മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഒപ്പം അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ജനപ്രിയ കഥാപാത്രങ്ങളുമായി എന്നും തിളങ്ങി നിന്ന താരമാണ് സുരേഷ് ഗോപി. സിനിമയില്‍ സജീവമല്ലാതിരിക്കുന്ന സുരേഷ് ഗോപി എംപിയായി രാഷ്ട്രീയത്തില്‍ വിലസുകയാണ്. എന്നാല്‍ സിനിമയില്‍ തന്റെ മൂന്നാം വരവിനു കളം ഒരുക്കുകയാണെന്നും സൂചനകള്‍ ഉണ്ട് . ഈ വരവില്‍ ഒരുങ്ങുന്നത് ചില ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങളാണെന്നും റിപ്പോര്‍ട്ട് ഉണ്ട്. അതില്‍ ചര്‍ച്ചയാകുന്നത് ലേലം എന്ന ചിത്രമാണ്.
ആനക്കാട്ടില്‍ ചാക്കോച്ചിയായി സുരേഷ് ഗോപി തകര്‍ത്തഭിനയിച്ച ലേലം ഇന്നും പ്രേക്ഷകപ്രീതിയുള്ള ചിത്രം തന്നെയാണ്. രണ്‍ജി പണിക്കര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മകന് നിഥിന് രണ്‍ജി പണിക്കരാണ്. എന്നാല്‍ ചിത്രത്തില്‍ സുരേഷ്ഗോപി ഉണ്ടാകില്ലെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരണം. ലേലത്തിന്റെ രണ്ടാം ഭാഗത്തില്‍ ആനക്കാട്ടില്‍ ചാക്കോച്ചി എന്ന കഥാപാത്രത്തെ സുരേഷ്ഗോപിക്ക് പകരം മോഹന്‍ലാല്‍ അവതരിപ്പിക്കുമെന്ന ഊഹാപോഹങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. 1997ല്‍ ലേലം എഴുതുമ്പോള്‍ തന്നെ രണ്‍ജി പണിക്കരുടെ മനസില്‍ ചാക്കോച്ചിയായി മോഹന്‍ലാലും സംവിധായകനായി ഷാജി കൈലാസും ആയിരുന്നു. എന്നാല്‍ പിന്നീട് സംഗതികള്‍ മാറിമറിഞ്ഞു. ഷാജി കൈലാസില്‍ നിന്ന് ലേലത്തിന്റെ തിരക്കഥ ജോഷിയിലേക്കെത്തി. രണ്‍ജി പണിക്കര്‍ ജോഷിക്ക് നല്കിയ ആദ്യ തിരക്കഥയായിരുന്നു ലേലം.
നായകനായി മോഹന്‍ലാലിന്റെ സ്ഥാനത്ത് സുരേഷ്ഗോപിയും വന്നു. പടം പിന്നീട് വമ്പന്‍ ഹിറ്റായി മാറുകയും ചെയ്തു. ആനക്കാട്ടില്‍ ചാക്കോച്ചിയായി സുരേഷ്ഗോപി കസറി. ലേലം 2ല്‍ ചാക്കോച്ചിയായി മോഹന്‍ലാലിനെ പരിഗണിക്കാമെന്ന് അണിയറയില്‍ ആലോചന നടക്കുന്നതായാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഔദ്യോഗികമായി ഇക്കാര്യത്തില്‍ ഒരു തീരുമാനവും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് അറിയുന്നത്.’കസബ’യ്ക്ക് ശേഷം നിഥിന് രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ലേലം 2.
Post Your Comments