ്ദവുമായി അത്രത്തോളം സാമ്യമുണ്ടായിരുന്നു. ഒമാനത്വമുള്ള പെണ്മുഖങ്ങള്ക്ക് ഒരഭിമാനമായിരുന്നു ദേവരാഗത്തിലെ പ്രണയനായിക. എണ്‍പതുകളിലും തൊണ്ണൂറുകളുടെ മദ്ധ്യേയും തിളങ്ങി നിന്ന അഭിനയ സൗന്ദര്യം വിവാഹ ജീവിതത്തോടെ സിനിമയില്‍ നിന്ന് വിട പറഞ്ഞെങ്കിലും വീണ്ടും അതിശക്തമായി തിരിച്ചെത്തി. 2013-ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ച ശ്രീദേവി ‘ഇംഗ്ലീഷ് വിന്ഗ്ലീഷ്’ എന്ന ബോളിവുഡ് ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മാം(അമ്മ)എന്ന ബോളിവുഡ് ചിത്രത്തിലാണ് ശ്രീദേവി അവസാനമായി അഭിനയിച്ചത്. കമല്‍ ഹാസനുമായി 25-ഓളം സിനിമകളില്‍ നായികയായി അഭിനയിച്ചതിന്റെ റെക്കോഡും ശ്രീദേവിയുടെ പേരിലുണ്ട്.
ജാന്‍വി, ഖുശി എന്നീ രണ്ടു പെണ്മക്കളാണ് ശ്രീദേവിക്കുള്ളത് മകള്‍ ജാന്‍വിയുടെ സിനിമാ അരങ്ങേറ്റത്തിനു സാക്ഷ്യം വഹിക്കാന്‍ കാത്തു നില്‍ക്കാതെയാണ് ശ്രീദേവിയുടെ മടക്കം, അമ്മ ചെയ്യാന്‍ ബാക്കിവെച്ച സ്വപ്ന തുല്യമായ വേഷങ്ങള്‍ മകള്‍ ജാന്‍വിയിലൂടെ സഫലീകരിക്കട്ടെ, ക്ലൈമാക്സ് എഴുതാനാകത്ത ആ അപൂര്‍വ്വ അഭിനയ സൗന്ദര്യത്തിനു നിത്യശാന്തി നേരുന്നു.
Post Your Comments