ജൈവ കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് പലപ്രാവശ്യം പറഞ്ഞിട്ടുള്ള നടന്‍ ശ്രീനിവാസന്‍ വീണ്ടും വിഷം കലര്‍ന്ന ഭക്ഷണങ്ങളെക്കുറിച്ചു വിമര്‍ശനവുമായി രംഗത്ത്. പണമുണ്ടാക്കാനായി ആളുകള്‍ ഭക്ഷണത്തില്‍ പോലും വിഷം ചേര്‍ക്കുകയാണെന്നും ഇതിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഭക്ഷണം കഴിക്കാന്‍ പോലും പേടിയായെന്നും പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ശ്രീനിവാസന്‍ പറഞ്ഞു. കുറച്ചുകാലമായി കൃഷി ചെയ്യുന്നതിനുള്ള കാരണം ഇതാണെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി.
”അഞ്ചാറ് മാസം കൊണ്ട് പൂര്‍ണ്ണ വളര്‍ച്ചയെത്തുന്ന കോഴികളെ ഒരു മാസം കൊണ്ട് മൂന്ന് കിലോ തൂക്കം എത്തിക്കുന്നത് മന്ത് രോഗത്തിനുള്ള മരുന്ന് ഉപയോഗിച്ചാണ്. ഈ മരുന്ന കുഞ്ഞിക്കോഴിയുടെ കണ്ണില്‍ ഒഴിക്കും. ഇത് കോഴിയുടെ ഹൃദയം തകരാറിലാക്കുകയും പിന്നെ കഴിക്കുന്ന ഭക്ഷണം മുഴുവന്‍ ദേഹത്ത് നീരായി പ്രത്യക്ഷപ്പെടും. ഇതിന് പുറമേ ഹോര്‍മോണുകളും ആന്റിബയോട്ടിക്കുകളും നല്‍കും” ശ്രീനിവാസന്‍ പറയുന്നു. ‘തവിടില്ലാത്ത അരി കഴിക്കാന്‍ പാടില്ല. പക്ഷെ, അലക്കി ഇസ്തിരിയിട്ട അരിയാണ് എല്ലാവരും കഴിക്കുന്നത്. വെളുപ്പിച്ച അരി കഴിക്കാന്‍ തുടങ്ങിയപ്പോഴാണ് കുഷ്ഠരോഗം ഉണ്ടായതെന്നാണ് പറയുന്നത്. തവിടു കളയാത്ത അരിയില്‍ ധാരാളം ഫൈബര്‍ ഉണ്ട്. തവിടെണ്ണയും വളരെ നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാനസികരോഗം കൊണ്ടൊന്നുമല്ല താന്‍ ഇത് പറയുന്നതെന്നും എന്തിനാണ് പണം കൊടുത്ത് വിഷം വാങ്ങി കഴിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
Post Your Comments