മഞ്ജുവാര്യര്‍ മലയാളത്തിന്റെ പ്രിയ കഥാകാരി മാധവികുട്ടിയായി എത്തുന്ന ചിത്രമാണ് ആമി. കമല്‍ ഒരുക്കിയ ഈ ചിത്രം മികച്ച പ്രേക്ഷക പ്രീതി നേടുകയാണ്. അതിനൊപ്പം വിമര്‍ശനവും വരുന്നുണ്ട്. ഈ അവസരത്തില്‍ തനിക്ക് പരിചിതയായിരുന്ന മാധവിക്കുട്ടിയെപറ്റി ബാലചന്ദ്രമേനോന്‍ പങ്കുവയ്ക്കുന്നു
ബാലചന്ദ്ര മേനോന്റെ കുറിപ്പ്
ഞാൻ കമലിന്റെ ആമി എന്ന സിനിമ കണ്ടു ….
ഒരു സിനിമയും ഞാൻ മുൻ വിധിയോടെ കാണാറില്ല . വിമർശിക്കാനായും കാണാറില്ല . നാൽപ്പതു വർഷത്തെ . ‘മൂപ്പും’ . ഭരതും പദ്‌മശ്രീയുമൊക്കെ മാറ്റിവെച്ചു പണ്ട് പണ്ട് പ്രൈമറി സ്കൂളിൽ പഠിച്ചിരുന്നപ്പോൾ കുറുമശ്ശേരി ജോസ് തീയേറ്ററിൽ ചാരു ബെഞ്ചിലിരുന്ന് പിറകിലോട്ടു തിരിഞ്ഞിരുന്നു അവിടുന്ന് വരുന്ന പ്രകാശ ബിംബത്തിനായി കാത്തിരുന്ന ചെക്കനായി മാറും . കൊള്ളേണ്ടത് കൊള്ളും …തള്ളേണ്ടത് തളളും …
കമലിന്റെ ആമി എനിക്ക് മാധവിക്കുട്ടി എന്ന വനിത ആയിരുന്നു.
അവർ ശാസ്തമംഗലത്ത് താമസിച്ചിരുന്ന കാലത്തു ഞാൻ ഒരു ദിവസം ആ വീട്ടിൽ ചെന്നു . .ഒന്ന് കാണാനും പരിചയപ്പെടാനും.. കതകു തുറന്നു തന്നു എന്നെ അകത്തേയ്ക്കു ആനയിച്ച ആൾ കമലാദാസിന്റെ ‘ദാസേട്ടനാ ‘ണെന്നു പിന്നീട് മനസ്സിലായി. ആദ്യ പരിചയത്തിൽ തന്നെ ഞങ്ങൾ സൗഹൃദത്തിലായി .മറ്റൊരു ദിവസം രാവിലെ എനിക്കൊരു ഫോൺ വരുന്നു
‘ഹാലോ?”
?
ഞാൻ മാധവിക്കുട്ടിയാ ..”
?
“എന്ത് ചെയ്യുന്നു ?’
“കുളിക്കാനുള്ള ഒരു തീരുമാനമെടുക്കാനുള്ള താമസമാണ് ..”
