Film ArticlesGeneralMollywoodNEWS

ജഗദീഷ് മമ്മൂട്ടിയോടും, ജയറാം മോഹന്‍ലാലിനോടും നന്ദി പറയണം; കാരണം ഇതാണ്!

1980-കള്‍ക്ക് ശേഷം മലയാളസിനിമയില്‍ നിരവധി കൂട്ടുകെട്ടുകള്‍ ഒത്തുചേര്‍ന്ന് ഒരുപാട് നല്ല ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. അന്നത്തെക്കാലത്തെ ഏറ്റവും മികച്ച ഹിറ്റ് കൂട്ടുകെട്ടുകളില്‍ ഒന്നായിരുന്നു മമ്മൂട്ടി-ജോഷി-കലൂര്‍ ഡെന്നിസ് ടീം. അതുപോലെ തന്നെ മലയാളത്തിലെ മറ്റൊരു ഹിറ്റ് കൂട്ടുകെട്ടായിരുന്നു മോഹന്‍ലാല്‍ -സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ ടീം. ഇവര്‍ക്കൊപ്പമുള്ള കൂട്ടുകെട്ടുകളാണ് മമ്മൂട്ടിയേയും, മോഹന്‍ലാലിനെയും താരപദവിയിലേക്ക് ഉയര്‍ത്തിയത്. പിന്നീടു ഹിറ്റുകളില്‍ നിന്ന് ഹിറ്റുകള്‍ പിറന്നതോടെ മമ്മൂട്ടിയും, മോഹന്‍ലാലും മലയാളസിനിമയിലെ സൂപ്പര്‍ താരങ്ങളായി വളര്‍ന്നു.

സ്ഥിരമായി മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്തുകൊണ്ടിരുന്ന കലൂര്‍ ഡെന്നിസിന് പിന്നീടു മമ്മൂട്ടിയെന്ന നടനെ തന്റെ സിനിമയിലെ കഥാപാത്രമാക്കാന്‍ കഴിയാതെ വന്നു. ഡെന്നിസ് ജോസഫ് എന്ന രചയിതാവിന്റെ മാസ് പരുവത്തിലുള്ള മമ്മൂട്ടി ചിത്രങ്ങള്‍ വന്നതോടെ മമ്മൂട്ടിയെന്ന താരത്തിനു തിരക്കേറി. മമ്മൂട്ടിയെ മാത്രം നായകനാക്കി സിനിമകള്‍ എഴുതികൊണ്ടിരുന്ന കലൂര്‍ ഡെന്നിസിന് മമ്മൂട്ടിയുടെ ഡേറ്റ് കിട്ടാതെ വന്നതോടെ കലൂര്‍ ഡെന്നിസ് തന്റെ സിനിമയിലേക്ക് മറ്റു നായകന്മാരെ പരിഗണിക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ജഗദീഷ് എന്ന നടന് മലയാളസിനിമയിലേക്ക് അവസരം വന്നുചേര്‍ന്നത്. ജഗദീഷിനെ മാത്രം നായകനാക്കി കലൂര്‍ ഡെന്നിസ് ഇരുപത്തിയഞ്ചോളം ചിത്രങ്ങള്‍ക്ക് രചന നിര്‍വഹിച്ചിട്ടുണ്ട്. ‘മിമിക്സ് പരേഡ്’, ‘തിരുത്തല്‍വാദി’, ‘ഭാര്യ’, ‘സ്ത്രീധനം’ അങ്ങനെ ഒട്ടുമിക്ക ജഗദീഷ്-കലൂര്‍ ഡെന്നിസ് ചിത്രങ്ങളും അന്നത്തെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായിരുന്നു.

മലയാള സിനിമ പ്രേക്ഷകരുടെ മനസ്സില്‍ സത്യന്‍ അന്തിക്കാട് മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്കെന്നും പത്തരമാറ്റ് തിളക്കമാണ്. അത്രത്തോളം മികച്ച സിനിമകളാണ് ഈകൂട്ടുകെട്ടുകള്‍ മലയാളികള്‍ക്ക് സമ്മാനിച്ചത്. സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ ടീമിന്റെ ‘സന്മനസ്സുവര്‍ക്ക് സമാധാനം’ എന്നചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകന്‍’ എന്ന ആക്ഷന്‍ സിനിമയിലും മോഹന്‍ലാല്‍ അഭിനയിച്ചത്. രാജാവിന്റെ മകനാണ് മോഹന്‍ലാലിനെ താരപദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വന്ന ചിത്രം. നടനെന്ന ലേബല്‍വിട്ടു താര പരിവേഷത്തിലേക്ക് മോഹന്‍ലാല്‍ വളര്‍ന്നതോടെ സത്യന്‍ അന്തിക്കാട്‌ എന്ന സംവിധായകനും മോഹന്‍ലാലിന്റെ ഡേറ്റിനു വേണ്ടി കാത്തിരിക്കേണ്ടി വന്നു. ഒടുവില്‍ സത്യന്‍ അന്തിക്കാടും തന്റെ ചിത്രത്തിലേക്ക് മറ്റു നായകന്മാരെ പരീക്ഷിക്കാന്‍ തീരുമാനിച്ചു,അങ്ങനെയാണ് ജയറാം സത്യന്‍ ചിത്രങ്ങളിലേക്ക് കടന്നു വരുന്നത്. ‘മഴവില്‍ക്കാവടി’യായിരുന്നു ജയറാമിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ആദ്യം സംവിധാനം ചെയ്ത ചിത്രം. ചിത്രം സൂപ്പര്‍ ഹിറ്റായതോടെ മലയാളസിനിമയിലെ മുന്‍നിര നായകന്മാരില്‍ ഒരാളായി മാറുകയായിരുന്നു ജയറാം.

shortlink

Related Articles

Post Your Comments


Back to top button