രാജ്യം മുഴുവന്‍ ആരാധകരുള്ള നടനാണ് മോഹന്‍ലാല്‍. നേരത്തെ അന്യ ഭാഷ സിനിമകളില്‍ അഭിനയിക്കാന്‍ വിമുഖത കാട്ടിയിരുന്ന ലാല്‍ അടുത്ത കാലത്താണ് തമിഴ്, തെലുഗു ഭാഷകളില്‍ സജീവമാകാന്‍ തുടങ്ങിയത്. ഹിന്ദിയില്‍ കമ്പനി, ആഗ് എന്നി രണ്ടു സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും അമിതാഭ് ബച്ചന്‍, ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍ തുടങ്ങിയ വമ്പന്മാര്‍ വരെ അദ്ദേഹത്തിന്‍റെ ആരാധകരാണ്. ഇന്ത്യയില്‍ ഏറ്റവും സ്വാഭാവികമായി അഭിനയിക്കുന്ന നടന്‍ എന്നാണ് അമിതാഭ് മലയാളത്തിന്‍റെ പ്രിയ സൂപ്പര്‍താരത്തെ ഒരിക്കല്‍ വിശേഷിപ്പിച്ചത്. രജനികാന്തും കമല്‍ ഹാസനും സമാനമായ നിരീക്ഷണങ്ങള്‍ ലാലിനെ കുറിച്ച് നടത്തിയിട്ടുണ്ട്.
ഇപ്പോഴിതാ മോഹന്‍ലാല്‍ ആരാധകരെ സന്തോഷിപ്പിക്കുന്ന ഒരു വാര്‍ത്ത കൂടി പുറത്തു വരുന്നു. പ്രശസ്ത മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ അദ്ദേഹം സാക്ഷാല്‍ രജനികാന്തിനെ മറി കടന്നു എന്നതാണ് അത്. ലോകം മുഴുവന്‍ ആരാധക വലയമുള്ള നടനാണ് രജനികാന്ത്. മുത്തു മുതലുള്ള അദ്ദേഹത്തിന്‍റെ സിനിമകള്‍ മൊഴി മാറ്റി ജപ്പാനില്‍ പോലും പ്രദര്‍ശിപ്പിക്കാറുണ്ട്. ഇന്ത്യന്‍ സിനിമയിലെ ഒരേ ഒരു നല്ല നടന്‍ എന്നാണ് ജപ്പാനിലെ ആരാധകര്‍ രജനിയെ വിശേഷിപ്പിക്കുന്നത്. അങ്ങനെയുള്ള രജനിയെയാണ് മോഹന്‍ലാല്‍ സമൂഹ മാധ്യമത്തില്‍ മറി കടന്നത്.
രജനിയെ 4.55 ദശലക്ഷം ആളുകള്‍ ട്വിറ്ററില്‍ പിന്തുടരുമ്പോള്‍ 4.62 ദശലക്ഷമാണ് ലാലിന്‍റെ ആരാധക സമ്പത്ത്. ജനതാ ഗ്യാരേജ്, പുലി മുരുകന്‍ തുടങ്ങിയ സിനിമകളിലൂടെ മോഹന്‍ലാല്‍ അടുത്തിടെ തെലുഗു പ്രേക്ഷകരുടെയും പ്രിയ നടനായി മാറിയിരുന്നു. തുടര്‍ന്ന് ഒപ്പം, വില്ലന്‍ എന്നി മോഹന്‍ലാല്‍ ചിത്രങ്ങളും മൊഴി മാറ്റി തെലുഗുവില്‍ ഇറക്കി. ആ സിനിമകള്‍ക്കും മികച്ച ബോക്സ് ഓഫിസ് കളക്ഷനാണ് ലഭിച്ചത്.
Post Your Comments