” എന്നാൽ ഒട്ടും താമസിക്കണ്ട …പെട്ടന്ന് കുളിച്ചിട്ടു ഇങ്ങട് ഓടി വരൂ ട്ടോ “
എന്റെ മീശ പെട്ടന്ന് നഷ്ട്ടമായോ എന്ന് തോന്നി . ഫോണിൽ കേട്ട ശബ്ദമാകട്ടെ ആരെയും നിരായുധരാക്കുന്ന നൈർമ്മല്യം തുളുമ്പുന്നതും …
തന്റെ മുഖത്തിന്റെ കാന്തിയും ശബ്ദത്തിലെ ആർദ്രതയും അവർ സ്വയം മനസ്സിലാക്കിയിരുന്നു എന്ന് ഞാൻ കരുതുന്നു .ക്യാമറക്കു മുന്നിൽ നിൽക്കുമ്പോൾ കൗതുകമുണർത്തുന്ന നാലപ്പാട്ടെ ഒരു പാവാടക്കാരിയായ അവർ മാറും. തന്റെ വേഷ വിധാനങ്ങൾ , ശരീര ഭാഷ ,നോട്ടം , ചിരി എല്ലാറ്റിലും ഒരു കിശോരഭാവം ഞാൻ കണ്ടിരുന്നു .നിശ്ശബ്ദമായ ഒരു ആജ്ഞാശക്തി അവരുടെ നോട്ടത്തിനും ……ഞാൻ കണ്ടിട്ടുള്ള ഏറ്റവും സൗന്ദര്യമുള്ള വനിതകളുടെ കൂട്ടത്തിൽ ഇന്ദിരാഗാന്ധിക്കും ശ്രീവിദ്യക്കുമൊപ്പം മാധവിക്കുട്ടിയുമുണ്ടായിരുന്നു !
ഞാൻ രചിച്ച ആദ്യ പുസ്തകം ‘ അമ്മയാണെ സത്യം’ പ്രകാശനം ചെയ്തത് മാധവിക്കുട്ടിയും സ്വീകർത്താവ് ആറന്മുള പൊന്നമ്മയും ആയിരുന്നു . 1993 ൽ തിരുവനന്തപുരത്ത് കോ ബാങ്ക് ടവേർസിൽ നടന്ന ആ വേദിയിലെ മാധവിക്കുട്ടിയുടെ വാക്കുകൾ ഞാൻ ഒന്ന് ഓർത്തോട്ടെ ….
” ഈ ബാലചന്ദ്ര മേനോൻ എന്നെ അല്ലാതെ കുഴപ്പിക്കുന്നു. ഞാനിപ്പോൾ ഒരു നോവൽ എഴുതുകയായിരുന്നു. അതിലെ നായകൻ മരണക്കിണറ്റിൽ ബൈക്ക് ഓടിക്കുന്ന ഒരു ചെറുപ്പക്കാരനാണ് .അതുകൊണ്ടുതന്നെ ഞാൻ അയാൾക്ക് ഒരു തലേല്ക്കെട്ടു കൊടുത്തു . അതിന്റെ രേഖ ചിത്രവുമായി ആര്ടിസ്റ് എന്നെ വന്നു കണ്ടപ്പോൾ ആ ചിത്രം ബാലചന്ദ്ര മേനോൻ ആണെന്ന് എനിക്ക് തോന്നി . ആ നിമിഷം ആ നോവൽ ഞാൻ വേണ്ടെന്നു വെച്ചു . കാരണം, ആ കഥയിൽ ഒടുവിൽ അയാൾ മരണക്കിണറിലെ അഭ്യാസത്തിനിടയിൽ മരിക്കുകയാണ് . എന്റെ ബാലചന്ദ്ര മേനോൻ അങ്ങിനെ പോലും ഉടൻ മരിക്കുന്നതു എനിക്കിഷ്ടമല്ല …’
എനിക്ക് തോന്നുന്നു , എന്റെ ഒരു തലമുറയിൽ പെട്ട ചെറുപ്പക്കാരെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് ഗാനഗന്ധർവൻ യേശുദാസ് ആണ് . യേശുദാസ് ജീവിച്ചിരുന്ന കാലഘട്ടത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്ന ഒരു തലമുറയെ ആണ് അദ്ദെഹം സൃഷ്ട്ടിച്ചത് . അവർ വെള്ള വസ്ത്രം മാത്രം ധരിച്ചു…വെള്ള പാദുകങ്ങൾ അണിഞ്ഞു …. മൂളലിലും ഞെരുക്കത്തിലും അവർക്കു ദാസേട്ടന്റെ ശബ്ദം വരും ( അങ്ങനെയുള്ളവരുടെ യഥാർത്ഥ ശബ്ദം കേൾക്കണമെങ്കിൽ അവരെ പെട്ടന്നെങ്ങാനും പട്ടി കടിക്കുമ്പോൾ നാം അടുത്തുണ്ടാവണം എന്ന് ദേവരാജൻ മാസ്റ്റർ പണ്ട് പറഞ്ഞത് ഞാൻ ഓർത്ത് പോകുന്നു .)
ഒരു പക്ഷെ .അതേ സ്വാധീനം കേരളത്തിലെ സ്ത്രീ ഹൃദയങ്ങളിൽ ചെലുത്തിയ ഒരേ ഒരു വനിത മാധവിക്കുട്ടിയാണെന്നുള്ള പുതിയ അറിവാണ് ഞാൻ കമലിന്റെ ചിത്രത്തിൽ നിന്നും മനസ്സിലാക്കുന്നത് . MY STORY എന്ന ന്യൂജെൻ രചനയിലൂടെ തന്റേതായ ഇതിഹാസം കുറിച്ച മാധവിക്കുട്ടി അസ്വസ്ഥമായ സ്ത്രീ ഹൃദയങ്ങളുടെ പ്രതിനിധിയായി.. ചിത്രത്തിൽ കമൽ പറയുന്നതുപോലെ ‘പരിത്യജിക്കപ്പെട്ട രാധാമാരായി ‘ താന്താങ്ങളുടെ ”കണ്ണന്മാരെ ‘ തേടി വേട്ട ആരംഭിച്ചു . മാധവിക്കുട്ടിയുടെ ജീവിതാനുഭവങ്ങൾ തന്റെ ജീവിതത്തിലും സംഭവിച്ചു എന്ന് വിശ്വസിക്കാനും അത് പറഞ്ഞു പ്രചരിപ്പിക്കുന്നതിൽ പച്ചക്കള്ളങ്ങൾ പറയുകയും ചെയ്യുന്ന, അതിൽ അഭിരമിക്കുന്ന മാനസികനിലയെ അവലംബിക്കുന്ന ഒരു വിഭാഗം പൊതുസമൂഹത്തിൽ അസംതൃപ്തിയുടെയും അശാന്തിയുടെയും വിത്തുകൾ വാരിവിതറുന്നു . ഒരുപക്ഷെ മാധവിക്കുട്ടി പോലും നിനച്ചിരിക്കാത്ത ഒരു പ്രതിഭാസമാണിത്
(ലക്ഷ്മിപ്രിയ എന്ന നടി അവതരിപ്പിച്ച കഥാപാത്രം നമുക്കിടയിൽ വളരെ പരിചിതമായ ഒരു മുഖമായി തോന്നാം ). .കുരുടന്മാർ ആനയെ കണ്ടതുപോലെ മാനസിക വിഭ്രാന്തിയെ പ്രണയമെന്നു തെറ്റിദ്ധരിച്ചു ‘കണ്ണന്മാരെ’ സൃഷ്ട്ടിച്ചു മനോവ്യഥയുണ്ടാക്കുന്നവർക്കും അതിന്റെ ഫലമായി ആവശ്യമില്ലാതെ നിഷേധ വികാരങ്ങൾക്ക് അടിമപ്പെടുന്നവർക്കുമുള്ള ഒരു താക്കീതാണോ ചിത്രത്തിൻറെ അന്ത്യത്തിൽ “എനിക്കെവിടെയോ തെറ്റ് പറ്റി ” എന്ന് മാധവിക്കുട്ടിയെ കൊണ്ട് കമൽ കുറ്റ സമ്മതം നടത്തിയത് എന്ന് ഞാൻ സംശയിക്കുന്നു …
ഈ തലമുറയിൽപ്പെട്ട ‘രാധ’ മാർക്കു നിങ്ങൾ നൽകിയ സന്ദേശത്തിനു, കമൽ, ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു ….
that’s ALL yoor honour !
Post Your Comments